Featured Lifestyle

ബൈക്കിൻ്റെ സ്ഥം മതി, 1.99 ലക്ഷം രൂപയുടെ ഇലക്‌ട്രിക് കാറുമായി ഇന്ത്യൻ കമ്പനി

ഇന്ത്യന്‍ വിപണിക്കായി ഇലക്ട്രിക് ക്വാഡ്രിസൈക്കിള്‍ നിര്‍മിക്കുന്ന ബ്രാന്‍ഡാണ് വിംഗ്സ് ഇവി (Wings EV). കുറച്ച് നാളുകള്‍ക്ക് മുമ്പ് കമ്പനി റോബിന്‍ ഇവി എന്നൊരു കുഞ്ഞന്‍ 2 സീറ്റര്‍ ഇവിയെ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇതിന്റെ ഡെലിവറി ആരംഭിക്കാന്‍ കമ്പനി തയാറെടുക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുകയാണ് കാര്‍ടോക്ക്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിംഗ്സ് ഇവിയാണ് ഇത്തരത്തിലൊരു വാഹനം രാജ്യത്തിനായി സമര്‍പ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിപണിയില്‍ അവതരിപ്പിച്ച ബൈക്കിന്റെ വലിപ്പത്തിലുള്ള ഇലക്ട്രിക് കാര്‍ അഥവാ ക്വാഡ്രിസൈക്കിള്‍ ആണ് റോബിന്‍ ഇവി. 2+1 കിഡ് ക്വാഡ്രിസൈക്കിള്‍ എന്ന് ഇതിനെ വിശേഷിപ്പിക്കാം.

ഇവിക്ക് 2.25 മീറ്റര്‍ നീളവും 945 മില്ലീമീറ്റര്‍ വീതിയും 1,560 മില്ലീമീറ്റര്‍ ഉയരവുമേയുള്ളൂ. ഒരു മോട്ടോര്‍സൈക്കിളിന്റെ അത്രയും സ്ഥലം മാത്രമേ ഇതിന് ആവശ്യമുള്ളൂ. ഈ കാര്‍ പൂര്‍ണമായും പുതുതായി നിര്‍മിച്ചതാണെന്ന് വിംഗ്സ് ഇവി പറയുന്നു. കൂടാതെ ബാറ്ററി കാറിന്റെ ഫ്‌ലോറില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു LFP യൂണിറ്റാണ്. 5.6 kWh ബാറ്ററി പായ്ക്കാണ് റോബിന്‍ ഇലക്ട്രിക് ക്വാഡ്രിസൈക്കിളിന്റെ ഹൃദയം. സിംഗിള്‍ ചാര്‍ജില്‍ വാഹനത്തിന് 90 കിലോമീറ്റര്‍ ഡ്രൈവിംഗ് റേഞ്ച് ഉണ്ടെന്നതും ശ്രദ്ധേയമാണ്. ബാറ്ററി പൂജ്യത്തില്‍ നിന്ന് പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം 5 മണിക്കൂര്‍ സമയമാണ് വേണ്ടിവരിക. 30 മിനിറ്റിനുള്ളില്‍ 10 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനുള്ള ചാര്‍ജ് കൈവരിക്കാനും സാധിക്കും. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ എന്തെങ്കിലും പ്രശ്നമോ തകരാറോ ഉണ്ടായാല്‍ ഡ്രൈവറെ അറിയിക്കാന്‍ അലാറങ്ങളോ ശബ്ദ അറിയിപ്പുകളോ സഹിതമുള്ള പാസീവ് കൂളിംഗ് ടെക്‌നിക്കുകളും ഇവിയില്‍ ഉപയോഗിച്ചിട്ടുണ്ട്.

4 ഡോറുകളുള്ള 2+1 സീറ്റര്‍ ഇവിയില്‍ 12 ഇഞ്ച് വീലുകളാണ് ഒരുക്കിയിരിക്കുന്നത്. റോബിന്‍ ഇലക്ട്രിക് ക്വാഡ്രിസൈക്കിളിന്റെ പരമാവധി വേഗത മണിക്കൂറില്‍ 64 കിലോമീറ്ററാണെന്ന് പറയപ്പെടുന്നു. കൂടാതെ 5 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഇതിന് കഴിയും. ഇതൊരു ലോ-പവര്‍ ഇവിയാണ്. കൂടാതെ 10 ഡിഗ്രി ഗ്രേഡബിലിറ്റിയുമുണ്ട്. റിയര്‍ വീലുകള്‍ക്ക് കരുത്ത് പകരുന്ന രണ്ട് 3 kW BLDC ഇലക്ട്രിക് മോട്ടോറുകളാണ് റോബിന്‍ ഇവിയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവ ഒരുമിച്ച് ഏകദേശം 6 kW പവറില്‍ 282 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കും. തുടക്കത്തില്‍ ബെംഗളൂരുവില്‍ മാത്രം കാര്‍ വാഗ്ദാനം ചെയ്യാനും പിന്നീട് മറ്റ് നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. റോബിന്‍ ഇവിയുടെ ടെസ്റ്റ് ഡ്രൈവുകള്‍ ബെംഗളൂരുവില്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞു.