Crime

കര്‍ണാടകത്തില്‍ ആദായനികുതി റെയ്ഡ് ; 23 പെട്ടികളില്‍ നിന്നും കണ്ടെത്തിയത് 42 കോടി രൂപ

ബെംഗളൂരു: കര്‍ണാടകത്തില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 23 പെട്ടികളിലായി അടുക്കി വെച്ചിരുന്ന 42 കോടിയോളം രൂപ കണ്ടെത്തി. ബെംഗളൂരു നഗരത്തില്‍ മുന്‍ കോര്‍പ്പറേറ്ററുടെയും മുന്‍ കോണ്‍ട്രാക്ടറുടേയും വസതിയില്‍ നിന്നാണ് പണം പിടിച്ചത്.

കര്‍ണാടക സ്റ്റേറ്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റാണ് ഒരു ബില്‍ഡറായ അംബികാപതി. ഭാര്യ അശ്വതമ്മ 1995ല്‍ ഒരിക്കല്‍ കോര്‍പ്പറേറ്ററായിരുന്നു. പണം നിറച്ച കാര്‍ട്ടണുകള്‍ ഒരു കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു റെയ്ഡ് ഐടി സംഘം കണ്ടെത്തുന്നത്. 500 രൂപയുടെ വിവിധ കെട്ടുകളായിട്ടാണ് പണം സൂക്ഷിച്ചിരുന്നതെന്ന് ഡക്കാണ്‍ ക്രോണിക്കിളിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എട്ടു വര്‍ഷത്തോളമായി അംബികാപതി കോണ്‍ട്രാക്ടര്‍ ജോലികള്‍ എടുക്കുന്നത് നിര്‍ത്തിയതായും റിയല്‍ എസ്റ്റേറ്റ്, കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതായും പറയപ്പെടുന്നു. പിടിച്ചെടുത്ത പണം തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ഉപയോഗിക്കാനായിരുന്നുവെന്ന് സംശയിക്കുന്നതായും റെയ്ഡില്‍ ജനതാദള്‍ സെക്യുലര്‍ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു.