ഗുഡ്ഗാവിലെ നവദമ്പതികൾ തങ്ങളുടെ മാസചെലവുകളുടെ കൃത്യമായ വിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മാർച്ചിലെ തങ്ങളുടെ ചെലവ് 1.59 ലക്ഷം രൂപയാണെന്നും, ഇതേ സമയത്തുതന്നെ 2.2 ലക്ഷം രൂപ നിക്ഷേപിക്കാൻ (Invest) കഴിഞ്ഞതായും ഇവർ വ്യക്തമാക്കുന്നു. നഗരങ്ങളിലെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളെക്കുറിച്ചും, മാറുന്ന ശമ്പളരീതികളെക്കുറിച്ചും കൃത്യമായ ധാരണ നൽകാനാണ് ഈ വിവരങ്ങൾ പങ്കുവെച്ചതെന്ന് കണ്ടെന്റ് ക്രിയേറ്ററും മസിൽബ്ലേസ് (MuscleBlaze) ബ്രാൻഡ് മാനേജറുമായ ഗഗൻ സൈനി പറഞ്ഞു.
വീട്ടുവാടകയും കറന്റ് ബില്ലുമാണ് ഇവരുടെ ചെലവുകളിൽ ഏറ്റവും മുന്നിൽ. ഒരു ഗേറ്റഡ് സൊസൈറ്റിയിലെ ഫ്ലാറ്റ് വാടകയിനത്തിലും വൈദ്യുതി ബില്ലിനത്തിലുമായി മാത്രം 50,800 രൂപ ഇവർക്ക് ചെലവായി. മാർച്ചിൽ സൈനിയുടെ അളിയൻ ഏതാനും ദിവസങ്ങൾ ഒപ്പം താമസിച്ചിരുന്നതിനാൽ മൂന്ന് പേർക്കായുള്ള പലചരക്ക് സാധനങ്ങളുടെ ബിൽ 27,702 രൂപയായി ഉയർന്നു.
ഗഗൻ സൈനിയുടെ കണ്ടെന്റ് ക്രിയേഷൻ ജോലികളുമായി ബന്ധപ്പെട്ടുള്ള ചെലവുകളാണ് മറ്റൊന്ന്. ലാപ്‌ടോപ്പിന്റെ ഇഎംഐ (EMI), വീഡിയോ എഡിറ്റർക്കും മാനേജർക്കുമുള്ള ശമ്പളം എന്നിവയ്ക്കായി ഈ മാസം 38,000 രൂപയിലധികം ചെലവഴിക്കേണ്ടി വന്നു. ഇതുകൂടാതെ ഇന്റർനെറ്റ്, മൊബൈൽ റീചാർജ്, ക്ലൗഡ് സ്റ്റോറേജ്, മറ്റ് സബ്‌സ്‌ക്രിപ്ഷനുകൾ എന്നിവയ്ക്കുള്ള സ്ഥിരമായ ചെലവുകളുമുണ്ടായിരുന്നു.
അത്യാവശ്യ ചെലവുകൾക്ക് പുറമെ, മാർച്ച് മാസത്തിൽ ചില ഒറ്റത്തവണ ചെലവുകളും ഇവർക്കുണ്ടായി. ഋഷികേശിലേക്ക് നടത്തിയ രണ്ടു ദിവസത്തെ യാത്രയ്ക്ക് 22,000 രൂപയും, ഫർണിച്ചർ വാടക, എയർ കണ്ടീഷണർ കേടുപാടുകൾ തീർക്കൽ എന്നിവയ്ക്കായി 5,000 രൂപയും ചെലവായി. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കലും മറ്റ് ജീവിതശൈലി ചെലവുകളും ഇതിന് പുറമെയാണ്. കൂടാതെ, വിവാഹം കഴിഞ്ഞയുടനെയുള്ള സമയമായതിനാൽ ഫോട്ടോഗ്രാഫർക്കുള്ള ബാക്കി തുക, സമ്മാനങ്ങൾ എന്നിവയ്ക്കായി 28,500 രൂപയും ഇവർക്ക് നൽകേണ്ടി വന്നു.
സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആളുകളിൽ കൃത്യമായ അവബോധം ഉണ്ടാക്കാനും ബജറ്റ് തയ്യാറാക്കാൻ പ്രോത്സാഹിപ്പിക്കാനുമാണ് താൻ ഇത് പങ്കുവെച്ചതെന്ന് സൈനി പറയുന്നു. ചെലവുകൾ കൃത്യമായി രേഖപ്പെടുത്തുന്നത് വഴി അനാവശ്യമായ ഓൺലൈൻ ഷോപ്പിംഗും ഭക്ഷണ വിതരണവും വലിയൊരു പരിധി വരെ കുറയ്ക്കാൻ കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. മറ്റുള്ളവർ എങ്ങനെ പണം കൈകാര്യം ചെയ്യുന്നു എന്ന് മനസ്സിലാക്കുന്നത് സാമ്പത്തിക കാര്യങ്ങളിൽ മികച്ച തീരുമാനങ്ങളെടുക്കാൻ തന്നെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻസ്റ്റാഗ്രാമിലും റെഡ്ഡിറ്റിലും (Reddit) പങ്കുവെച്ച ഈ പോസ്റ്റ് വളരെ വേഗത്തിലാണ് വൈറലായത്. ഇവരുടെ ചെലവ് അമിതമാണോ അതോ ഗുഡ്ഗാവ് പോലുള്ള ഒരു നഗരത്തിലെ സ്വാഭാവികമായ ജീവിതച്ചെലവാണോ എന്നതിനെക്കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്. ഡൽഹി പോലെയുള്ള വലിയ നഗരങ്ങളിൽ ഇരട്ട വരുമാനമുള്ള ദമ്പതികൾക്ക് ഉയർന്ന വാടകയും ജീവിതച്ചെലവും കാരണം പ്രതിമാസം 80,000 രൂപ മുതൽ 1.5 ലക്ഷം രൂപ വരെ ചെലവ് വരുന്നത് ഇപ്പോൾ സാധാരണമാണെന്ന് പലരും അഭിപ്രായപ്പെടുന്നു.
എന്നിരുന്നാലും, ഇവരുടെ വലിയ ചെലവുകളേക്കാൾ ആളുകളെ ആകർഷിച്ചത് അവരുടെ മികച്ച സാമ്പത്തിക അച്ചടക്കമാണ്. പ്രതിമാസം 3.8 ലക്ഷം രൂപയിലധികം വരുമാനമുള്ള ഈ ദമ്പതികൾ, തങ്ങളുടെ വരുമാനത്തിന്റെ പകുതിയിലധികവും (2.2 ലക്ഷം രൂപ) ഭാവിക്കായി നിക്ഷേപിക്കാൻ മാറ്റിവെക്കുന്നു എന്നത് വലിയ പ്രശംസ പിടിച്ചുപറ്റി.




