Crime

ഹിജാബ് ധരിച്ചില്ല; ഇറാനില്‍ ഇസ്‌ളാമിക പോലീസുമായി ഏറ്റുമുട്ടിയ 16 കാരി ഗര്‍വാന്‍ഡ് മരണത്തിന് കീഴടങ്ങി

ടെഹ്‌റാന്‍: ഇറാനിലെ മെട്രോയില്‍ സദാചാര പോലീസുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്ന് മസ്തിഷ്‌ക്കമരണം സംഭവിച്ച 16 കാരി അര്‍മിത ഗര്‍വാന്‍ഡ് മരണത്തിന് കീഴടങ്ങി. ഇറാനി ഇസ്‌ളാമിക വസ്ത്രധാരണയുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ആദ്യം നടന്ന ഈ സംഭവത്തില്‍ ഗര്‍വാന്‍ഡിനെ 28 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മിഡില്‍ ഈസ്റ്റ് ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

പടിഞ്ഞാറന്‍ കെര്‍മന്‍ഷാ പ്രവിശ്യയില്‍ നിന്നുള്ള ഗരാവാര്‍ഡിനെ ഇറാന്റെ കര്‍ശനമായ ഡ്രസ് കോഡ് ലംഘിച്ചതിനാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമുട്ടലില്‍ ഗര്‍വാന്‍ഡിന് ഗുരുതരമായി പരിക്കേറ്റതായിട്ടാണ് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. എന്നാല്‍ ഇറാനിലെ മാധ്യമങ്ങള്‍ ഇത് നിഷേധിക്കുകയും അവര്‍ ബോധരഹിരതയായി വീഴുകയായിരുന്നു എന്നുമാണ് അവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഗാര്‍വാന്‍ഡിന്റെ ആശുപത്രി മുറിക്ക് ചുറ്റും ഇറാന്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കുടുംബാംഗങ്ങളുടെ സന്ദര്‍ശനങ്ങള്‍ക്ക് പോലും നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

കുര്‍ദിഷ് ഇറാനിയന്‍ യുവതി മഹ്‌സ അമിനിയുടെ മരണത്തിന്റെ വാര്‍ഷികത്തിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് ഗര്‍വാന്‍ഡിന്റെയും സംഭവം ഉണ്ടായത്. ഇത് വ്യാപകമായ പ്രതിഷേധത്തിനും ഭരണകൂട അടിച്ചമര്‍ത്തലിനും കാരണമായി മാറിയിരുന്നു.ഇറാനിലെ ശിരോവസ്ത്ര നിയമങ്ങള്‍ക്കെതിരെ പൊതുജനങ്ങളുടെ പ്രതിഷേധം നടക്കുമ്പോഴും അടുത്തിടെ അശ്ലീല വസ്ത്രധാരണത്തിന് കര്‍ശനമായ പിഴ ചുമത്തുന്ന നിയമം സര്‍ക്കാര്‍ അടുത്തിടെ പാസാക്കിയിരുന്നു. സര്‍ക്കാരിന്റെ മുന്‍ അടിച്ചമര്‍ത്തലിന്റെ കാഠിന്യം മൂലം പലരും തെരുവില്‍ ഇറങ്ങാന്‍ മടിക്കുകയാണ്.