Featured Oddly News

ബിപി ഒന്ന് പരിശോധിച്ചു; വെറും 2 മണിക്കൂർ ആശുപത്രിയില്‍, കിട്ടിയത് 39 ലക്ഷത്തിന്റെ ബില്ല്!

വെറും രണ്ട് മണിക്കൂർ ആശുപത്രി എമർജൻസി വിഭാഗത്തിൽ ചിലവഴിച്ചതിന് അമേരിക്കക്കാരനായ ഒരാൾക്ക് ലഭിച്ചത് 39 ലക്ഷം രൂപയുടെ ബില്ല് ! അതും ശസ്ത്രക്രിയകളോ സ്കാനിംഗോ തുടങ്ങിയ ചികിത്സയൊന്നും ഇല്ലാതെ. ഉയർന്ന രക്തസമ്മർദ്ദത്തെത്തുടർന്ന് ആശുപത്രിയിലെത്തിയ ഇദ്ദേഹം തന്റെ ദുരനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

ഇൻഷുറൻസ് പരിധിയിൽ താൻ അടയ്‌ക്കേണ്ട പരമാവധി തുക മുൻകൂട്ടി അടച്ചിട്ടും, പിന്നീട് 41,297 ഡോളർ (ഏകദേശം 39.33 ലക്ഷം രൂപ) കൂടി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ആശുപത്രി അധികൃതർ ബില്ല് നൽകിയത്. ഇത് ആരോഗ്യസേവനമല്ല, മറിച്ച് പകൽക്കൊള്ളയാണെന്ന് അദ്ദേഹം വീഡിയോയിൽ ആരോപിക്കുന്നു.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ചൈന, ഇന്ത്യ, ബാങ്കോക്ക് തുടങ്ങിയ രാജ്യങ്ങളിലെ മികച്ചതും ചിലവ് കുറഞ്ഞതുമായ ചികിത്സാ സൗകര്യങ്ങളുമായി അമേരിക്കൻ ആരോഗ്യരംഗത്തെ ആളുകൾ താരതമ്യം ചെയ്യുന്നുണ്ട്. അമേരിക്കയിലെ മെഡിക്കൽ മേഖല അഴിമതി നിറഞ്ഞതാണെന്നും സാധാരണക്കാരെ ചൂഷണം ചെയ്യുകയാണെന്നും നിരവധി പേർ കമന്റുകളിലൂടെ വിമർശിച്ചു. ഈ വാർത്തയുടെ സത്യാവസ്ഥ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ‘thehealthb0t’ എന്ന എക്സ് അക്കൗണ്ടിലൂടെ പങ്കുവെക്കപ്പെട്ട ഈ പോസ്റ്റ് ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.