Featured Spotlight

മലയാളികള്‍ക്കും ‘പണി’; യു.എസ്‌. ഗ്രീന്‍ കാര്‍ഡിന്‌ ഇനി സ്വന്തം രാജ്യത്തു മടങ്ങിപ്പോയി അപേക്ഷിക്കണം

വാഷിങ്‌ടൺ: താൽക്കാലിക വിസയിൽ അമേരിക്കയിൽ കഴിയുന്ന വിദേശികൾക്ക് സ്ഥിരതാമസത്തിനുള്ള ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിനായി യു.എസ് ഭരണകൂടം പുതിയ പരിഷ്കാരം ഏർപ്പെടുത്തി. പുതിയ നയപ്രകാരം, താൽക്കാലിക വിസയുള്ള ഭൂരിഭാഗം വിദേശപൗരന്മാർക്കും ഇനി സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങിപ്പോയതിന് ശേഷം മാത്രമേ ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

മുൻപ് വിദ്യാർത്ഥി, ടൂറിസ്റ്റ്, തൊഴിൽ വിസകളിൽ യു.എസിൽ എത്തുന്നവർക്ക് അവിടെ തുടർന്നുകൊണ്ട് തന്നെ ഗ്രീൻ കാർഡിനായി അപേക്ഷിക്കാൻ അനുവാദമുണ്ടായിരുന്നു. ‘അഡ്ജസ്റ്റ്മെന്റ് ഓഫ് സ്റ്റാറ്റസ്’ (AOS) എന്ന പേരിലായിരുന്നു ഈ പ്രക്രിയ അറിയപ്പെട്ടിരുന്നത്.

എന്നാൽ, യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (USCIS) പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഈ സൗകര്യം വളരെ കുറഞ്ഞതും സവിശേഷവുമായ സാഹചര്യങ്ങളിൽ മാത്രമേ ഇനി അനുവദിക്കുകയുള്ളൂ. താൽക്കാലിക വിസയിലെത്തി അമേരിക്കയിൽ വെച്ച് തന്നെ ഗ്രീൻ കാർഡ് നേടാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പുതിയ നിയമം ബാധകമായിരിക്കും. ഇങ്ങനെയുള്ളവർ ഇനിമുതൽ സ്വന്തം നാട്ടിലെ വിദേശകാര്യമന്ത്രാലയം വഴി കോൺസുലാർ നടപടികളിലൂടെ മാത്രമേ ഗ്രീൻ കാർഡിനായി അപേക്ഷ സമർപ്പിക്കേണ്ടതുള്ളൂ. മലയാളി വിദ്യാത്ഥികളേയും ഉദ്യോഗാര്‍ത്ഥികളേയും ഈ നിയമം കാര്യമായി ബാധിക്കും.

ലഭിക്കുന്ന ഓരോ അപേക്ഷയും കൃത്യമായി പരിശോധിച്ച്, പ്രത്യേകം വിലയിരുത്തിയ ശേഷമായിരിക്കും യു.എസ് അധികൃതർ ഇനി ഗ്രീൻ കാർഡിനുള്ള അർഹത നിശ്ചയിക്കുക. താൽക്കാലിക വിസയിൽ എത്തുന്നവർ കാലാവധി കഴിയുമ്പോൾ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്താനും, അമേരിക്കയിലെ അനധികൃത താമസം പൂർണ്ണമായി തടയാനുമാണ് ഈ പുതിയ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് യു.എസ്.സി.ഐ.എ.സ് വക്താവ് സാഖ് കാഹ്ലർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *