Movie News

‘ദ കേരള സ്റ്റോറി 2’ വരുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യഥാർത്ഥ ഇരയുടെ മാതാവ്; “അവൾ മതം മാറിയില്ല, സ്വയം ബലിയർപ്പിച്ചു”

ദ കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ ഫെബ്രുവരി 27-ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. എന്നാൽ തിയേറ്ററുകളിൽ എത്തുന്നതിന് മുൻപേ തന്നെ ചിത്രം വലിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയിട്ടുണ്ട്. ഇതൊരു ‘പ്രചരണ ചിത്രം’ (Propaganda) ആണെന്നാണ് പലരും ആരോപിക്കുന്നത്.

മുൻ സിനിമയുടെ നേരിട്ടുള്ള തുടർച്ചയല്ലെങ്കിലും, നിർബന്ധിത മതപരിവർത്തനമെന്ന പ്രമേയത്തിൽ തന്നെയാണ് ഈ ഭാഗവും ഒരുക്കിയിരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മൂന്ന് ഹൈന്ദവ യുവതികൾ കുടുംബത്തിന്റെ എതിർപ്പ് മറികടന്ന് മുസ്ലീം യുവാക്കളുമായി പ്രണയത്തിലാകുന്നതാണ് സിനിമയുടെ ഇതിവൃത്തം.

യഥാർത്ഥ ഇരയുടെ അമ്മയുടെ വെളിപ്പെടുത്തൽ

സിനിമയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ, തിങ്കളാഴ്ച ഡൽഹിയിൽ അണിയറപ്രവർത്തകർ വാർത്താ സമ്മേളനം നടത്തി. യഥാർത്ഥ ഇരകളെന്ന് അവകാശപ്പെടുന്ന ചിലരെ ചടങ്ങിൽ വേദിയിലെത്തിച്ചിരുന്നു. ഇതിനിടെ, ഹരിയാനയിലെ ഫരീദാബാദിൽ നിന്നുള്ള ഒരു അമ്മ തന്റെ മകളുടെ മരണത്തെക്കുറിച്ച് ഓർത്ത് പൊട്ടിക്കരഞ്ഞു. 2020-ൽ തന്റെ മകൾ വെടിയേറ്റു മരിച്ച സംഭവമാണ് അവർ വിവരിച്ചത്.

അവർ പറഞ്ഞത് ഇങ്ങനെ: “ഇത് 2020 ഒക്ടോബർ 20-നാണ് നടന്നത്. എന്റെ മകളുടെ സൗന്ദര്യവും പഠനത്തിലെ മികവും കാരണമാണ് അവൾ ലക്ഷ്യം വെയ്ക്കപ്പെട്ടതെന്ന് എനിക്ക് തോന്നുന്നു. അവൾ സ്‌കൂളിലും കോളേജിലും ടോപ്പറായിരുന്നു. സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ആരോ അവളെ ശ്രദ്ധിക്കുകയും നിർബന്ധിത വിവാഹത്തിനായി സമ്മർദ്ദം ചെലുത്തുകയും ചെയ്തു…”

തന്റെ മകളെ തട്ടിക്കൊണ്ടുപോയി യുവാവിന്റെ വീട്ടിലെത്തിച്ചെന്നും അവിടെ വെച്ച് മതം മാറാനും വിവാഹം കഴിക്കാനും അവന്റെ കുടുംബം നിർബന്ധിച്ചെന്നും അവർ ആരോപിച്ചു. തങ്ങൾ രജപുത്രരാണെന്നും യുവാവ് മുസ്ലീമാണെന്നും അവർ പറഞ്ഞു. എന്നാൽ മകൾ ഈ വിവാഹത്തിന് വഴങ്ങിയില്ല. വിവാഹം നടത്തിക്കൊടുക്കാൻ ഒരു അഭിഭാഷകൻ അവിടെ ഉണ്ടായിരുന്നിട്ടും അവൾ സമ്മതിച്ചില്ലെന്ന് അമ്മ അവകാശപ്പെട്ടു.

പിന്നീട് മകൾ എവിടെയാണെന്ന് അറിഞ്ഞ് തങ്ങൾ അവിടെയെത്തി അവളെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. യുവാവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തെങ്കിലും രാഷ്ട്രീയ സ്വാധീനം കാരണം 2-4 മാസത്തോളം നടപടിയൊന്നും ഉണ്ടായില്ലെന്ന് അവർ ആരോപിച്ചു. “അവന്റെ കുടുംബത്തിലെ മുത്തച്ഛനും അമ്മാവനും സഹോദരനുമെല്ലാം രാഷ്ട്രീയക്കാരാണ്. കോൺഗ്രസ് നേതാക്കളുമായി അവർക്ക് അടുത്ത ബന്ധമുണ്ട്, അതുകൊണ്ട് ഒന്നും സംഭവിച്ചില്ല,” അവർ കൂട്ടിച്ചേർത്തു.

‘എന്റെ മകൾ രക്തസാക്ഷിയായി’

രണ്ട് വർഷത്തിന് ശേഷം മകൾ പഠനം പുനരാരംഭിച്ചെങ്കിലും, ബി.കോം ഫൈനൽ പരീക്ഷ കഴിഞ്ഞ് കോളേജിന് പുറത്തിറങ്ങിയ അവളെ വീണ്ടും തട്ടിക്കൊണ്ടുപോകാൻ യുവാവ് ശ്രമിച്ചതായി അമ്മ പറഞ്ഞു. കാറിൽ പിന്തുടർന്ന് തോക്കുമായി വന്ന യുവാവിൽ നിന്ന് രക്ഷപ്പെടാൻ അവൾ ശ്രമിച്ചു.

വികാരാധീനയായി അമ്മ പറഞ്ഞു: “എന്റെ മകൾ തോറ്റുകൊടുത്തില്ല. പോരാടി അവൾ രക്തസാക്ഷിയായി. അവളെ ഞാൻ രക്തസാക്ഷി എന്ന് തന്നെ വിളിക്കും. സ്വന്തം ധർമ്മത്തിന് വേണ്ടി അവൾ ജീവൻ ബലി നൽകി, പക്ഷേ ഒത്തുതീർപ്പിന് തയ്യാറായില്ല.”

Leave a Reply

Your email address will not be published. Required fields are marked *