മിമിക്രി കലാകാരനും നടനുമായിരുന്ന കൊല്ലം സുധിയിലൂടെ പ്രേക്ഷകര്‍ കേട്ടറിഞ്ഞ പേരാണ് രേണു സുധിയുടേത്. പിന്നീട് ഒരു കാറപടകത്തിലൂടെ കൊല്ലം സുധി അകാലത്തില്‍ വേര്‍പെട്ടപ്പോള്‍ രേണുവിനോടും മക്കളോടും എല്ലാവര്ക്കും അനുകമ്പയും സഹതാപവുമായിരുന്നു. എന്നാല്‍ പിന്നീട് ഇന്റിമേറ്റ് റീല്‍സ് വീഡിയോകളിലൂടെയും ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും സൈബര്‍ മീഡിയ അറ്റാക്കുകള്‍ രേണു സുധി നേരിടാന്‍ തുടങ്ങി. അതൊന്നും വകവയ്ക്കാതെ തന്റെ കരിയറാണ് അഭിനയമെന്നത് ഉറക്കെ പറഞ്ഞ് രേണു ഉറച്ചു നിന്നു.
അങ്ങനെ ബിഗ് ബോസ് സീസണ് 7 ല്‍ മത്സരാര്‍ത്ഥിയായും രേണു എത്തി. ഇടയ്ക്ക് വച്ച് ഷോ ക്വിറ്റ് ചെയ്ത് പോയെങ്കിലും അതിനു ശേഷം വിദേശയാത്രകളും ഉദ്ഘാടനങ്ങളുമൊക്കെയായി തിരക്കിലാണ് രേണു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും രേണു പങ്കിടുന്നുമുണ്ട്.
ഇപ്പോഴിതാ രണ്ടാമത് വിവാഹം കഴിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് രേണു. ചില പ്രപ്പോസലുകൾ വന്നിട്ടുണ്ടെന്നും എന്നാൽ തീരുമാനം വളരെയധികം ആലോചിച്ചു മാത്രമേ എടുക്കുകയുള്ളൂ എന്നും രേണു സുധി പറയുന്നു. വെറൈറ്റി മീഡിയക്കു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
”പ്രണയമൊക്കെ ചിലപ്പോൾ പെട്ടെന്ന് തോന്നുന്നതാകാം. ചിലപ്പോൾ അതിന് സമയമെടുക്കും. എല്ലാവരുടെയും മനസിൽ പ്രണയം ഉണ്ടല്ലോ. സമയമാകുമ്പോൾ കൂടുതൽ കാര്യങ്ങൾ പറയാം. എന്നെ സംബന്ധിച്ച് ഇനി തിരഞ്ഞെടുക്കുന്ന ലൈഫ് വളരെയധികം ശ്രദ്ധിക്കണം. ചിലപ്പോൾ അടുത്തൊരു സ്റ്റെപ്പിലേക്ക് പോയേക്കാം. ചിലപ്പോൾ മുന്നോട്ട് പോയെന്നും വരില്ല. വളരെ വ്യക്തമായിട്ട് ആലോചിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. അതുകൊണ്ട് ഇപ്പോൾ ഇതേക്കുറിച്ച് പറയാൻ പറ്റില്ല”, രേണു സുധി പറഞ്ഞു.
”എന്നെ നേരിട്ടുവന്ന് പ്രപ്പോസ് ചെയ്തവരുണ്ട്. ഇവളാര്, ഐശ്വര്യ റായ് ആണോ എന്നൊക്കെ കേൾക്കുന്നവർക്ക് തോന്നിയേക്കാം. പ്രൊപ്പോസ് ചെയ്യുന്നവരോട് ഞാൻ ഒരു കാര്യമേ പറഞ്ഞിട്ടുള്ളൂ, എന്റെ രണ്ട് കുഞ്ഞുങ്ങളെയും നന്നായി നോക്കണം. പിന്നെ എന്നെ നോക്കുക, വീട്ടുകാരെ സന്തോഷിപ്പിക്കുക. ഇത്രയും കാര്യങ്ങൾ ഓക്കെ ആണെങ്കിൽ ഞാനും ഓക്കെയാണ്. പക്ഷേ, അതിന് സാവകാശം വേണം. സുധിച്ചേട്ടൻ എപ്പോഴും എന്റെ മനസിൽ തന്നെ ഉണ്ടാകും, അതു നിങ്ങൾ അംഗീകരിക്കണം എന്നും എന്നെ പ്രപ്പോസ് ചെയ്തവരോട് ഞാൻ പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ എന്റെ ഓർമകളും കാര്യങ്ങളുമൊക്കെ പറയുമ്പോൾ ചിലർക്ക് ഇഷ്ടപ്പെട്ടെന്നു വരില്ല. അതെന്റെ പേഴ്സണൽ ലൈഫ് ആണ്”, രേണു കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രേണു പങ്കിട്ട ‘ ഒരു കല്യാണം കഴിച്ചാലോ’ എന്ന് ആരാധകരോട് ചോദിക്കുന്ന രേണുവിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരുന്നു.




