Movie News

‘‘ഇടയ്ക്ക് നിന്ന് ചിലര്‍ പാരവച്ചു, മോഹന്‍ലാലിനൊപ്പമുള്ള സിനിമ പൂജ കഴിഞ്ഞിട്ടും ചെയ്യാന്‍ പറ്റിയില്ല’’ തുറന്നു പറഞ്ഞ് വിജി തമ്പി

മലയാളത്തില്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് വിജി തമ്പി. നര്‍മ്മരസം കലര്‍ന്ന എന്നാല്‍ കാമ്പുള്ള ഒരുപാട് സിനിമകള്‍ വെള്ളിത്തിരയ്ക്ക് സമ്മാനിക്കാന്‍ വിജി തമ്പിക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമകൾക്ക് പുറമെ ഏഴ് ടെലിവിഷൻ സീരിയലുകളും വിജി തമ്പി സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയില്‍ നിന്നു വിട്ടു നിന്ന സംവിധായകന്‍ ഇപ്പോള്‍ വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷനും കൂടിയാണ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വിജി തമ്പി വീണ്ടും സംവിധാനത്തിലേക്ക് മടങ്ങി വരുകയാണ്. മലയാളസിനിമയുടെ ഒരു കാലത്തെ ആക്ഷന്‍ ഹീറോയായിരുന്ന നടനാണ് നായകന്‍. കേരളത്തെ പിടിച്ചുകുലുക്കിയ ഒരു പ്രമാദമായ കേസാണ് വിജി തമ്പിയുടെ സിനിമയുടെ കഥ എന്നും കേട്ടിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രം ഇതുവരെ സംഭവിക്കാത്തതിനെക്കുറിച്ച് തുറന്നു പറയുകയാണ് വിജി തമ്പി. ഇതുവരെയൊരു മോഹന്‍ലാല്‍ ചിത്രം ഇല്ലെന്നുള്ളത് കരിയറില്‍ നെഗറ്റീവോ പോസിറ്റീവോ ആകട്ടെ, അതിന് ശ്രമിക്കാത്തതാണോ, അതോ ​‍ശ്രമിച്ചിട്ടും നടക്കാത്തതാണോ എന്ന് അവതാരകന്‍ ​ചോദിക്കുമ്പോഴാണ് വിജി തമ്പി അതിനുളള മറുപടി പറയുന്നത്. ‘‘ശ്രമിച്ചിട്ട് നടക്കാത്തതാണ്. ഒരു സിനിമയുടെ പൂജ വരെ നടന്നതാണ്. ശിക്കാര്‍. ബലരാമന്‍ എന്നായിരുന്നു ആ സിനിമയ്ക്ക് പേരിട്ടിരുന്നത്. ബലരാമന്‍ എന്ന പേരിനു ശേഷം കനല്‍ എന്നും ഞങ്ങള്‍ പേരിട്ടിരുന്നു. പിന്നെയാണ് ശിക്കാര്‍ ആയത്. ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണത്. ഒരു വര്‍ഷത്തോളം അതിന്റെ സ്ക്രിപ്റ്റ് വര്‍ക്കിന് ഇരുന്നതാണ്. ഞാനും സുരേഷ് ബാബുവും കൂടിയാണ് ചെയ്തു തുടങ്ങിയത്. പിന്നെ ലാലിനെയത് കേള്‍പ്പിച്ചു. പിന്നെ ചെറിയ ചില പ്രശ്നങ്ങള്‍. ഞാനതു തുറന്നു പറയുന്നില്ല. ഇപ്പോള്‍ തുറന്നു പറയാന്‍ പറ്റാത്ത ചില ​‍പ്രശ്നങ്ങള്‍ ഉണ്ടായി. ചില ആള്‍ക്കാര്‍ പാരവച്ച് അത് മാറിപ്പോയതാണ്.

