Featured Travel

ഭക്ഷണം, യാത്ര, ഫിറ്റ്‌നെസ് എന്നിവയ്ക്കായി ഒരുവർഷം ചെലവഴിച്ചത് 47 ലക്ഷം; വിവരിച്ച് ദമ്പതികൾ

ഇന്നത്തെ തലമുറ ആഘോഷങ്ങള്‍ക്കും യാത്ര ചെയ്യാനുമൊക്കെ സമയം കണ്ടെത്തുന്നവരാണ്. ഇപ്പോള്‍ ബെംഗളൂരു സ്വദേശികളായ ദമ്പതികള്‍ 2025ല്‍ ജീവിക്കാനായി ചെലവഴിച്ച തുക കേട്ട് അമ്പരന്നിരിക്കുകയാണ് നെറ്റിസണ്‍സ്. കണ്ടന്റ് ക്രിയേറ്റര്‍മാരായ പ്രകൃതി അറോറയും ആഷിഷ് കുമാറും തങ്ങളുടെ ജീവിത ചിലവുകളായ വാടക, ഫിറ്റ്‌നെസ്, ഷോപ്പിങ് എന്നിവയ്ക്കായി മൊത്തത്തില്‍ 47ലക്ഷം രൂപ ചെലവഴിച്ചെന്നാണ് പറയുന്നത്.

‘ഒരു പേപ്പറും പേനയും എടുത്ത് സാമ്പത്തിക അവലോകനം നടത്തൂ. ഇതാണ് കൃത്യമായ സമയം.’ – എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ വാടകയ്ക്ക് താമസിക്കുന്ന ദമ്പതികള്‍ അഞ്ചുലക്ഷം രൂപയാണ് കഴിഞ്ഞ വര്‍ഷം വാടകയിനത്തില്‍ നല്‍കിയത്. ഫിറ്റ്‌നസ്സിനുചെലവായത് ഒരുലക്ഷം രൂപയും ഇതിന്റെ ഭാഗമായി ആരോഗ്യകരമായ ഭക്ഷണം കഴിക്കാനായി ചെലവാക്കിയത് 1.5ലക്ഷം രൂപയുമാണ്. വാഹനം, വസ്ത്രം എന്നീ ഇനത്തില്‍ ചെലവായത് 1.3ലക്ഷം രൂപ. യാത്രയ്ക്കായിരുന്നു ഏറ്റവും വലിയ തുക ചെലവാക്കിയത്.

ആറു വന്‍കരകളിലായി 13 രാജ്യങ്ങളില്‍ സഞ്ചരിച്ചു. 63 വിമാനയാത്രകള്‍ നടത്തി. 121 രാത്രികള്‍ വിവിധ ഹോട്ടലുകളില്‍ ചെലവഴിച്ചു. യാത്രയ്ക്കു മാത്രം ചെലവാക്കിയത് 29ലക്ഷം രൂപയാണെന്നും ദമ്പതികള്‍ വ്യക്തമാക്കി. സമൂഹമാധ്യമത്തില്‍ കണ്ടന്റുകള്‍ നിര്‍മിക്കുന്നതിനായി 2.5ലക്ഷം രൂപയുടെ ഉപകരണങ്ങള്‍ വാങ്ങി. മറ്റ് ഷോപ്പിങ്ങുകള്‍ക്കു മാത്രമായി ചെലവഴിച്ചത് 4 ലക്ഷം രൂപയാണ്. ഇതെല്ലാം കൂടിയാണ് 47ലക്ഷം രൂപയായതെന്നും ദമ്പതികള്‍ വ്യക്തമാക്കി. പതിവായി സാമ്പത്തിക അവലോകനങ്ങള്‍ നടത്താറുണ്ടെന്നും ദമ്പതികള്‍ പറഞ്ഞു.