Featured Spotlight

പ്രേംകുമാറുമായി സംസാരിച്ച് കെ സി വേണുഗോപാലും സണ്ണി ജോസഫും, തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കും?

നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാറുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സംസാരിച്ചു. പ്രേംകുമാർ കോൺഗ്രസുമായി സഹകരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇവർ ഫോണിൽ ബന്ധപ്പെട്ടത്.

അതിനിടെ കോൺഗ്രസിലേക്കെന്ന വാർത്ത തളളാതെ പ്രേംകുമാർ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്നെ വിളിച്ചെന്ന് പ്രേംകുമാർ. സൗഹൃദത്തിൻ്റെ ഭാഗമായി കെ സി വിളിക്കാറുണ്ട് പക്ഷെ ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി മാറുമോയെന്ന ചോദ്യത്തിൽ നാളെ എന്ത് സംഭവിക്കുമെന്ന് പറയാനാവില്ലെന്നായിരുന്നു പ്രേംകുമാറിന്റെ വിശദീകരണം.

ആറ് മാസമായി ഒരു പരിപാടിയ്ക്കും എന്നെ വിളിച്ചിട്ടില്ല. സിനിമാ കോൺക്ലേവിൽ പോലും വിളിച്ചിരുന്നില്ല. കെ സി വേണുഗോപാലിനെ ഇടയ്ക്ക് കാണാറുണ്ട്.
തുറന്ന് എഴുതിയ ശേഷവും എന്നെ അദ്ദേഹം വിളിച്ചിരുന്നു. എന്നോട് കാണിച്ചത് അനീതിയാണെന്ന് കെ സിയും പറഞ്ഞു. കടകംപളളി സുരേന്ദ്രനും തന്നെ വിളിച്ചിരുന്നുവെന്നും പ്രേംകുമാർ പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും തന്നെ മാറ്റിയതിനെതിരെ പ്രേംകുമാർ സർക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ അദ്ദേഹം തന്റെ കുടുംബത്തിന്റെ കോൺഗ്രസ് പശ്ചാത്തലവും കെഎസ്‌യുകാലത്തെ ഓർമകളും പങ്കുവെച്ചിരുന്നു. ഇതോടെയാണ് പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്. നാളെ തിരുവനന്തപുരത്ത് കെ സി വേണുഗോപാലുമായി നിർണായക കൂടിക്കാഴ്ചകൾ ഉണ്ടാകുമെന്നാണ് വിവരം. കോൺഗ്രസിലേക്ക് ചേക്കേറിയാൽ പ്രേംകുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനും കോൺഗ്രസ് നീക്കമുണ്ട്. നെയ്യാറ്റിൻകര, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിലായിരിക്കും പ്രേംകുമാറിനെ പരിഗണിക്കുക.

Leave a Reply

Your email address will not be published. Required fields are marked *