വായയുടെ ശുചിത്വം എന്നത് ബാക്ടീരിയകളെ നീക്കം ചെയ്ത് വായ വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ടൂത്ത് പേസ്റ്റുകളും മൗത്ത് വാഷുകളും ആന്റിബാക്ടീരിയൽ ഉൽപ്പന്നങ്ങളുമെല്ലാം ഈ ആശയത്തെ മുൻനിർത്തിയാണ് നിർമ്മിക്കപ്പെട്ടത്. എന്നാൽ ശാസ്ത്രം ഇപ്പോൾ ഈ കാഴ്ചപ്പാടിൽ മാറ്റം വരുത്തിയിരിക്കുകയാണ്.
ബാക്ടീരിയകളെ പൂർണ്ണമായും ഇല്ലാതാക്കുക എന്നതല്ല, മറിച്ച് അവയുടെ സന്തുലിതാവസ്ഥ നിലനിർത്തുക എന്നതാകണം ലക്ഷ്യമെന്ന് വിദഗ്ധർ ഇപ്പോൾ പറയുന്നു. കാരണം നമ്മുടെ വായിലുള്ള എല്ലാ സൂക്ഷ്മാണുക്കളും ദോഷകാരികളല്ല, അവയിൽ പലതും നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യവുമാണ്.
വായുടെ ആവാസവ്യവസ്ഥയിൽ നൂറുകണക്കിന് സൂക്ഷ്മാണുക്കളുണ്ട്. അവ ദോഷകാരികളായ ബാക്ടീരിയകളോട് പോരാടാനും വായുടെ പി.എച്ച് നില നിയന്ത്രിക്കാനും രോഗപ്രതിരോധ ശേഷിയെ സഹായിക്കാനും ഉതകുന്നവയാണ്. ഈ സന്തുലിതാവസ്ഥ നിലനിൽക്കുമ്പോഴാണ് അണുബാധകളെയും വീക്കങ്ങളെയും തടയാൻ വായ സജ്ജമാകുന്നത്.
വായ അമിതമായി വൃത്തിയാക്കാൻ ശ്രമിക്കുമ്പോഴാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്. കഠിനമായ ആന്റിബാക്ടീരിയൽ ഉൽപ്പന്നങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്നത് ദോഷകാരികളായ സൂക്ഷ്മാണുക്കളെ മാത്രമല്ല, ശരീരത്തിന് ഗുണകരമായ ബാക്ടീരിയകളെയും നശിപ്പിക്കുന്നു. ‘ഡിസ്ബയോസിസ്’ എന്നറിയപ്പെടുന്ന ഈ അസന്തുലിതാവസ്ഥ മോണരോഗങ്ങൾക്കും വായനാറ്റത്തിനും വീക്കങ്ങൾക്കും കാരണമായേക്കാം.
വായിലെ പ്രശ്നങ്ങൾ അവിടെ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല എന്നതാണ് മറ്റൊരു പ്രധാന കാര്യം. വായിലെ ചീത്ത ബാക്ടീരിയകൾ വയറ്റിലെത്തുകയും (Gut) അവിടുത്തെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ദഹന സംബന്ധമായ തകരാറുകൾ എന്നിവയ്ക്ക് കാരണമാകാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
അതുകൊണ്ട് തന്നെ വായുടെ ആരോഗ്യം കേവലം പല്ലുകളെ മാത്രം ബാധിക്കുന്ന ഒന്നല്ല, അത് നമ്മുടെ മുഴുവൻ ശരീരത്തിന്റെയും ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ബാക്ടീരിയകളെ പൂർണ്ണമായും നശിപ്പിക്കുന്നതിന് പകരം അവയുടെ ശരിയായ സന്തുലിതാവസ്ഥ നിലനിർത്തുന്ന രീതിയിലേക്ക് നമ്മുടെ പരിചരണം മാറേണ്ടതുണ്ട്. വായുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ നശിപ്പിക്കാത്ത തരം ടൂത്ത് പേസ്റ്റുകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ശുചിത്വം പ്രധാനമാണെങ്കിലും വായ അമിതമായി അണുവിമുക്തമാക്കേണ്ടതില്ല. ശരിയായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലൂടെ മാത്രമേ ആരോഗ്യം സംരക്ഷിക്കാൻ കഴിയൂ എന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.




