Celebrity

ആദ്യ സിനിമയില്‍ ശമ്പളം 500 രൂപ, രണ്ടാം സിനിമയില്‍ നായിക; ത്രിഷ ഇപ്പോള്‍ വാങ്ങുന്ന പ്രതിഫലം എത്രയെന്ന് അറിയാമോ?

ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയ നായികമാരില്‍ ഒരാളാണ് തൃഷ. രണ്ടര പതിറ്റാണ്ടായി ബിഗ് സ്‌ക്രീനില്‍ സജീവ സാന്നിധ്യമായ തൃഷ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് ഗോസിപ്പുകളിലും അനാവശ്യ വാര്‍ത്തകളിലും വീണുപോയെങ്കിലും മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വനിലൂടെ താരം വമ്പന്‍ തിരിച്ചവരവാണ് നടത്തിയത്.

ആദ്യ സിനിമയില്‍ 500 രൂപ പ്രതിഫലം വാങ്ങിയ നടി ഏറ്റവും പുതിയ സിനിമ ലിയോയില്‍ വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ? 16-ാം വയസ്സില്‍ ജോഡി എന്ന ചിത്രത്തിലൂടെയാണ് തൃഷ അഭിനയ യാത്ര ആരംഭിച്ചത്. കരിയറിലെ രണ്ടാമത്തെ ചിത്രത്തില്‍ തന്നെ തൃഷ നായികയായി. 2002ല്‍ വന്ന ‘മൗനം പേസിയതെ’ ആയിരുന്നു ഈ ചിത്രം. തെലുങ്കിലും നടി വെന്നിക്കൊടി പാറിച്ചു. പ്രഭാസിനൊപ്പം അഭിനയിച്ച ആദ്യ തെലുങ്ക് ചിത്രമായ ‘വര്‍ഷം’ താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു.

സിനിമാ മേഖലയിലെ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ തുടര്‍ച്ചയായി ആരാധകരെ ആകര്‍ഷിക്കുന്നു.മണിരത്‌നത്തിന്റെ പൊന്നിയിന്‍ ശെല്‍വത്തിന് വേണ്ടി താരം രണ്ടുകോടി രൂപയായിരുന്നു പ്രതിഫലം വാങ്ങിയത്. ഈ ചിത്രം വന്‍ വിജയമായതോടെ നടി ഒറ്റയടിക്ക് മൂന്ന് കോടിരൂപയാണ് കൂട്ടിയത്. ലോകേഷ് കനകരാജ് വിജയ് കൂട്ടുകെട്ട് സിനിമ ലിയോയ്ക്കായി നടി അഞ്ചുകോടി രൂപ വാങ്ങിയെന്നാണ് കേള്‍ക്കുന്നത്. വരാനിരിക്കുന്ന തന്റെ പുതിയ ചിത്രത്തിനായി നടി 10 കോടി രൂപ വാങ്ങിയതായിട്ടാണ് വിവരം. അതേസമയം വിജയ് യും ത്രിഷയും 14 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന സിനിമയായ ലിയോ ഈ മാസം 19 നാണ് തീയേറ്ററില്‍ എത്തുന്നത്.