അതാരാണെന്നു ഞാന്‍ പറയുന്നില്ല. മോഹന്‍ലാല്‍ പതിനേഴു വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ അച്ഛനായാല്‍ സിനിമ ഓടില്ല എന്ന് നിര്‍മ്മാതാവിനെ തെറ്റിദ്ധിരിപ്പിച്ചു. സിനിമയുടെ പൂജ കഴിഞ്ഞിട്ടും വേണ്ടെന്ന് വച്ചതാണ്. ലാലും ഉള്‍പ്പെട്ടിരുന്ന പൂജ തിരുവനന്തപുരം വിസ്മയയില്‍ വച്ചാണ് നടന്നത്. വേറെ പല കഥകളും പിന്നീടും ആലോചിച്ചു, പക്ഷേ നടന്നില്ല. ഞാന്‍ നേരത്തെ പറഞ്ഞില്ലേ, ഒന്നും നമ്മുടെ കൈയിലല്ല. ലാലിനെ വച്ച് ഒരു സിനിമ ചെയ്യണമെന്ന് വിധിയുണ്ടെങ്കില്‍ ചെയ്യും. നടക്കാന്‍ വിധിയുണ്ടെങ്കില്‍ നടക്കും. അങ്ങനെ നടക്കാതെ പോയ കുറെ സിനിമകളുണ്ട് എനിക്ക്. ലാലും ഞാനും തമ്മില്‍ നല്ല അടുപ്പമുണ്ട്. ഇപ്പോഴും ഒരു നല്ല സിനിമയ്ക്ക് അവസരം വന്നാല്‍ ചെയ്യും…’’ വിജി തമ്പി പറയുന്നു.

ഇടയ്ക്ക് ഒരു സിനിമയുടെ കഥ വന്നിട്ടും വേണ്ടെന്നു വച്ചിരുന്നല്ലോ എന്നും അവതാരകന്‍ ചോദിക്കുന്നുണ്ട്. ‘‘ഇതിനു പകരം വേറെയൊരു കഥ വന്നിരുന്നു. എനിക്ക് ആ കഥ ഇഷ്ടപ്പെട്ടില്ല. അതാരാണ് ചെയ്തതെന്ന് ഞാന്‍ പറയുന്നില്ല. അതും പിന്നീട് സിനിമയായി. അതു പക്ഷേ തീര്‍ത്തും പരാജയമായിരുന്നു. ലാല്‍ തന്നെയാണതില്‍ അഭിനയിച്ചത്. എനിക്കാ സിനിമയോട് ത്രില്‍ തോന്നിയില്ല. അതുകൊണ്ടാണ് വേണ്ടെന്ന് വച്ചത്. ഓടാത്തൊരു സിനിമ മോഹന്‍ലാലിനെ വച്ച് ചെയ്തു എന്ന ചീത്തപ്പേരില്‍ നിന്ന് രക്ഷപെട്ടു. മോഹന്‍ലാലിനെ വച്ച് ഒരു സിനിമ ചെയ്യണമെന്നത് ഒരു വലിയ ആഗ്രഹമാണ്. അത് നടക്കുന്നെങ്കില്‍ നടക്കും. ഒരു കാര്യത്തിനും ഞാന്‍ ഓവര്‍ ശ്രമം നടത്താറില്ല. വിധിക്കപ്പെട്ടത് നമ്മളെത്തേടി വരും. പിന്നെ ലാലിനെ വച്ച് ഒരു സിനിമ ചെയ്യാന്‍ എന്റെ തലയില്‍ എഴുതിയിട്ടുണ്ടെങ്കില്‍ അത് നടക്കും.

ശിക്കാര്‍ സിനിമ ഞാന്‍ കണ്ടിരുന്നു. ഞങ്ങള്‍ ആലോചിച്ചതില്‍ നിന്ന് കുറെയധികം മാറ്റങ്ങള്‍ അതില്‍ വരുത്തിയിരുന്നു. പക്ഷേ ബേസിക് ത്രെഡ് അതു തന്നെയായിരുന്നു. ലാലിനന്നും ആ സബ്ജക്ട് സമ്മതമായിരുന്നു. ആ സിനിമയില്‍ വന്നു പെട്ട ചിലരാണ് അന്ന് നിര്‍മ്മാതാവിനെ തെറ്റിദ്ധരിപ്പിച്ചത്. ഏതൊരു സിനിമയ്ക്കും റിസ്കുണ്ട്. അത് എടുക്കാന്‍ തയാറുള്ളവര്‍ മാത്രം സിനിമയെടുത്താല്‍ മതി. ഞാനങ്ങനെ ഒന്നിനും ആരെയും നിര്‍ബന്ധിക്കാറില്ല. ഒരു സിനിമ സൂപ്പര്‍ഹിറ്റാക്കി കൊടുക്കാം എന്നു പറഞ്ഞ് ഞാനിന്നു വരെ സിനിമയെടുത്തിട്ടില്ല…’’ വിജി തമ്പി പറയുന്നു.