Oddly News

പാർട്ട് ടൈം പണി നായകളെ നടത്താൻ കൊണ്ടുപോകല്‍; മാസം നേടുന്നത് 5.72 ലക്ഷം, യുവാവിന്റെ സൂപ്പർ ബിസിനസ്സ്!

ന്യൂയോർക്ക് സിറ്റിയിലെ ഒരു ടെക്കിയായ കോബി ഗുഡ്ഹാർട്ട് വളർത്തുമൃഗങ്ങളോടുള്ള തന്റെ സ്നേഹത്തെ മികച്ച വരുമാനം നൽകുന്ന ഒരു ലക്ഷ്വറി സൈഡ് ബിസിനസ്സാക്കി മാറ്റിയിരിക്കുകയാണ്. നായകളെ നടത്താന്‍ കൊണ്ടുപോകുക എന്നതാണ് ഈ ജോലി.

2025-ലാണ് ഗുഡ്ഹാർട്ട് ‘ഗുഡ്ഹാർട്ട് ഡോഗ് കോ’ എന്ന സ്ഥാപനം ഇയാള്‍ ആരംഭിക്കുന്നത്. തന്റെ ഫുൾടൈം എഞ്ചിനീയറിംഗ് ജോലിക്കൊപ്പം തന്നെ പ്രീമിയം പെറ്റ് കെയർ സേവനങ്ങൾ നൽകി ഗുഡ്ഹാർട്ട് ഇപ്പോൾ പ്രതിമാസം 6,000 ഡോളറിലധികം (ഏകദേശം 5.72 ലക്ഷം രൂപ) വരുമാനം നേടുന്നുണ്ട്. നായ വളർത്തൽ-പരിപാലന സേവനത്തിന്റെ സമയക്രമം തന്റെ പ്രധാന ജോലിക്ക് തടസ്സമാകാത്ത രീതിയിലാണ് അയാൾ ക്രമീകരിച്ചിരിക്കുന്നത്.

രാവിലെയുള്ള സമയങ്ങളിലും, ലഞ്ച് ബ്രേക്കുകളിലും, വൈകുന്നേരങ്ങളിലും, വാരാന്ത്യങ്ങളിലുമാണ് (വീക്കെൻഡ്) നായ്ക്കളെ നടത്താൻ കൊണ്ടുപോകുന്നതെന്നും ഗുഡ്ഹാർട്ട് പറയുന്നു. താൻ ഓഫീസിലായിരിക്കുന്ന സമയങ്ങളിൽ നായ്ക്കളെ നോക്കുന്നതിനായി ട്രെയിനിംഗ് നൽകിയ ഒരു ജീവനക്കാരിയെക്കൂടി അയാൾ കൂടെ കൂട്ടിയിട്ടുണ്ട്. ഭാവിയിൽ ഈ ബിസിനസ്സ് പൂർണ്ണമായ ഒരു ഫുൾടൈം കരിയറായി മാറ്റുകയാണ് ഗുഡ്ഹാർട്ടിന്റെ ലക്ഷ്യം.

രാവിലെ ജോലിക്ക് കയറുന്നതിന് മുൻപ് നായ്ക്കളെ നടത്താൻ കൊണ്ടുപോകുന്നതിലൂടെയാണ് ഇയാളുടെ ദിവസം ആരംഭിക്കുന്നത്. ലഞ്ച് ബ്രേക്കിലും ഈ തിരക്ക് തുടരും. രണ്ടുപേരും ചേർന്ന് ദിവസവും 10 മുതൽ 20 വരെ നായ്ക്കളെയാണ് പരിചരിക്കുന്നത്. വാരാന്ത്യങ്ങളിൽ നായ്ക്കളെ നടത്തുന്നത് കൂടാതെ പരിശീലന പരിപാടികളും ക്ലയന്റുകളുമായുള്ള കൂടിക്കാഴ്ചകളും ഉണ്ടാകും. ഇത് കഠിനമാണെങ്കിലും താൻ ഇത് ശരിക്കും ആസ്വദിക്കുന്നുണ്ടെന്ന് ഗുഡ്ഹാർട്ട് വ്യക്തമാക്കുന്നു.

തന്റെ ബിസിനസ്സ് വളർന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, സോഷ്യൽ മീഡിയക്ക് പുറമേ ആളുകൾ പരസ്പരം പറഞ്ഞു കേട്ടാണ് കൂടുതൽ ക്ലയന്റുകൾ എത്തിയതെന്ന് അയാൾ വിശദീകരിച്ചു. ഒരു ചെറിയ പ്രദേശത്ത് നമ്മൾ മികച്ച സേവനം നൽകുമ്പോൾ ആളുകൾ അതിനെക്കുറിച്ച് സംസാരിക്കുമെന്നും, കൂടാതെ നായ്ക്കളുമായി നടക്കാൻ പോകുമ്പോൾ കെട്ടിടങ്ങളിലെ സെക്യൂരിറ്റി ജീവനക്കാർക്കും മറ്റും താൻ ബിസിനസ് കാർഡുകൾ നൽകാറുണ്ടെന്നും അയാൾ പറഞ്ഞു. അവർക്ക് ആ കെട്ടിടത്തിലെ എല്ലാവരെയും അറിയാവുന്നത് കൊണ്ട് വലിയ രീതിയിൽ കണക്ഷനുകൾ ലഭിക്കാൻ അത് സഹായിക്കും. എല്ലാവരെയും തൃപ്തിപ്പെടുത്താൻ നോക്കാതെ ഒരു ‘ലക്ഷ്വറി സർവീസ്’ ആയി ഇതിനെ നിലനിർത്തുന്നതും ഗുണം ചെയ്തുവെന്ന് ഗുഡ്ഹാർട്ട് കൂട്ടിച്ചേർത്തു.

ന്യൂയോർക്കിലെ ആളുകൾ എപ്പോഴും കടുത്ത തിരക്കിലും സമ്മർദ്ദത്തിലുമാണ് ജീവിക്കുന്നത്. അതിനാൽ തങ്ങളുടെ വളർത്തുനായ്ക്കളെ നന്നായി പരിപാലിക്കാൻ അവർക്ക് ഒരാളെ ആവശ്യമുണ്ട്. ഓരോ നായയുടെയും വലുപ്പം, പെരുമാറ്റം, സ്ഥലം, സമയക്രമം എന്നിവ അനുസരിച്ച് ഈ സേവനത്തിനുള്ള തുകയിൽ വ്യത്യാസമുണ്ടാകും. ഇതൊരു പ്രീമിയം സർവീസ് ആയതിനാൽ അതിനനുസരിച്ചുള്ള തുകയാണ് ഈടാക്കുന്നത്. എന്നാൽ അതിനൊത്ത മികച്ച അനുഭവം ഓരോ ക്ലയന്റിനും ഉറപ്പാക്കുന്നുണ്ടെന്നും ഗുഡ്ഹാർട്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *