Sports

നെയ്മര്‍ മുംബൈയില്‍ കളിക്കാനെത്തുമോ? ബ്രസീലിയന്‍ സൂപ്പര്‍താരത്തിന്റെ കാര്യം ആശങ്കയില്‍

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഉറുഗ്വേയോട് 2-0ന് ബ്രസീല്‍ തോറ്റമത്സരത്തില്‍ നിരാശയാകുന്നത് ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക്. ഈ കളിയില്‍ കാല്‍മുട്ടിന് പരിക്കേറ്റ നെയ്മര്‍ കണ്ണീരോടെ കളം വിട്ടതോടെ ഇന്ത്യന്‍ ആരാധകര്‍ക്ക് താരത്തിന്റെ കളി നേരില്‍ കാണാനാകുന്ന കാര്യം സംശയത്തിലായി.

നവംബര്‍ 6 ന് നെയ്മറിന്റെ സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലിന് ഏഷ്യന്‍ ചാംപ്യന്‍സ് ലീഗില്‍ ഇന്ത്യയില്‍ മത്സരമുണ്ടായിരുന്നു. ഗ്രൂപ്പ്-സ്റ്റേജില്‍ ഐഎസ്എല്‍ ടീമായ മുംബൈസിറ്റിയുമായുള്ള മത്സരം നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെയാണ് സൂപ്പര്‍താരത്തിന് പരിക്കേറ്റത്. ഇതോടെ മുംബൈയില്‍ നടക്കുന്ന മത്സരത്തില്‍ നെയ്മര്‍ കളിക്കുന്ന കാര്യവും സംശയത്തിലായി.നെയ്മര്‍ കളിക്കാനെത്തുന്നത് പ്രമാണിച്ച് ആരാധകരുടെ ആവേശം കണക്കിലെടുത്ത് മുംബൈ സിറ്റി എഫ്‌സി നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയം ബുക്ക് ചെയ്തിരുന്നു.

ബ്രസീല്‍ ഉറുഗ്വേ മത്സരത്തില്‍ ആദ്യ പകുതിയുടെ അവസാനത്തില്‍ ഓടുന്നതിനിടയില്‍ കാലിടറിയാണ് നെയ്മറിന് പരിക്കേറ്റത്. ഇടത് കാല്‍മുട്ടില്‍ മുറുകെപ്പിടിച്ച് താരം ഗ്രൗണ്ടില്‍ കിടന്നപ്പോള്‍ ഇരു ടീമിലെയും കളിക്കാര്‍ ചുറ്റും കൂടി.നെയ്മറെ ഉടന്‍ തന്നെ സെന്റനാരിയോ സ്റ്റേഡിയത്തില്‍ മെഡിക്കല്‍ സംഘം പരിചരിക്കുകയും പിന്നീട് സ്ട്രെച്ചറില്‍ ഫീല്‍ഡിന് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു. പരുക്കിന്റെ തീവ്രത അറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. സൗദി പ്രോ ലീഗില്‍ ഒപ്പുവെച്ച ഏറ്റവും വിലയേറിയ താരങ്ങളില്‍ ഒരാളായ നെയ്മറിന്റെ മുംബൈയിലെ എവേ മാച്ചിനായി ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് താരത്തിന് പരിക്കേറ്റത്.