Sports

ക്വിന്റണ്‍ ഡീകോക്ക് തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും തകര്‍ത്തു ; ലാറയും ജയവര്‍ദ്ധനെയും ഉള്‍പ്പെട്ട ഇതിഹാസങ്ങളുടെ ക്ലബ്ബില്‍

ലോകത്തെ ഏറ്റവും കിടയറ്റ ബാറ്റ്‌സ്മാന്‍മാരുടെ ഒരു വലിയ നിരയാണ് ഇന്ത്യന്‍ ടീമിലുള്ളത്. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡീകോക്കിന്റെ ഈ നേട്ടത്തിനടുത്ത് പോലുമില്ല. ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടു മത്സരങ്ങളില്‍ സെഞ്ച്വറി എന്ന നേട്ടമാണ് ഡീകോക്ക് നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയെ അടിച്ചുപറത്തിയ ഡീകോക്ക് രണ്ടാം മത്സരത്തില്‍ ഇരയാക്കിയത് ഓസ്‌ട്രേലിയയെയാണ്.

ലഖ്നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഡീകോക്കിന്റെ പ്രകടനം. 106 പന്തുകളില്‍ നിന്നും 109 റണസാണ് ഡീകോക്ക് നേടിയത്. 8 ബൗണ്ടറികളും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു ഡീകോക്കിന്റെ ഇന്നിംഗ്‌സ്. ശ്രീലങ്കയ്ക്ക് എതിരേ കഴിഞ്ഞ മത്സരത്തില്‍ 84 പന്തില്‍ ഡീകോക്ക് സെഞ്ച്വറി നേടിയിരുന്നു. ടോസ് നേടിയ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് വിടുകയായിരുന്നു.

നായകന്‍ ടെംബ ബാവുമയോടൊപ്പം ചേര്‍ന്ന്, ഡി കോക്കിന്റെ അവിശ്വസനീയമായ ഇന്നിംഗ്സ് കൂട്ടുകെട്ട് 100 റണ്‍സിന് മുകളിലേക്ക് പോയി. 90 പന്തില്‍ 100 ലെത്തിയ ഡീകോക്ക് സെഞ്ച്വറി നേടിയ പിന്നാലെ പുറത്താകുകയും ചെയ്തു. മാക്‌സ്‌വെല്ലിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാകുകയായിരുന്നു.

ഇതോടെ അസാധാരണമായ ഒരു നേട്ടമാണ് ഡീകോക്കിന് ഉണ്ടായത്. പാക് നായകന്‍ ബാബര്‍ അസം, മുന്‍ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ബ്രയാന്‍ ലാറ, ശ്രീലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനെ തുടങ്ങിയ ക്രിക്കറ്റ് ഇതിഹാസങ്ങളാണ് ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടുകളിയില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരങ്ങള്‍.