Sports

ആയുഷി സോണി; വനിതാ പ്രീമിയര്‍ ലീഗില്‍ ‘റിട്ടയേഡ്‌ ഔട്ടാ’യ ആദ്യ താരം

നവി മുംബൈ: ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റില്‍ ”റിട്ടയേഡ്‌ ഔട്ടാ”കുന്ന ആദ്യ താരമായി ഗുജറാത്ത്‌ ജയന്റ്‌സിന്റെ ആയുഷി സോണി. മുംബൈ ഇന്ത്യന്‍സിനെതിരേ 14 പന്തില്‍ 11 റണ്ണെടുത്തു നില്‍ക്കേതാണ്‌ ആയുഷി റിട്ടയേഡ്‌ ഔട്ടായത്‌.
ഡല്‍ഹിക്കാരിയായ ആയുഷിയുടെ പ്രീമിയര്‍ ലീഗിലെ കന്നി മത്സരമാണിത്‌. പരുക്കേറ്റ്‌ അനുഷ്‌ക ശര്‍മയ്‌ക്കു പകരമാണു ടീമിലെത്തിയത്‌. ആയുഷി റിട്ടയേഡ്‌ ഔട്ടായതോടെ പകരമെത്തിയ ഭാരതി ഫുല്‍മാലി 15 പന്തില്‍ മൂന്ന്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 36 റണ്ണുമായി പുറത്താകാതെനിന്നു. പേസ്‌ ബൗളിങ്‌ ഓള്‍റൗണ്ടറായ ആയുഷിയെ ഗുജറാത്ത്‌ 30 ലക്ഷം രൂപയ്‌ക്കാണു സ്വന്തമാക്കിയത്‌.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 2021 ല്‍ നടന്ന ട്വന്റി20 മത്സരത്തില്‍ കളിച്ച്‌ രാജ്യാന്തര ക്രിക്കറ്റിലും അരങ്ങേറിയിരുന്നു. വനിതാ ട്വന്റി20 യില്‍ 38-ാം തവണയാണ്‌ ഒരു ബാറ്റര്‍ റിട്ടയേഡ്‌ ഔട്ടാകുന്നത്‌. മുംബൈക്കെതിരേ ആദ്യം ബാറ്റ്‌ ചെയ്‌ത ഗുജറാത്ത്‌ അഞ്ച്‌ വിക്കറ്റിന്‌ 192 റണ്ണെടുത്തു. ജോര്‍ജിയ വാറെം (33 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം പുറത്താകാതെ 43), ബെത്‌ മൂണി (26 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 33), കനിക അഹുജ (18 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 35) എന്നിവര്‍ മികച്ച ബാറ്റിങ്‌ പുറത്തെടുത്തു.

ഓപ്പണര്‍ സോഫി ഡെവിന്‍ (എട്ട്‌), നായിക ആഷ്‌ലീഗ്‌ ഗാഡ്‌നര്‍ (11 പന്തില്‍ 20) എന്നിവര്‍ നിരാശപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യു.പി. വാരിയേഴ്‌സിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഒന്‍പത്‌ വിക്കറ്റിനു ജയിച്ചിരുന്നു.