Lifestyle

മൊട്ടയടിച്ചാൽ താരൻ പമ്പകടക്കുമോ? സത്യമെന്ത്? വിദഗ്ധർ പറയുന്നു!

തല മൊട്ടയടിക്കുന്നത് താരന്‍ പുറമെ കാണുന്നത് കുറച്ചേക്കാം, എന്നാല്‍ ചര്‍മ്മത്തിനടിയില്‍ സംഭവിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നത്തിന് ഇത് പരിഹാരമല്ല. ഏറ്റവും സാധാരണമായ ഒരു ശിരോചര്‍മ്മ പ്രശ്‌നമാണ് താരന്‍. എങ്കിലും ഇതിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും പെട്ടെന്നുള്ള പരിഹാര മാര്‍ഗ്ഗങ്ങളും പ്രചാരത്തിലുണ്ട്. തല മൊട്ടയടിച്ചാല്‍ താരന്‍ പൂര്‍ണ്ണമായും മാറുമെന്നത് അത്തരത്തിലൊരു വിശ്വാസമാണ്. എന്നാല്‍ ഇതിന് ശാസ്ത്രീയമായ വല്ല തെളിവുമുണ്ടോ ?

താനെയിലെ കിംസ് (KIMS) ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ് ഡോ. ശ്വേത നഖാവ പറയുന്നത്, ഈ വിശ്വാസത്തിന് വൈദ്യശാസ്ത്രപരമായ അടിത്തറയില്ലെന്നാണ്. ‘മൊട്ടയടിക്കുന്നത് താരനെ സുഖപ്പെടുത്തില്ല,’ അവര്‍ പറയുന്നു. ‘താരന്‍ ഉണ്ടാകുന്നത് തലയോട്ടിയിലാണ്, മുടിയിലല്ല. മുടി നീക്കം ചെയ്യുമ്പോള്‍ താരന്‍ കഴുകിക്കളയാന്‍ എളുപ്പമായതിനാലോ അല്ലെങ്കില്‍ പെട്ടെന്ന് ശ്രദ്ധയില്‍പ്പെടാത്തതിനാലോ കുറഞ്ഞതായി തോന്നാം. എന്നാല്‍ ഈ മാറ്റം താല്കാലികം മാത്രമാണ്. ചര്‍മ്മത്തിനടിയിലുള്ള ജൈവികമായ കാരണങ്ങള്‍ അപ്പോഴും അവിടെത്തന്നെയുണ്ടാകും.’

മുടി നീക്കം ചെയ്യുന്നത് എന്തുകൊണ്ട് പ്രശ്‌നം പരിഹരിക്കുന്നില്ല ?

എണ്ണമയത്തോടും പൂപ്പലിനോടും (yeast) തലയോട്ടി പ്രതികരിക്കുമ്പോഴാണ് താരന്‍ ഉണ്ടാകുന്നത്. ഇത് ചര്‍മ്മത്തില്‍ ചൊറിച്ചിലിനും കോശങ്ങള്‍ വേഗത്തില്‍ കൊഴിഞ്ഞുപോകുന്നതിനും കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനം, മാനസിക സമ്മര്‍ദ്ദം, ജനിതക ഘടകങ്ങള്‍, ചര്‍മ്മത്തിന്റെ സെന്‍സിറ്റിവിറ്റി എന്നിവയെല്ലാം ഈ അവസ്ഥയെ വഷളാക്കുമെന്ന് ഡോ. നഖാവ വിശദീകരിക്കുന്നു.

‘മൊട്ടയടിക്കുന്നത് എണ്ണ ഗ്രന്ഥികളെ കുറയ്ക്കുകയോ, പൂപ്പല്‍ വളര്‍ച്ചയെ നിയന്ത്രിക്കുകയോ, വീക്കം (inflammation) കുറയ്ക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടാണ് തല മൊട്ടയടിച്ചാലും താരന്‍ വീണ്ടും വരുന്നത്,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

മൊട്ടയടിക്കുന്നത് താരന്‍ കൂടാന്‍ കാരണമാകുമോ ?

‘മൊട്ടയടിക്കുന്നത് തലയോട്ടി നേരിട്ട് സൂര്യപ്രകാശത്തിലേക്കും മലിനീകരണത്തിലേക്കും കഠിനമായ ഉല്‍പ്പന്നങ്ങളിലേക്കും തുറന്നുവെക്കപ്പെടാന്‍ കാരണമാകുന്നു,’ ഡോ. നഖാവ വിശദീകരിക്കുന്നു. ‘റേസര്‍ കൊണ്ടുണ്ടാകുന്ന ചെറിയ മുറിവുകളോ അസ്വസ്ഥതകളോ ചര്‍മ്മത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുകയും വരള്‍ച്ച, ചൊറിച്ചില്‍ അല്ലെങ്കില്‍ ചുവപ്പ് നിറം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും.’

ചര്‍മ്മത്തിന്റെ ഈ പ്രതിരോധം തകരുമ്പോള്‍, സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് പ്രയാസകരമാവുകയും അത് താരനും അസ്വസ്ഥതയും വര്‍ദ്ധിപ്പിക്കുകയും ചെയ്‌തേക്കാം.

കൃത്യമായ പരിചരണത്തിനാണ് ഡോ. നഖാവ ഊന്നല്‍ നല്‍കുന്നത്. ‘മെഡിക്കേറ്റഡ് ആന്റി-ഡാന്‍ഡ്രഫ് ഷാംപൂകള്‍ കൃത്യമായി ഉപയോഗിക്കുന്നതാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. ഇവ പൂപ്പല്‍ നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. മൊട്ടയടിച്ച തലയിലോ ചെറിയ മുടിയിലോ പോലും ഇവ ഉപയോഗിക്കണം.’

ഷാംപൂ തേച്ചതിനുശേഷം കഴുകിക്കളയുന്നതിന് മുമ്പ് കുറച്ചുനേരം തലയില്‍ വെക്കുന്നത് ഗുണം ചെയ്യും. കൂടാതെ, വീര്യം കൂടിയ സോപ്പുകള്‍ ഉപയോഗിച്ച് അമിതമായി തല കഴുകുന്നത് ഒഴിവാക്കാനും, വെയിലില്‍ നിന്ന് തലയോട്ടിയെ സംരക്ഷിക്കാനും, മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും അവര്‍ നിര്‍ദ്ദേശിക്കുന്നു. ‘താരന്‍ എന്നത് ചര്‍മ്മവുമായി ബന്ധപ്പെട്ട ഒരു അവസ്ഥയാണ്,’ ‘മുടി നീക്കം ചെയ്യുന്നതിലല്ല, മറിച്ച് തലയോട്ടിക്ക് ചികിത്സ നല്‍കുന്നതിലാണ് കാര്യം.’ – അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *