ബോഡി ഷെയ്മിങ് നടത്തുന്നവർക്ക് തന്റേതായ ശൈലിയിൽ മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് അവതാരകയും ഇൻഫ്ലുവൻസറുമായ വർഷ രമേഷ്. ‘വയർ ചാടിയല്ലോ’ എന്ന് പരിഹസിക്കുന്നവർക്ക് രസകരമായ മറുപടിയാണ് വർഷ നൽകുന്നത്. തന്റെ വയറിലെ കൊഴുപ്പ് ആന്തരിക അവയവങ്ങൾക്കുള്ള ഒരു സുരക്ഷാ കവചമാണെന്നാണ് വർഷയുടെ വാദം. തന്നെ ഒരു തീറ്റപ്പണ്ടാരമായി മറ്റുള്ളവർക്ക് തോന്നാമെങ്കിലും, ഇതെല്ലാം തന്റെ ഭാവി സുരക്ഷയ്ക്ക് വേണ്ടിയാണെന്നും താരം തമാശരൂപേണ പറയുന്നു.
ഗർഭിണിയാകാതെ തന്നെ തനിക്ക് ഇത്രയും വയറുണ്ടെന്നത് ഒരു പ്രശ്നമായി കാണുന്നില്ലെന്ന് വർഷ വ്യക്തമാക്കുന്നു. അമിതമായി ഭക്ഷണം കഴിച്ചതുകൊണ്ട് വയർ കൂടിയോ എന്ന് ചോദിക്കുന്നവരോട്, ഫോണിന് സ്ക്രീൻ ഗാർഡും ചർമ്മത്തിന് സൺസ്ക്രീനും നൽകുന്നതുപോലെ ആന്തരിക അവയവങ്ങൾക്ക് നൽകുന്ന സംരക്ഷണമായാണ് താൻ വയറിനെ കാണുന്നതെന്ന് വർഷ പറയുന്നു. ശരീരത്തിന് ഒരു ആഘാതം ഏറ്റാൽ പോലും ഈ കൊഴുപ്പിന്റെ പാളികൾ അവയവങ്ങളെ സംരക്ഷിക്കുമെന്നാണ് വർഷയുടെ പക്ഷം.
ഭാവിയിൽ കുഞ്ഞുങ്ങളുണ്ടാകുമ്പോൾ ഗർഭപാത്രം സുരക്ഷിതമായിരിക്കാൻ ഇത്തരം സംരക്ഷണം ആവശ്യമാണെന്നും താരം തമാശയായി കൂട്ടിച്ചേർക്കുന്നു. ആരെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്താൽ ഒന്നും സംഭവിക്കാതിരിക്കാൻ ഇത് സഹായിക്കും. താൻ വയർ കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഈ പ്രൊട്ടക്ഷൻ ഇരുന്നോട്ടെ എന്നും പറയുന്ന വർഷയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
വർഷയുടെ ഈ രസകരമായ വിമർശനത്തെ നിരവധി പേരാണ് പിന്തുണയ്ക്കുന്നത്. “നല്ല പ്രൊട്ടക്ഷൻ ഉള്ള എനിക്ക് ഇത് കണ്ടപ്പോൾ വലിയ ആശ്വാസമായി” എന്നും “സിക്സ് പാക്കിനെ ഫാമിലി പാക്ക് കൊണ്ട് സുരക്ഷിതമാക്കുന്നു” എന്നുമൊക്കെയുള്ള കമന്റുകളുമായി ആരാധകരും ഈ ചർച്ചയിൽ പങ്കുചേരുന്നുണ്ട്. വർഷയാണ് ശരിക്കുള്ള മോട്ടിവേറ്റർ എന്നാണ് പലരും കുറിക്കുന്നത്.




