Featured Sports

ബൗളർമാരുടെ പേടിസ്വപ്നമായ വൈഭവിന്റെ ‘3-ാം നമ്പർ’ ജേഴ്സിക്ക് വൻ ഡിമാൻഡ്; സഞ്ജുവിന് പോലുമില്ലാത്ത നേട്ടം !

ജയ്പുർ: ഓരോ കളിയിലും പുതിയ റെക്കോഡുകൾ കുറിച്ച് മുന്നേറുകയാണ് രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരനായ യുവതാരം വൈഭവ് സൂര്യവംശി. കഴിഞ്ഞ ദിവസം നടന്ന ഐപിഎൽ എലിമിനേറ്റർ പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഒരു പുതിയ ചരിത്രം കൂടി താരം കുറിച്ചു. ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന കളിക്കാരനെന്ന റെക്കോഡാണ് വൈഭവ് സ്വന്തമാക്കിയത്. 2012-ൽ വെസ്റ്റിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്ൽ കുറിച്ച 59 സിക്‌സറുകളുടെ റെക്കോഡാണ് ഈ യുവതാരം തിരുത്തിയത്. ഈ സീസണിൽ ഇതുവരെ 65 സിക്സറുകളാണ് വൈഭവിന്റെ ബാറ്റിൽ നിന്ന് പിറന്നത്.

തന്റെ വെടിക്കെട്ട് ബാറ്റിങ് ശൈലിയിലൂടെ വളരെ പെട്ടെന്നാണ് വൈഭവ് ക്രിക്കറ്റ് പ്രേമികളുടെ മനസ്സ് കീഴടക്കിയത്. നിലവിൽ എം.എസ്. ധോനി, വിരാട് കോലി എന്നിവർക്കുള്ളതുപോലെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ ഈ കൊച്ചുതാരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതോടെ വിപണിയിൽ വൈഭവിന്റെ ജേഴ്‌സിക്കും വമ്പൻ ഡിമാൻഡാണ് അനുഭവപ്പെടുന്നത്. ആരാധകർക്കിടയിൽ താരത്തിന്റെ ’03’ എന്ന ജേഴ്‌സി നമ്പറിനാണ് ഇപ്പോൾ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്.

ധോനി (7), കോലി (18), രോഹിത് ശർമ (45) തുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ ജേഴ്‌സികൾ വിറ്റഴിയുന്ന അത്രയും വേഗത്തിൽ തന്നെയാണ് വൈഭവിന്റെ ജേഴ്‌സിയും വിറ്റുുപോകുന്നതെന്ന് രാജസ്ഥാൻ റോയൽസ് അധികൃതർ വ്യക്തമാക്കുന്നു. ഫ്രാഞ്ചൈസിയുടെ ചരിത്രത്തിൽ ഇതിനുമുമ്പ് മറ്റൊരു കളിക്കാരന്റെ ജേഴ്‌സിക്കും ഇത്രയേറെ ജനപ്രീതി ലഭിച്ചിട്ടില്ലെന്നും അവർ പറയുന്നു.

ഈ സീസണിലെ 15 മത്സരങ്ങളിൽ നിന്നായി 680 റൺസ് അടിച്ചുകൂട്ടി ഓറഞ്ച് ക്യാപ്പും നിലവിൽ വൈഭവിന്റെ പക്കലുണ്ട്. 242.85 എന്ന തകർപ്പൻ സ്‌ട്രൈക്ക് റേറ്റും 45.33 എന്ന മികച്ച ശരാശരിയും കാത്തുസൂക്ഷിക്കുന്ന താരം, തന്റെ ആകെ റൺസിന്റെ 88.9 ശതമാനവും അടിച്ചെടുത്തത് ഫോറുകളിലൂടെയും സിക്‌സറുകളിലൂടെയുമാണ്.