Featured Oddly News

കരിവീരനും വോട്ടുണ്ടോ? വോട്ടിങ്ങിനിടെ പോളിങ് ബൂത്തിൽ കാട്ടാനയിറങ്ങി, അപൂർവ്വ കാഴ്ച- വീഡിയോ

2026-ലെ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനിടെ ഝാർഗ്രാമിലെ പോളിംഗ് ബൂത്തിന് സമീപം ആന എത്തിയത് വലിയ കൗതുകമായി. ജിതുസോൾ പ്രൈമറി സ്കൂളിലെ ബൂത്തിന് പുറത്ത് ആന എത്തിയതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഭീമാകാരനായ മൃഗത്തെ കാണാൻ നാട്ടുകാർ തടിച്ചുകൂടുകയും പലരും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.

ആനയെ കണ്ടതോടെ വോട്ടർമാരിൽ ചിലർ പരിഭ്രാന്തരായെങ്കിലും അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല എന്നത് ആശ്വാസമായി. ആനകളുടെ സാന്നിധ്യമുള്ള മേഖലകളിൽ വനംവകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. തെക്കൻ ബംഗാളിലെ ഏകദേശം 25 പോളിംഗ് ബൂത്തുകൾ ആനത്താരകൾക്ക് സമീപമായതിനാൽ സുരക്ഷാ ഭീഷണി നേരിടുന്നവയായി കണക്കാക്കുന്നുണ്ട്. ഇതിൽ 60 ശതമാനത്തോളം ബൂത്തുകൾ ഝാർഗ്രാം ജില്ലയിലാണ്.

തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ വോട്ടർമാരുടെ മികച്ച പങ്കാളിത്തമാണ് ദൃശ്യമാകുന്നത്. രാവിലെ 11 മണി വരെയുള്ള കണക്കനുസരിച്ച് പശ്ചിമ ബംഗാളിൽ 41.11 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പശ്ചിമ മേദിനിപൂർ ജില്ലയിൽ 44.68 ശതമാനവും ഝാർഗ്രാമിൽ 43.71 ശതമാനവും വോട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-ന് നടക്കും. കേരളം, തമിഴ്നാട്, അസം, പുതുച്ചേരി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ മെയ് 4-നായിരിക്കും നടക്കുക.