കാബൂള്‍: ടിവി പരമ്പരയായ ‘പീക്കി ബ്ലൈൻഡേഴ്‌സി’ല്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വസ്‌ത്രം ധരിച്ച നാല് അഫ്‌ഗാന്‍ യുവാക്കള്‍ക്കെതിരേ താലിബാന്‍. അവരോട് താലിബാന്‍ ഭരണകൂടത്തിന്റെ ധാര്‍മ്മികത വകുപ്പില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു. അവരുടെ വസ്‌ത്രധാരണം ‘അഫ്‌ഗാനിസ്‌ഥാനിലെയും ഇസ്ലാമിക മൂല്യങ്ങള്‍ക്കും എതിരാണെന്നും’ പീക്കി ബ്ലൈൻഡേഴ്‌സിലെ മൂല്യങ്ങള്‍ അഫ്‌ഗാന്‍ സംസ്‌കാരത്തിന് വിരുദ്ധമാണെന്നും താലിബാന്‍ വക്‌താവ് പ്രതികരിച്ചു.
ലോകമഹായുദ്ധത്തിന് ശേഷം ഇംഗ്ലണ്ടില്‍ നടക്കുന്ന കഥ പറയുന്ന പരമ്പരയിലെ കഥാപാത്രങ്ങളെപ്പോലെ ഫ്ലാറ്റ് ക്യാപ്പും ത്രീപീസ് സ്യൂട്ടും ധരിച്ച യുവാക്കളാണു കുരുക്കിലായത്.
2021ല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതു മുതല്‍, ഇസ്ലാമിക ശരീഅത്ത് നിയമത്തോടുള്ള അവരുടെ വ്യാഖ്യാനത്തിനനുസരിച്ച് ദൈനംദിന ജീവിതത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ നിയമങ്ങള്‍ പ്രകാരം ജീന്‍സ് ധരിക്കുന്നത് സ്വീകാര്യമാണ്. പക്ഷേ ‘പീക്കി ബൈ്ലന്‍ഡേഴ്‌സ്’ പരമ്പരയിലെ മൂല്യങ്ങള്‍ അഫ്‌ഗാന്‍ സംസ്‌കാരത്തിന് എതിരാണ്,’ ഹെറാത്ത് നഗരത്തിലെ താലിബാന്‍ വക്‌താവ് സായിഫുല്‍ ഇസ്ലാം വ്യക്‌തമാക്കി. ഹെറാത്ത് പ്രവിശ്യയിലെ ജിബ്രായില്‍ ടൗണില്‍നിന്നുള്ള ഇരുപത് വയസ് പ്രായമുള്ള യുവാക്കളാണു കുടുങ്ങിയത്.
‘അവര്‍ ഹെറാത്തില്‍ വിദേശ സംസ്‌കാരം പ്രചരിപ്പിക്കുകയും സിനിമാ നടന്മാരെ അനുകരിക്കുകയുമായിരുന്നു. അവരെ ഔദ്യോഗികമായി അറസ്‌റ്റ് ചെയ്‌തിട്ടില്ല’- താലിബാന്‍ വക്‌താവ് അറിയിച്ചു.




