Health

പ്രായം കുറയ്ക്കാൻ 10 തവണ ഇങ്ങനെ ചെയ്താൽ മതി; മരണത്തെ തോൽപ്പിക്കാനിറങ്ങിയ ബ്രയാൻ ജോൺസന്റെ പുതിയ മന്ത്രം

ഭക്ഷണത്തിന് ശേഷമുള്ള 30 മിനിറ്റ് നടത്തത്തേക്കാൾ ആരോഗ്യത്തിന് നല്ലത് 10 സ്ക്വാറ്റുകൾ ചെയ്യുന്നതാണെന്ന അവകാശവാദവുമായി അമേരിക്കൻ ടെക് സംരംഭകനും പ്രായത്തെ തോൽപ്പിക്കാൻ ശ്രമിക്കുന്ന ‘ആന്റി ഏജിംഗ്’ ഇൻഫ്ലുവൻസറുമായ ബ്രയാൻ ജോൺസൺ. ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് 30 മിനിറ്റ് നടക്കുന്നതിനേക്കാൾ 14 ശതമാനം കൂടുതൽ ഫലപ്രദമാണ് ഓരോ 45 മിനിറ്റിലും 10 സ്ക്വാറ്റുകൾ ചെയ്യുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 2024-ൽ പുറത്തുവന്ന ഒരു പഠനത്തെ ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശം.

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ‘ഗ്ലൂക്കോസ് സ്പോഞ്ചുകൾ’ എന്ന് വിളിക്കാവുന്നത് തുടയിലെയും നിതംബത്തിലെയും പേശികളാണ്. ഈ പേശികളെ ഇടയ്ക്കിടെ പ്രവർത്തിപ്പിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ദീർഘനേരം ഒരേയിരുപ്പിൽ ഇരിക്കുന്നത് ഒഴിവാക്കി ഓരോ 45 മിനിറ്റിലും ലളിതമായ വ്യായാമങ്ങൾ ചെയ്യുന്നതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണകരമെന്ന് അദ്ദേഹം വിശദീകരിക്കുന്നു. 30 മിനിറ്റ് നടക്കുന്നത് മോശമാണെന്നല്ല, മറിച്ച് ഇടവേളകൾ എടുത്തുള്ള ഇത്തരം ചെറിയ വ്യായാമങ്ങളാണ് കൂടുതൽ ഫലപ്രദമെന്നും അദ്ദേഹം വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ ഈ വാർത്ത വൈറലായതോടെ നിരവധിപ്പേർ പ്രതികരണങ്ങളുമായി എത്തി. ജോലിത്തിരക്ക് കാരണം ഭക്ഷണത്തിന് ശേഷം നടക്കാൻ സമയം ലഭിക്കാത്തവർക്ക് ഇതൊരു മികച്ച പോംവഴിയാണെന്ന് പലരും അഭിപ്രായപ്പെട്ടു. ദിവസം മുഴുവൻ ഒരേയിരുപ്പിൽ ഇരുന്നിട്ട് വൈകുന്നേരം മാത്രം നടക്കാൻ പോകുന്നതിനേക്കാൾ, ഓരോ മണിക്കൂറിലും കസേരയിൽ നിന്ന് എഴുന്നേറ്റ് പത്ത് സ്ക്വാറ്റുകൾ ചെയ്യുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കുമെന്ന് നെറ്റിസൺസ് കുറിച്ചു. വളരെ ലളിതവും എന്നാൽ അങ്ങേയറ്റം ഫലപ്രദവുമായ ഒരു ആരോഗ്യ രീതിയാണിതെന്ന് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നു.