Featured Myth and Reality

വീട്ടില്‍ പ്രേതത്തിന്റെ സാന്നിധ്യം തോന്നിയിട്ടുണ്ടോ? പൈപ്പ് ഒന്ന് പരിശോധിച്ചോളൂ! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗവേഷകർ

വീട്ടിൽ പ്രേതത്തിന്റെ സാന്നിധ്യം തോന്നുന്നുണ്ടെങ്കിൽ ഉടൻ തന്നെ അവിടുത്തെ പൈപ്പുകൾ പരിശോധിക്കണമെന്നാണ് കാനഡയിലെ എഡ്‌മണ്ടനിലുള്ള മക്ഇവാൻ സർവകലാശാലയിലെ ഗവേഷകർ നൽകുന്ന ഉപദേശം. പഴയ കെട്ടിടങ്ങളിലെ പൈപ്പുകളിൽ ഉണ്ടാകുന്ന ‘ഇൻഫ്രാസോണിക്’ വിറയലുകളാണ് പലപ്പോഴും പ്രേതബാധയായി ആളുകൾ തെറ്റിദ്ധരിക്കുന്നത്.

മനുഷ്യർക്ക് നേരിട്ട് കേൾക്കാൻ കഴിയാത്ത വളരെ താഴ്ന്ന ഫ്രീക്വൻസിയുള്ള ശബ്ദതരംഗങ്ങളാണ് ഇൻഫ്രാസോണിക് തരംഗങ്ങൾ. ഇവ ശരീരത്തിൽ പതിക്കുമ്പോൾ നമ്മുടെ മാനസികാവസ്ഥയിൽ മാറ്റമുണ്ടാകുകയും സമ്മർദ്ദത്തിന് കാരണമാകുന്ന ‘കോർട്ടിസോൾ’ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. പഴയ പൈപ്പുകളും വെന്റിലേഷൻ സംവിധാനങ്ങളും ഇത്തരം ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്. ഭയമോ അസ്വസ്ഥതയോ തോന്നുന്ന ഇത്തരം സാഹചര്യങ്ങളിൽ പ്രേതമുണ്ടെന്ന മുൻവിധി കൂടിയുണ്ടെങ്കിൽ, അതിനെ അമാനുഷിക ശക്തികളുമായി ബന്ധിപ്പിക്കാൻ സാധ്യതയുണ്ട്.

ഗവേഷണത്തിന്റെ ഭാഗമായി 36 പേരിൽ 18 ഹെട്‌സ് ഇൻഫ്രാസൗണ്ട് പരീക്ഷിച്ചപ്പോൾ വലിയ മാറ്റങ്ങളാണ് കണ്ടത്. ഈ ശബ്ദം കേൾപ്പിച്ചത് ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും അവരുടെ ശരീരത്തിൽ കോർട്ടിസോളിന്റെ അളവ് കൂടുകയും ദേഷ്യവും അസ്വസ്ഥതയും അനുഭവപ്പെടുകയും ചെയ്തു. ചെവികൊണ്ട് കേൾക്കാൻ പറ്റാത്ത ശബ്ദങ്ങൾ പോലും ശരീരത്തിൽ യഥാർത്ഥ മാറ്റങ്ങൾ ഉണ്ടാക്കുന്നുവെന്ന് ഇതിലൂടെ തെളിയിക്കപ്പെട്ടു. അതിനാൽ പഴയ വീടുകളിൽ അസ്വാഭാവികമായി എന്തെങ്കിലും തോന്നിയാൽ അത് പൈപ്പിലെ വിറയലാകാനാണ് സാധ്യത.

ബ്രിട്ടനിലെ ഏറ്റവും പേടിപ്പെടുത്തുന്ന വീടായ ‘ദ് കേജിൽ’ നടന്ന അനുഭവങ്ങളും പഠനവിധേയമാക്കി. മന്ത്രവാദിനികളെ പാർപ്പിച്ചിരുന്ന ജയിലായിരുന്ന ഇവിടെ പ്രേതങ്ങളെ കണ്ടതായും നിഴലുകളെ ശ്രദ്ധിച്ചതായും മുൻ ഉടമ വനേസ മിച്ചൽ അവകാശപ്പെട്ടിരുന്നു. ആടിന്റെ രൂപത്തിലുള്ള പിശാചിനെ സിസിടിവിയിൽ കണ്ടതോടെയാണ് അവർ വീടുവിട്ടിറങ്ങിയത്. എന്നാൽ ഇത്തരം അനുഭവങ്ങൾക്ക് പിന്നിൽ ഭൗതികമായ കാരണങ്ങളുണ്ടാകാമെന്നാണ് ശാസ്ത്രജ്ഞർ ഇപ്പോൾ വ്യക്തമാക്കുന്നത്.