Crime

‘ആഹാരം കഴിച്ചോളാം…’; കോടതി കുടഞ്ഞു; നിരാഹാര സമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വർ

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച രാഹുൽ ഈശ്വ‍ർ നിരാഹാര സമരം അവസാനിപ്പിച്ചു. ജയിലില്‍ നിരാഹാരം കിടക്കുന്നതിന് വിമർശനം നേരിട്ടതോടെയാണ് ആഹാരം കഴിക്കാമെന്ന് രാഹുല്‍ കോടതിയെ അറിയിച്ചത്. ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. അതിജീവിതകൾക്കെതിരെ ഇട്ട പോസ്റ്റുകൾ ഡിലീറ്റ് ചെയ്‌തെന്ന് രാഹുൽ കോടതിയെ ബോധ്യപ്പെടുത്തി. ക്ലൗഡിൽ നിന്ന് പിൻവലിക്കാമെന്നും രാഹുൽ കോടതിയിൽ അറിയിച്ചു.

രാഹുല്‍ ഈശ്വറിന്‍റെ നിരാഹാര രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. നിരാഹാര സമരം അംഗീകരിക്കില്ലെന്നും നിരാഹാരം നടത്തി അന്വേഷണത്തിൽ സമ്മർദ്ദം ചെലുത്താൻ ശ്രമം നടത്തുകയാണെന്നും വ്യക്തമാക്കി. ജാമ്യം നൽകുന്നത് ഇത്തരം തന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതി നടത്തിയത് ഗുരുതര കുറ്റങ്ങളാണെന്നും കോടതി പറഞ്ഞു. അതിജീവിതയെ അധിക്ഷേപിച്ചതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ട്. സമാനമായ പോസ്റ്റുകൾ നിരന്തരം ആവർത്തിച്ചു.രാഹുൽ ഈശ്വ‍ർ അന്വേഷണത്തോട് സഹകരിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു.

നിരാഹാരമിരുന്നതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയായതിനാൽ 10 ന് കസ്റ്റഡി വേണം. ഫോണും ലാപ്ടോപ്പിന്റെ പാസ് വേർഡും നൽകിയില്ല. ഫോൺ വീണ്ടെടുക്കുന്നതിനടക്കം കസ്റ്റഡി വേണമെന്നും ആവശ്യമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ല എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. കസ്റ്റഡി അപേക്ഷ 10 നു പരിഗണിക്കും.