Sports

ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധശതകവും; പൂജ്യത്തോടെ തുടങ്ങിയ രോഹിത് ശര്‍മ്മ ഇപ്പോള്‍ ഇന്ത്യയുടെ നെടുന്തൂണ്‍

ലോകകപ്പോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത്ശര്‍മ്മയുടെ കാലം ഏറെക്കുറെ കഴിയുമെന്ന് വിശ്വസിക്കുന്ന ഏറെപ്പേരുണ്ട്. അദ്ദേഹം കരിയറിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്നും താരത്തിന് ക്രിക്കറ്റില്‍ നിന്നു വിരമിക്കാന്‍ സമയമായെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ഓസ്‌ട്രേലിയയ്ക്ക് എതിരേയുള്ള ആദ്യ മത്സരത്തില്‍ ഡക്ക് കൂടി ആയതോടെ അത് വിമര്‍ശകര്‍ ഉറപ്പിക്കുകയും ചെയ്തു.

എന്നാല്‍ ഇന്ത്യന്‍ നായകന്റെ ഫോം കാണാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. പിന്നീട് വന്ന അഞ്ചു മത്സരങ്ങളില്‍ ഒരു സെഞ്ച്വറിയും രണ്ട് അര്‍ദ്ധസെഞ്ച്വറിയും രണ്ടു 40 കളും അടക്കം ടീമിന്റെ ബാറ്റിംഗില്‍ നെടുന്തൂണായാണ് രോഹിത് മാറിയത്. ആദ്യ മത്സരത്തില്‍ രോഹിത് പൂജ്യനായി മടങ്ങിയപ്പോള്‍ വിരാട് കോഹ്ലി ബാറ്റിംഗ് ഏറ്റെടുത്തത് പോലെ ഇംഗ്ണ്ടിനെതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ കോഹ്ലി പൂജ്യനായി മടങ്ങിയപ്പോള്‍ ഇന്നിംഗ്‌സ് തോളിലേറ്റിയത് രോഹിത്ശര്‍മ്മയായിരുന്നു.

ഇംഗ്‌ളണ്ടിനെതിരേ വന്‍ തകര്‍ച്ച വരാതെ തകര്‍പ്പന്‍ ബാറ്റിംഗ് പുറത്തെടുത്ത അദ്ദേഹം 101 പന്തുകളില്‍ 10 ബൗണ്ടറിയും മൂന്ന് സിക്സും സഹിതം 87 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. ഇതോടെ ഇന്ത്യ കളിച്ച കളിയെല്ലാം ജയിച്ച് പോയിന്റു പട്ടികയില്‍ ഒന്നാമത് എത്തുകയും ചെയ്തു. തന്റെ മികച്ച ഇന്നിംഗ്‌സിനിടെ, നിലവിലെ കലണ്ടര്‍ വര്‍ഷത്തില്‍ ഏകദിനത്തില്‍ 1,000 റണ്‍സ് പിന്നിട്ട രോഹിത്, ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 4,000 റണ്‍സും തികച്ചു.

ഓപ്പണിംഗ് ഗെയിമിലെ പരാജയം ഒഴിച്ചാല്‍ രോഹിത് മികച്ച ഫോമിലാണ്, ഈ ലോകകപ്പില്‍ ഇന്ത്യ കഴിഞ്ഞ അഞ്ച് മത്സരങ്ങള്‍ ജയിച്ചതിന് അദ്ദേഹം നല്‍കിയ മികച്ച തുടക്കത്തോട് ഇന്ത്യ ഏറെ കടപ്പെട്ടിരിക്കുന്നു. അതേസമയം രണ്ടു തവണ താരത്തിന് സെഞ്ച്വറി നഷ്ടവും സംഭവിച്ചു. പാകിസ്ഥാനെതിരെ അഹമ്മദാബാദില്‍ 86 റണ്‍സ് സംഭാവന ചെയ്ത അദ്ദേഹം ഞായറാഴ്ചയും സെഞ്ച്വറിക്ക് അരികില്‍ എത്തിയിരുന്നു.