Crime

സ്വത്ത്തര്‍ക്കം: സൂപ്പില്‍ എലിവിഷം നല്‍കി സഹോദരിമാരെ സഹോദരന്‍ കൊലപ്പെടുത്തി

റായ്ഗഡ്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് സഹോദരിമാരെ വിഷം നല്കി കൊലപ്പെടുത്തിയയാളെ മഹാരാഷ്ട്രയിലെ റായ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തു. സൂപ്പില്‍ എലിവിഷം ചേര്‍ത്ത് സഹോദരിമാരെ കൊലപ്പെടുത്തിയ ഗണേഷ്‌മോഹിത് എന്നയാളെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. ഗണേഷ് മോഹിത് ഉണ്ടാക്കിയ സൂപ്പ് കുടിച്ച് നാല് ദിവസത്തിനുള്ളില്‍ രണ്ട് സഹോദരിമാരും മരിച്ചു.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സൊണാലി ശങ്കര് മോഹിത് (34) ഒക്ടോബര് 16നാണ് മരിച്ചത്. സൊനാലിയുടെ മരണത്തിന് തൊട്ടുപിന്നാലെ രണ്ടാമത്തെ സഹോദരി സ്‌നേഹ ശങ്കര്‍ മോഹിത (30)യും മരണത്തിന് കീഴടങ്ങി. ഗണേഷ് മോഹിത് സോണാലിയുടെ മൃതദേഹം ഏറ്റെടുത്തതിന് തൊട്ടു പിന്നാലെ ശങ്കര്‍ മോഹിതയ്ക്കും ഓക്കാനവും കടുത്ത വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒക്‌ടോബര്‍ 20 ന് ഇവരും മരണമടഞ്ഞു. പന്‍വേലിലെ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്നേേഹ ഒക്ടോബര് 15 ന് സഹോദരന്‍ തനിക്കും മൂത്ത സഹോദരിക്കും സൂപ്പ് ഉണ്ടാക്കി നല്കിയെന്നും അമ്മ ചെമ്പ് ഗ്ലാസില് വെള്ളം നല്‍കിയെന്നും മരിക്കുന്നതിന് മുമ്പ് സ്‌നേഹ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴിയാണ് നിര്‍ണ്ണായകമായത്.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് വീടിന് പുറത്തെ വാട്ടര്‍ ടാങ്കില്‍ സമീപത്ത് താമസിക്കുന്ന ബന്ധുക്കള്‍ വിഷം കലര്‍ത്തിയതാകാമെന്ന് മാതാവും ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു. ഇതോടെ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാന വനം വകുപ്പില്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയുടെ പിതാവ് 2009 ല്‍ സര്‍വീസില്‍ ഇരിക്കെയാണ് മരണമടഞ്ഞത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് ഗണേഷിന്റെ അമ്മ ആശ്രിതനിയമനത്തില്‍ പെണ്‍മക്കള്‍ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ഗണേഷും രണ്ട് സഹോദരിമാരും തമ്മില്‍ തര്‍ക്കത്തില്‍ കലാശിച്ചു. ഇതിന് പിന്നാലെ അമ്മയുടെയും സഹോദരിമാരുടെയും വ്യാജ ഒപ്പുകള്‍ ഉപയോഗിച്ച് ഗണേഷ് ബാങ്കുകളില്‍ നിന്ന് പണം പിന്‍വലിക്കുകയും സഹോദരിമാരെയും അമ്മയെയും തെറ്റിദ്ധരിപ്പിച്ച് അവരുടെ വീട് പിതാവിന്റെ പേരില്‍ നിന്ന് തന്റെ പേരിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ഗണേഷിനെതിരെ സഹോദരിമാരും അമ്മയും പൊലീസിനും വനംവകുപ്പിനും നല്‍കിയ പരാതികളുടെ രേഖകളും പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അച്ഛന്റെ സ്ഥാനത്ത് വനം വകുപ്പിലെ ജോലിക്ക് എന്‍ഒസി നല്‍കിയാല്‍ സഹോദരിമാര്‍ക്കും അമ്മയ്ക്കും നഷ്ടപരിഹാരവും സ്വത്ത് തുല്യമായി വിതരണം ചെയ്യുമെന്നും ഗണേഷ് വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സഹോദരിമാര്‍ക്കും അമ്മയ്ക്കുമൊപ്പമാണ് താമസിച്ചിരുന്നതെങ്കിലും ഗണേശ് വാഗ്ദാനം ചെയ്തതുപോലെ സ്വത്ത് തുല്യമായി വിതരണം ചെയ്യുന്നതിനെച്ചൊല്ലി തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. സ്വത്ത് വിഭജിക്കണമെന്ന സഹോദരിമാരുടെ നിരന്തരമായ ആവശ്യത്തെത്തുടര്‍ന്നാണ് ഗണേഷ് അവരെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു.