കലയും സർഗ്ഗാത്മകതയും അതിരുകളില്ലാത്തതാണെന്ന് പറയാറുണ്ടെങ്കിലും, ജീവനുള്ള പരാദങ്ങളെ (parasites) ഉൾപ്പെടുത്തി നിർമ്മിച്ച ഒരു ജപ്പാനീസ് പേന കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. 2021-ൽ ജപ്പാനിലെ കൊച്ചി പ്രിഫെക്ചറിൽ നിന്നുള്ള ഒരാളാണ് ‘അനിസാക്കിസ്’ എന്ന വിഭാഗത്തിൽപ്പെട്ട ജീവനുള്ള വിരകളെ ഉൾപ്പെടുത്തി ഇത്തരമൊരു പേന പുറത്തിറക്കിയത്. 2026-ൽ ഈ പേനയുടെ വീഡിയോ വീണ്ടും ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ഇത് വീണ്ടും ചർച്ചയായത്.
ഏകദേശം 950 യെൻ (ഏകദേശം 500 രൂപയിലധികം) വിലയുള്ള ഈ പേനകൾ ജപ്പാനിലെ ഒരു ഫിഷ് സ്റ്റോറിലാണ് വിൽപനയ്ക്ക് വെച്ചിരുന്നത്. പേനയ്ക്കുള്ളിലെ ദ്രാവകത്തിൽ ഈ വിരകൾ ചലിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. സാധാരണയായി കടൽമത്സ്യങ്ങളിൽ കാണപ്പെടുന്ന ഈ വിരകൾ, പാകം ചെയ്യാത്ത മത്സ്യം കഴിക്കുന്നതിലൂടെ മനുഷ്യശരീരത്തിൽ എത്തിയാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
വീഡിയോ വൈറലായതോടെ വിചിത്രമായ പ്രതികരണങ്ങളാണ് ജനങ്ങളിൽ നിന്ന് വരുന്നത്. “ഇത് ഉപയോഗിച്ച് എഴുതാൻ എനിക്ക് താല്പര്യമില്ല” എന്നും, “ഇത്തരമൊരു പേന നിർമ്മിക്കാൻ ആരാണ് ആവശ്യപ്പെട്ടത്” എന്നും പലരും ചോദിക്കുന്നു. ഒരു ജീവിയെ ഇത്തരത്തിൽ പേനയ്ക്കുള്ളിൽ അടച്ചിടുന്നത് നിയമപരമാണോ എന്നും, ഇത് പൊട്ടി ദ്രാവകം പുറത്തുവന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകില്ലേ എന്നും സോഷ്യൽ മീഡിയ ഉപയോക്താക്കൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.




