Crime

‘നീ ഇതിനെല്ലാം അനുഭവിക്കും’; ഭര്‍തൃവീട്ടുകാരുടെ മുന്നില്‍ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി, സ്ത്രീപീഡനം കാരണമെന്ന് ആരോപണം

കാസർകോട് പാണലത്ത് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. ചർളടുക്ക സ്വദേശിനിയായ ഫാത്തിമത്ത് സുഫൈദ (24) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു ഈ ദാരുണ സംഭവം. സ്ത്രീധനത്തെച്ചൊല്ലി ഭർതൃവീട്ടുകാർ നിരന്തരം പീഡിപ്പിച്ചതിനെ തുടർന്നാണ് സുഫൈദ ആത്മഹത്യ ചെയ്തതെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു.

വിവാഹത്തിന്റെ ഒന്നാം വാർഷികം ആഘോഷിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് ഈ ദാരുണമായ മരണം സംഭവിച്ചത്. വീട്ടുകാർ നൽകിയ സ്വർണാഭരണങ്ങളും മഹറായി കിട്ടിയ മാലയും ആവശ്യപ്പെട്ട് സുഫൈദയെ ഭർത്താവ് നിരന്തരം മർദ്ദിക്കുകയും മാനസികമായി ദ്രോഹിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസവും സ്വർണത്തെച്ചൊല്ലി ഭർതൃവീട്ടിൽ വലിയ വഴക്കുണ്ടായിരുന്നു. തർക്കത്തിനിടയിൽ ഭർത്താവ് സുഫൈദയെ ക്രൂരമായി മർദ്ദിക്കുകയും വിവരം ആരെയും അറിയിക്കാതിരിക്കാൻ ഫോൺ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കുടിച്ചത്. ആ സമയത്തുപോലും സുഫൈദയെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കാതെ, ‘നീ ഇത് അനുഭവിക്കും’ എന്ന് പറഞ്ഞ് അവർ മാറിനിൽക്കുകയാണുണ്ടായതെന്ന് ബന്ധുക്കൾ പറയുന്നു.

ക്രൂരമായ മർദ്ദനവിവരം പുറംലോകം അറിയാതിരിക്കാനാണ് ഫോൺ തകർത്തതെന്നും കഴിഞ്ഞദിവസം ആ വീട്ടിൽ കടുത്ത പീഡനമാണ് നടന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സുഫൈദയെ രക്ഷിക്കാൻ ഭർതൃവീട്ടുകാർ താല്പര്യം കാണിച്ചില്ല. ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയ പിണക്കങ്ങൾ മാത്രമാണെന്നാണ് കരുതിയതെന്നും ഇത്രയും വലിയ ക്രൂരതയാണ് കുട്ടി അനുഭവിച്ചിരുന്നതെന്ന് അറിഞ്ഞില്ലെന്നും ബന്ധുക്കൾ കണ്ണീരോടെ പറയുന്നു.

സംഭവത്തിൽ വിദ്യാനഗർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി കഴിഞ്ഞു. സുഫൈദയുടെ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. കാസർകോട് മിംസ് ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ആർ.ഡി.ഒ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *