Celebrity

43-ാം വയസ്സിലെ കാൻസർ പോരാട്ടം; മനക്കരുത്തിന് പിന്നിലെ ആ രഹസ്യം വെളിപ്പെടുത്തി രാജ്ശ്രീ ദേശ്പാണ്ഡേ

തനിക്ക് സ്തനാർബുദം സ്ഥിരീകരിച്ച വിവരം വെളിപ്പെടുത്തി സേക്രഡ് ഗെയിംസ്’, ‘ട്രയൽ ബൈ ഫയർ’ എന്നീ പരമ്പരകളിലൂടെ ശ്രദ്ധേയയായ നടി രാജശ്രീ ദേശ്പാണ്ഡെ . കഴിഞ്ഞ മാർച്ചിലാണ് അസുഖം തിരിച്ചറിഞ്ഞത്.

അദൃശ്യരായ ശത്രുക്കളോടുള്ള പോരാട്ടമാണിതെന്ന് വിശേഷിപ്പിച്ച രാജശ്രീ, അസുഖം നൽകുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെക്കുറിച്ച് മനസ് തുറന്നു. ക്യാൻസർ എന്നത് പേടിക്കേണ്ട ഒരു വാക്കല്ലെന്നും, മറിച്ച് ജീവിതം എത്ര മനോഹരമാണെന്ന് സ്വയം തിരുത്തി ജീവിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലാണെന്നും അവർ പറയുന്നു.

ചികിത്സയുടെ ഭാഗമായുള്ള മരുന്നുകൾ കഠിനമാണെങ്കിലും പോസിറ്റീവ് ആയി ഇരിക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് രാജശ്രീ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മോശക്കാരായ ആളുകളാണ് യഥാർത്ഥ പ്രേതങ്ങളെന്ന് കുട്ടിക്കാലത്ത് അച്ഛൻ പറഞ്ഞുതന്ന കാര്യത്തെ ക്യാൻസറുമായി അവർ താരതമ്യം ചെയ്തു. മനസ്സിൽ നിന്നും ജീവിതസാഹചര്യങ്ങളിൽ നിന്നും മോശം ചിന്തകളെയും ആളുകളെയും ഒഴിവാക്കണമെന്നും, സന്തോഷത്തോടെ ഇരുന്നാൽ അസുഖത്തെ തോൽപ്പിക്കാമെന്നുമാണ് തന്റെ ഡോക്ടറും നിർദ്ദേശിച്ചതെന്ന് താരം കൂട്ടിച്ചേർത്തു.

മെയ് 15-ന് പുറത്തിറങ്ങുന്ന ‘ബാപ്യ’ എന്ന മറാത്തി ചിത്രത്തിന്റെ തിരക്കിലാണ് താരം ഇപ്പോൾ. ഈ സിനിമയിൽ ഒരു ട്രാൻസ്മാന്റെ വേഷത്തിലാണ് രാജശ്രീ എത്തുന്നത്. കഴിഞ്ഞ വർഷം മണിരത്നം സംവിധാനം ചെയ്ത ‘തഗ് ലൈഫ്’ എന്ന ചിത്രത്തിലും അവർ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. 2012-ൽ ‘തലാഷ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച രാജശ്രീ പിന്നീട് ‘കിക്ക്’, ‘സേക്രഡ് ഗെയിംസ്’ തുടങ്ങിയ സിനിമകളിലൂടെയും പരമ്പരകളിലൂടെയുമാണ് പ്രശസ്തയായത്. പോരാട്ടവീര്യത്തോടെ അസുഖത്തെ നേരിടുന്ന താരത്തിന് ആരാധകർ വലിയ പിന്തുണയാണ് നൽകുന്നത്

Leave a Reply

Your email address will not be published. Required fields are marked *