Oddly News

രണ്ടാഴ്ച, യുവാവിന് പത്തുലക്ഷം ഫോളോവേഴ്‌സ്! സിംപിൾ ട്രിക്സ്, വീട് വാടകയ്ക്കെടുക്കാൻ ടിപ്‌സ് നൽകി

ചൈനയിൽ വീട് വാടകയ്ക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ട ലളിതമായ നിർദ്ദേശങ്ങൾ പങ്കുവെച്ചതിലൂടെ ‘ഗുലുമാവോ’ എന്ന ഇൻഫ്ലുവൻസർ വെറും രണ്ടാഴ്ചയ്ക്കുള്ളിൽ സ്വന്തമാക്കിയത് പത്തു ലക്ഷത്തിലധികം ഫോളോവേഴ്‌സിനെയാണ്. ‘ഷിയാഹോങ്ഷു’ , ‘ഡൗയിൻ’ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇദ്ദേഹം നൽകിയ പ്രായോഗികമായ അറിവുകൾ ചൈനയിലെ ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ വലിയ തരംഗമായി മാറി. ഫെബ്രുവരി 26-ന് ഇദ്ദേഹം പങ്കുവെച്ച ‘യൂത്ത് സ്റ്റഡി: എങ്ങനെ ഒരു വീട് വാടകയ്ക്ക് എടുക്കാം’ എന്ന വീഡിയോ ഇതിനോടകം അമ്പതു ലക്ഷത്തോളം പേർ കണ്ടു കഴിഞ്ഞു.

വീട് വാടകയ്ക്ക് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഗുണദോഷങ്ങൾ, വ്യാജ പരസ്യങ്ങൾ എങ്ങനെ തിരിച്ചറിയാം, ശരിയായ പണമടയ്ക്കൽ രീതികൾ എന്നിവയെല്ലാം ഗുലുമാവോ തന്റെ വീഡിയോകളിലൂടെ ലളിതമായി വിശദീകരിക്കുന്നു. ആകർഷകമായ ചിത്രങ്ങൾ നൽകി കുറഞ്ഞ വാടകയ്ക്ക് പരസ്യം ചെയ്യുന്ന പലതും ഏജന്റുമാരുടെ ചതിക്കുഴികളാണെന്നും, നേരിട്ട് ചെല്ലുമ്പോൾ ഇത്തരം വീടുകൾ ചിത്രങ്ങളുമായി സാമ്യമില്ലാത്തവയാണെന്ന് ബോധ്യപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. പത്തു വർഷത്തോളം സോഷ്യൽ മീഡിയാ മാനേജ്‌മെന്റ് രംഗത്ത് പ്രവർത്തിച്ച പരിചയവുമായാണ് അദ്ദേഹം സ്വന്തമായി ഈ ചാനൽ തുടങ്ങിയത്.

വീട് കണ്ടെത്തുക എന്നത് എല്ലാവരും നേരിടുന്ന വലിയൊരു പ്രശ്നമാണെന്നും എത്രയൊക്കെ മുൻകരുതൽ എടുത്താലും പലരും വഞ്ചിക്കപ്പെടാറുണ്ടെന്നും അദ്ദേഹം പറയുന്നു. മുൻപ് മറ്റ് വിഷയങ്ങളിൽ വീഡിയോകൾ ചെയ്തപ്പോൾ പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയുണ്ടാകുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും, എന്നാൽ വീട് വാടകയ്ക്ക് എടുക്കുന്നതിനെക്കുറിച്ചുള്ള ഈ വീഡിയോ ഉറപ്പായും വൈറലാകുമെന്ന് തനിക്ക് നേരത്തെ തോന്നിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണക്കാരുടെ ദൈനംദിന പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്ന ഉള്ളടക്കത്തിന് സോഷ്യൽ മീഡിയയിൽ എത്രത്തോളം സ്വാധീനമുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നു.