Featured Spotlight

‘8308’, ഇതാണ് സര്‍പ്രൈസ്! മന്ത്രി OJ ജനീഷിന്റെ കാറിന്റെ നമ്പറും ഭൂരിപക്ഷവും ഒരേ നമ്പര്‍! ആദ്യം കണ്ടെത്തിയത് ഭാര്യ

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പുതിയ മന്ത്രിയുമായ ഒ.ജെ. ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന്റെ നമ്പറാണ് KL 01 CB 8308. ഈ നമ്പറിന് പിന്നിൽ കൗതുകകരമായ ഒരു പ്രത്യേകതയുണ്ട്. തികച്ചും യാദൃശ്ചികമാണെങ്കിലും, കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച ജനീഷിന് ലഭിച്ച ഭൂരിപക്ഷത്തിന്റെ അതേ കണക്കാണ് ഈ വണ്ടി നമ്പറിലും വന്നിരിക്കുന്നത്.

ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായിരുന്ന കൊടുങ്ങല്ലൂർ തിരിച്ചുപിടിച്ചാണ് ജനീഷ് നിയമസഭയിലേക്കും മന്ത്രിപദവിയിലേക്കും എത്തിയത്. കഴിഞ്ഞ 2021-ലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ എൽ.ഡി.എഫിലെ വി.ആർ. സുനിൽകുമാർ 23,893 വോട്ടുകളുടെ വലിയ ഭൂരിപക്ഷം നേടിയ മണ്ഡലത്തിലാണ്, ഇത്തവണ ജനീഷ് 8,308 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അട്ടിമറി വിജയം നേടിയത്.

ഔദ്യോഗിക വാഹനം ലഭിച്ച സമയത്ത് ഈ നമ്പറിന്റെ പ്രത്യേകത താൻ ശ്രദ്ധിച്ചിരുന്നില്ലെന്നും, തന്റെ ഭാര്യയാണ് ഇക്കാര്യം ആദ്യം ചൂണ്ടിക്കാണിച്ചതെന്നും ഒ.ജെ. ജനീഷ് പറഞ്ഞു.

ഈ വാഹനം നമ്പർ നോക്കി തിരഞ്ഞെടുത്തതല്ലെന്നും തികച്ചും അവിചാരിതമായി സംഭവിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതൊരുപക്ഷേ തന്റെ ഭാഗ്യ നമ്പറായിരിക്കാമെന്നും, രാവിലെ നാട്ടിൽ നിന്ന് പലരും മെസ്സേജ് അയച്ചപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലായതെന്നും പറഞ്ഞ അദ്ദേഹം, ഈ വണ്ടി തന്നെ തുടർന്നും ഉപയോഗിക്കാൻ ശ്രമിക്കുമെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *