Movie News

രണ്ടാം ഷോയ്ക്ക് മുമ്പ് ലിയോ ഇന്റര്‍നെറ്റില്‍; സാമൂഹ്യമാധ്യമങ്ങളില്‍ ലൈവ് സ്ട്രീമിംഗ്

റിലീസിന് മുമ്പ് തന്നെ വന്‍ ഹൈപ്പ് നേടിയിരുന്ന ലോകേഷ് കനകരാജിന്റെ വിജയ് ഫിലിം ലിയോ ഇന്ത്യയിലും വിദേശത്തുമായി ഇന്ന് പുലര്‍ച്ചെ നാലു മണിക്കും അഞ്ചുമണിക്കും ആരാധകര്‍ക്കായുള്ള സ്‌ക്രീനിംഗ് നടത്തിയിരിക്കെ രണ്ടാമത്തെ ഷോ പൂര്‍ത്തിയാകും മുമ്പ് സിനിമയുടെ ഉയര്‍ന്ന നിലവാരത്തിലുള്ള പൈറേറ്റ് വെര്‍ഷന്‍ ഇന്റര്‍നെറ്റിലെത്തിയത് ആരാധകരെ ഞെട്ടിച്ചു.

അജ്ഞാതരായ ചിലര്‍ സിനിമ സാമൂഹ്യമാധ്യമത്തില്‍ ലൈവ് സ്ട്രീമിംഗ് നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററില്‍ നിന്നുമാണ് ചോര്‍ന്നിരിക്കുന്നത്. സിനിമയുടെ പൈറേറ്റ്ഡ് വീഡിയോസ് ഇന്റര്‍നെറ്റില്‍ വന്നാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നേരത്തേ സിനിമയുടെ അണിയറക്കാര്‍ ആരാധകരോട് ആവശ്യപ്പെട്ടിരുന്നു. സിനിമയുടെ സ്‌ക്രീന്‍ഷോട്ടുകളും ചെറിയ ക്ലിപ്പിംഗുകളും നേരത്തേ വൈറലായി മാറിയിരുന്നു. എന്നാല്‍ ആരാധകര്‍ ഉടന്‍ തന്നെ സംഭവം ലിയോയുടെ നിര്‍മ്മാതാക്കളെ ഇത് പ്രത്യക്ഷപ്പെട്ട സോഷ്യല്‍ മീഡിയയുടെയും വെബ്‌സൈറ്റിന്റേയും വിവരം അടക്കം കൈമാറുകയും ചെയ്തു.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ ഓപ്പണിംഗ് ഡേയുടെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതേയുള്ളൂ. ആദ്യ ഷോകളില്‍ തന്നെ സിനിമയ്ക്ക് പോസിറ്റീവ് റിവ്യൂകളാണ് വന്നുകൊണ്ടിരിക്കുന്നത്. ലോകത്തുടനീളമായി 20,000 സ്‌ക്രീനിംഗുകളാണ് സിനിമ നടത്തുന്നത്. തമിഴ്‌സിനിമയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമാണ്.