Featured Oddly News

‘ഡിജിറ്റൽ ഇന്ത്യ’ ; ഭിക്ഷ സ്വീകരിക്കാൻ QR കോഡുമായി ഭിക്ഷക്കാരൻ: വീഡിയോ കാണുക

ന്യൂ ഡൽഹി: 2016 നവംബറിലെ നോട്ട് നിരോധനത്തിന് ശേഷം നമ്മൾ ഡിജിറ്റലായിട്ട് കുറച്ച് കാലമായി. അതിനുശേഷം, മിക്ക വ്യാപാരികളും ഡിജിറ്റൽ പേയ്മെന്റുകൾക്കായി QR കോഡ് സ്കാനറുകൾ സ്ഥാപിച്ചു, ഇത് പണമിടപാട് പ്രക്രിയ എളുപ്പവും സമയം ലാഭിക്കുന്നതുമാക്കി.

ഇപ്പോഴിതാ, കാഴ്ചയില്ലാത്ത ഒരാൾ തന്റെ ഷർട്ടിൽ QR കോഡ് ഘടിപ്പിച്ച് ഒരു കാറിനടുത്തേക്ക് വരുന്നതിന്റെ വീഡിയോ വൈറലാവുകയാണ്. ഡ്രൈവറും ഭിക്ഷക്കാരനായ ആ മനുഷ്യനും തമ്മിൽ സംഭാഷണത്തിൽ ഏർപ്പെടുന്നു, അതിനിടെ ഡ്രൈവർ തന്റെ ഫോൺ ഉപയോഗിച്ച് ആ മനുഷ്യന് പണം കൈമാറുന്നതായി കാണാം.

ഈ വീഡിയോ എക്സിൽ (X) പങ്കുവെച്ചിരിക്കുന്നത് ഗൗരവ്വ് സോമാനി (@somanigaurav) എന്നയാളാണ്. അതിന്റെ അടിക്കുറിപ്പ് ഇങ്ങനെ:

“തിരക്കേറിയ ഗുവാഹത്തിയിൽ ശ്രദ്ധേയമായ ഒരു രംഗം കണ്ടു – ഒരു ഭിക്ഷക്കാരൻ PhonePe സഹായത്തോടെ പണം ചോദിക്കുന്നു. സാങ്കേതികവിദ്യയ്ക്ക് അതിരുകളില്ല. സാമൂഹിക- സാമ്പത്തിക നിലയുടെ തടസ്സങ്ങൾ പോലും മറികടക്കാൻ സാങ്കേതികവിദ്യയ്ക്കുള്ള ശക്തിയുടെ തെളിവാണിത്. മനുഷ്യത്വത്തിന്റെയും ഡിജിറ്റൽ മുന്നേറ്റത്തിന്റെയും കൗതുകകരമായ കാഴ്ച”

ഡിജിറ്റൽ ഇടപാടുകൾ നടത്താൻ QR കോഡ് സ്കാനറുകൾ അവതരിപ്പിച്ചപ്പോൾ, അവ ധനികർക്കും ഇടത്തരക്കാർക്കും വേണ്ടി മാത്രമായിരിക്കും എന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ, വഴിയോര ചായക്കടക്കാർ, തള്ളു വണ്ടിയിൽ കച്ചവടം നടത്തുന്നവർ, അല്ലെങ്കിൽ സ്ഥിരമായ ഒരിടമില്ലാത്തവർ തുടങ്ങി അനേകം പേർ മാർക്കറ്റുകളിലെല്ലാം അവ ഉപയോഗിച്ച് തുടങ്ങി. ഇതുതന്നെയല്ലേ ‘ഡിജിറ്റൽ ഇന്ത്യ’ ?