Movie News

ആദ്യപകുതിയുടെ ട്രാക്ക് രണ്ടാം പകുതിയില്‍ ഇല്ലെന്ന് വിമര്‍ശനം; രണ്ടാം ദിവസം മുതല്‍ ലിയോയ്ക്ക് കളക്ഷനില്‍ ഇടിവ്

ഹിറ്റ്‌മേക്കര്‍ ലോകേഷ് കനകരാജും ഇളയദളപതി വിജയ് യു ഒന്നിച്ച ലിയോ തീയേറ്റില്‍ എത്തും മുമ്പ് ഉയര്‍ത്തിവിട്ട ഹൈപ്പ് ഭീമാകാരമായിരുന്നു. സിനിമയുടെ ട്രെയിലര്‍ പ്രദര്‍ശനം പോലും വന്‍ വിജയം നേടുകയും ആരാധകര്‍ തീയേറ്റര്‍ തകര്‍ക്കുന്നത് പോലെയുള്ള അനുഭവത്തിന് കാരണമാകുകയും ചെയ്തിരുന്നു.

എന്നാല്‍ ആരാധക ബഹളത്തിന് പിന്നാലെ സിനിമയുടെ രണ്ടാം ദിവസം മുതല്‍ കളക്ഷനില്‍ ഇടിവ് വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഒക്‌ടോബര്‍ 19 ന് തീയേറ്ററില്‍ എത്തിയ സിനിമ പ്രൊഡക്ഷന്‍ ഹൗസ് ഔദ്യോഗികമായി അറിയിച്ച പ്രകാരം ആദ്യ ദിവസം നേടിയത് 148 കോടിയായിരുന്നു. എന്നാല്‍ സിനിമയുടെ രണ്ടാം ദിനം കളക്ഷന്‍ ഏകദേശം 40 കോടി മുതല്‍ 45 കോടി വരെയാണ്. ആദ്യ ദിനം മൂന്നിരട്ടി കളക്ഷന്‍ കണ്ട നിര്‍മ്മാതാവിന് രണ്ടാംദിവസത്തെ കളക്ഷന്‍ കടുത്ത നിരാശയാണ്.

ആരാധകര്‍ കണ്ട ആദ്യ ദിവസം കഴിഞ്ഞപ്പോള്‍ മുതല്‍ ചിത്രത്തിന് ചെറിയ രീതിയിലുള്ള നെഗറ്റീവ് റിവ്യൂകള്‍ ലഭിച്ചു തുടങ്ങിയിരുന്നു. ആദ്യപകുതിയുടെ പേസ് രണ്ടാം പകുതിയില്‍ സിനിമ നിലനിര്‍ത്തുന്നില്ല എന്നാണ് ആക്ഷേപം. രണ്ടാം പകുതി ലോകേഷ് ആയിരിക്കില്ല സംവിധാനം ചെയ്തതെന്നു വരെ വിമര്‍ശനം ഉയരുന്നുണ്ട്. ലോകേഷിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ രത്‌നകുമാറോ സ്റ്റണ്ട് മാസ്റ്റര്‍ അന്‍പരിവോ ലിയോയുടെ രണ്ടാം പകുതി സംവിധാനം ചെയ്തിരിക്കാനും സാധ്യതയുണ്ടെന്നാണ് ഊഹാപോഹം.

അതേസമയം വരും ദിവസങ്ങളില്‍ പൂജ അവധിയായതിനാല്‍ സിനിമയുടെ കളക്ഷന്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. ലിയോ മൊത്തത്തില്‍ 180 കോടി മുതല്‍ 185 കോടി വരെ കളക്ഷന്‍ നേടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് മാത്രം 30 കോടി മുതല്‍ 35 കോടി വരെ കളക്ഷന്‍ നേടിയെന്നാണ് സൂചന.