വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗൗതംമേനോന്‍ ചിത്രം ധ്രുവനച്ചത്തിരം, ഒടുവില്‍ ഈ നവംബറില്‍ തിയറ്ററുകളില്‍ റിലീസിന് ഒരുങ്ങുകയാണ്. തമിഴ്സിനിമയിലെ രണ്ടു പ്രഗത്ഭര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരു സ്പൈ ആക്ഷന്‍ ചിത്രമായി കണക്കാക്കപ്പെടുന്നു. സിനിമയുടെ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. അതും ലോകേഷ് കനകരാജിന്റെ വിജയ്ചിത്രം ലിയോയ്ക്കൊപ്പം.
2023 ഒക്ടോബര്‍ 19, വ്യാഴാഴ്ച വലിയ സ്ക്രീനുകളില്‍ എത്തിയ ദളപതി വിജയ് നായകനായ ലിയോയ്ക്കൊപ്പം ധ്രുവനച്ചത്തിരം ട്രെയിലറും ഇപ്പോള്‍ തിയേറ്ററുകളില്‍ എത്തിയതായി സംവിധായകന് ഗൗതംമേനോനും സ്ഥിരീകരിച്ചു. ട്രെയിലര്‍ ഓണ്‍ലൈനിലും റിലീസ് ചെയ്യുന്നുണ്ട്. തിയേറ്ററില്‍ റിലീസ് ചെയ്ത് കൃത്യം അഞ്ച് ദിവസത്തിന് ശേഷം ധ്രുവനച്ചത്തിരം ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ ഇറക്കാനാണ് നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നത്. വിജയദശമി ദിനമായ ഒക്ടോബര്‍ 24 ചൊവ്വാഴ്ച ട്രെയിലര്‍ പുറത്തിറങ്ങും.
പരിശീലനം ലഭിച്ച ഒരു ഇന്ത്യന്‍ ചാരനെയാണ് സിനിമയില്‍ വിക്രം അവതരിപ്പിക്കുക. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള 10 അംഗ രഹസ്യ ഏജന്റുമാരെയും ചുറ്റിപ്പറ്റിയാണ് സിനിമ. ഗൗതം മേനോനും ദീപക് വെങ്കിടേശനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിമ്രാന്, രാധിക ശരത്കുമാര്, ആര് പാര്‍ത്ഥിബന്‍, വിനായകന്, ഋതു വര്‍മ്മ, ദിവ്യ ദര്‍ശിനി, സതീഷ് കൃഷ്ണന്, വംശി കൃഷ്ണ, എന്നിവരുള്‍പ്പെടെയുള്ള ഒരു മികച്ച താരനിരയാണ് ചിത്രത്തില്‍. രണ്ട് ഭാഗങ്ങളായി തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന പ്രോജക്റ്റിന് വേണ്ടി ഗാനങ്ങളും ഒറിജിനല്‍ സ്കോറും ഒരുക്കിയിരിക്കുന്നത് ഹാരിസ് ജയരാജ് ആണ്.