Sports

ലോകചാംപ്യന് മേല്‍ അഫ്ഗാനിസ്ഥാന്‍ ചരിത്രം കുറിച്ചു ; ജീവന്‍വെച്ചത് മറ്റ് ലോകചാംപ്യന്മാര്‍ക്ക്

അട്ടിമറികള്‍ പുതിയ കാര്യമല്ലാത്ത ലോകകപ്പില്‍ നിലവിലെ ചാംപ്യന്മാരായ ഇംഗ്‌ളണ്ടിനെ തകര്‍ത്ത് ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാന്‍ ചരിത്രവിജയം കുറിച്ചപ്പോള്‍ ജീവന്‍ വീണത് മറ്റൊരു മുന്‍ ചാംപ്യന്മാരായ ഓസ്‌ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കും. ഇന്നലെ നടന്ന മത്സരത്തില്‍ 69 റണ്‍സിനാണ് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ തറവാട്ടില്‍ കയറി അടിച്ചത്.

റഹ്മാനുള്ള ഗുര്‍ബാസിന്റെയും ഇക്രാന്റെയും ബാറ്റിംഗ് മികവും റഷീദ്ഖാന്റെയും മുജീബുര്‍ റഹ്മാന്റെയും ബൗളിംഗും പിന്നെ തകര്‍പ്പന്‍ ഫീല്‍ഡിംഗും കൂടിയായപ്പോള്‍ ഇംഗ്‌ളണ്ട് വീണുപോയി. 57 പന്തുകളില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറും പറത്തിയ ഗുര്‍ബാസ് 87 റണ്‍സ് എടുത്തപ്പോള്‍ ഇക്രം 66 പന്തുകളില്‍ 58 റണ്‍സും നേടി. റഷീദ് ഖാനും മുജീബുര്‍ റഹ്മാനും മൂന്ന് വിക്കറ്റുകളും വീഴ്ത്തി. 61 പന്തുകളില്‍ 66 റണ്‍സ് എടുത്ത ഹാരി ബ്രൂക്കിന് മാത്രമാണ് ഇംഗ്‌ളണ്ട് നിരയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞത്.

മൂന്ന് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ ഇംഗ്‌ളണ്ട് ജയിച്ചിട്ടുണ്ട്. ബംഗ്‌ളാദേശിനോടും ഇന്ത്യയോടു ആദ്യ രണ്ടു മത്സരത്തില്‍ തോറ്റ അഫ്ഗാനിസ്ഥാന്‍ ആരാധകര്‍ക്ക് തങ്ങളുടെ ടീം നിലവിലെ ചാംപ്യന്മാരായ ഇംഗ്‌ളണ്ടിനെ തോല്‍പ്പിച്ചതോടെ കിട്ടിയ ആഹ്‌ളാദം ചില്ലറയല്ല.

ആദ്യ മത്സരത്തില്‍ ന്യൂസിലന്റിനോട് തോറ്റ ഇംഗ്‌ളണ്ട് രണ്ടാം മത്സരത്തില്‍ ബംഗ്‌ളാദേശിനെ തോല്‍പ്പിച്ചിരുന്നു. എന്തായാലും ആദ്യ മത്സരത്തില്‍ ഇന്ത്യയോടും പിന്നാലെ ദക്ഷിണാഫ്രിക്കയോടും തോറ്റ ഓസ്‌ട്രേലയയും ദക്ഷിണാഫ്രിക്കയോടും പാകിസ്താനോടും തകര്‍ന്ന ശ്രീലങ്കയും തമ്മിലാണ് ഇന്ന് മത്സരം. ഏതു നിമിഷവും ടൂര്‍ണമെന്റിലേക്ക് തിരികെ പ്രവേശിക്കാന്‍ ശേഷിയുള്ള ടീമുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീലങ്ക ഓസ്‌ട്രേലിയ ടീമുകള്‍ ആദ്യ വിജയം തേടിയാണ് ഇന്നിറങ്ങുന്നത്.