ബോളിവുഡിലെ വിവാദ നായിക രാഖി സാവന്ത്, അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് മോശമായ പരാമര്‍ശവുമായി വീണ്ടും രംഗത്ത് എത്തിയിരിയ്ക്കുകയാണ്. അമിതാഭ് ബച്ചന് രേഖയെ വിവാഹം കഴിയ്ക്കണമായിരുന്നു എന്നാണ് രാഖി പറയുന്നത്. വിവാദപരമായ പല പ്രസ്താവനകളും നടത്തി വിമര്‍ശനങ്ങള്‍ക്ക് ഇടയാകുന്ന താരമാണ് രാഖി.
അടുത്തിടെ നടന്ന ഒരു അഭിമുഖത്തിലാണ് രാഖി, ബച്ചന് കുടുംബത്തെക്കുറിച്ചും അമിതാഭ്-രേഖ പ്രണയത്തെക്കുറിച്ചും സംസാരിച്ചത്. ജയ ബച്ചന്റെ ഫാഷന്‍ സെന്‍സിനെ പരിഹസിച്ചും ബിഗ് ബി-യെ അനാദരവോടെ അനുകരിച്ചും രാഖി പ്രസ്താവന നടത്തി. ‘അമിത് ജി, നിങ്ങള്‍ രേഖയെ സ്വീകരിക്കൂ. ഇപ്പോള്‍ എന്തായാലും രണ്ട് ഭാര്യമാര്‍ എന്നത് ഒരു ട്രെന്‍ഡ് ആണല്ലോ,’ എന്നാണ് രാഖി ക്യാമറയ്ക്ക് മുന്നില്‍ പറഞ്ഞത്. അമിതാഭ് ബച്ചന്റെ പ്രശസ്തമായ ‘കഭി കഭി’ എന്ന ഗാനത്തിന്റെ വരികള്‍ പരിഹസിക്കുന്ന രീതിയില്‍ രാഖി പാടുകയും ചെയ്തു.
‘എന്തിനാണ് അമിതാഭ് ജി ജയ ബച്ചനെ തിരഞ്ഞെടുത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കോടീശ്വരി ആയിരുന്നിട്ടും ജയ ജി ഒരു നല്ല സല്‍വാര്‍ കമ്മീസ് പോലും ധരിക്കാറില്ല,’ എന്ന് രാഖി പരിഹസിച്ചു. ജയ ബച്ചനെ തന്റെ ജന്മദിനത്തിന് ക്ഷണിക്കുകയാണെങ്കില്‍ നല്ലൊരു ഡ്രസ്സ് സമ്മാനമായി നല്‍കാമെന്നും, ജയ മുടി കളര്‍ ചെയ്യണമെന്നും ബോട്ടോക്സ് (Botox) ചികിത്സ ചെയ്യണമെന്നും രാഖി പറഞ്ഞു. ‘നിങ്ങളുടെ ഭര്‍ത്താവ് അമിതാഭ് ബച്ചനാണ്’ എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു രാഖിയുടെ ഈ ഉപദേശം. രേഖയും ജയയും തമ്മില്‍ ഒരാളെ അമിതാഭ് ബച്ചനായി തിരഞ്ഞെടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടാല്‍ താന്‍ രേഖയെ മാത്രമേ തിരഞ്ഞെടുക്കൂ എന്നും രാഖി കൂട്ടിച്ചേര്‍ത്തു.
പതിവു പോലെ തന്നെ രാഖിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തി. മുതിര്‍ന്ന താരങ്ങളെ ഇത്രയും മോശമായി അപമാനിച്ചത് ശരിയായില്ല എന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം. ‘ബിഗ് ബോസ് മറാത്തി 6’-ലാണ് രാഖി അവസാനമായി പ്രത്യക്ഷപ്പെട്ടത്.




