Featured Oddly News

കാലാവധി തീരാൻ 8 ദിവസം; പഴയ പാന്റിന്റെ പോക്കറ്റിൽ യുവാവിനെ കാത്തിരുന്നത് 57 കോടിയുടെ ലോട്ടറി !

വിധിയുണ്ടെങ്കില്‍ എ​‍ത്ര മറന്നാലും ഭാഗ്യം പിന്നാലെ തേടിയെത്തും ! സംഭവം ഇങ്ങനെയാണ്. ന്യൂജേഴ്‌സിയിൽ ഒരു വ്യക്തി തന്റെ പഴയ പാന്റിന്റെ പോക്കറ്റിൽ നിന്ന് അയാള്‍ മറന്നുവച്ച ഏകദേശം 57 കോടി രൂപയുടെ (5.9 മില്യൺ ഡോളർ) ലോട്ടറി ടിക്കറ്റ് ലഭിക്കുന്നു. ടിക്കറ്റിന്റെ കാലാവധി അവസാനിക്കാൻ വെറും എട്ട് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ഈ സംഭവം.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ താൻ എപ്പോഴും പോകാറുള്ള ഒരു ഗ്യാസ് സ്റ്റേഷനിൽ നിന്നാണ് ഇയാൾ ഈ ‘പിക്ക്-6’ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. എന്നാൽ ടിക്കറ്റ് വാങ്ങിയ ശേഷം ഇത് എവിടെയോ വെച്ച് മറന്നുപോവുകയായിരുന്നു.

കഴിഞ്ഞ മാസം, ലോട്ടറി അടിച്ച വ്യക്തി ഇതുവരെ സമ്മാനം കൈപ്പറ്റിയിട്ടില്ലെന്നും ഉടൻ തന്നെ ഇതിന്റെ കാലാവധി തീരുമെന്നും ലോട്ടറി അധികൃതർ പരസ്യമായി അറിയിച്ചു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇയാൾ താൻ സ്ഥിരമായി പോകുന്ന പെട്രോൾ പമ്പിൽ ചെന്ന് ജീവനക്കാരോട് സംസാരിച്ചത്. ഈ ലോട്ടറി സ്ഥിരമായി എടുക്കുന്ന കുറച്ചുപേർ മാത്രമേ ഇവിടെയുള്ളൂ എന്നും, അതിനാൽ സാധനങ്ങളെല്ലാം നന്നായി തിരഞ്ഞു നോക്കാനും ജീവനക്കാർ ഇയാളോട് നിർദ്ദേശിച്ചു.

തുടർന്ന് ഇയാൾ വീട്ടിലെ മേശവലിപ്പുകളും അലമാരകളും എല്ലാം പരിശോധിക്കാൻ തുടങ്ങി. ഒടുവിൽ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന മുറിയിലെ പഴയ വസ്ത്രങ്ങൾക്കിടയിൽ തിരയുന്നതിനിടയിലാണ് പഴയൊരു പാന്റിന്റെ പോക്കറ്റിൽ മടക്കി വെച്ച നിലയിൽ ഈ ലോട്ടറി ടിക്കറ്റ് കണ്ടെത്തിയത്. നമ്പറുകൾ ഒത്തുനോക്കിയപ്പോൾ തനിക്ക് തന്നെയാണ് 57 കോടി രൂപയുടെ ബമ്പർ സമ്മാനം അടിച്ചതെന്ന് ഇയാൾ തിരിച്ചറിഞ്ഞു. ഒട്ടും സമയം കളയാതെ ലോട്ടറി ആസ്ഥാനത്തെത്തി കാലാവധി തീരാൻ എട്ട് ദിവസമുള്ളപ്പോൾ അദ്ദേഹം സമ്മാനത്തുക കൈപ്പറ്റി.

ആളുകൾ ലോട്ടറി ടിക്കറ്റുകൾ എവിടെയെങ്കിലും വെച്ച് മറന്നുപോകുന്നത് കാരണം പലപ്പോഴും വലിയ സമ്മാനങ്ങൾ ആരും വാങ്ങാതെ പോകാറുണ്ടെന്നും, അതിനാൽ ടിക്കറ്റുകൾ കൃത്യമായി സൂക്ഷിക്കണമെന്നും ലോട്ടറി അധികൃതർ പിന്നീട് ഓർമ്മിപ്പിച്ചു.