Myth and Reality

ലൂവ്രെയിലെ പകൽകൊള്ള ഇതാദ്യമല്ല, മോണാലിസയെ 114 വർഷങ്ങൾക്ക് മുമ്പ് ​മോഷ്ടിച്ച കഥ

നെപ്പോളിയന്റെ ആഭരണങ്ങള്‍ മോഷണം പോയതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന, ലോകത്തിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്നതും പ്രശസ്തവുമായ മ്യൂസിയങ്ങളിൽ ഒന്നായ ലൂവ്രെയ്ക്ക്, മോഷണങ്ങളുടെ ചരിത്രമുണ്ട്. അതും പകൽ സമയത്തു തന്നെ.

സന്ദർശകരെക്കൊണ്ട് ഏറ്റവും തിരക്കേറിയ ദിവസങ്ങളിലൊന്നായ കഴിഞ്ഞ ഞായറാഴ്ച രാവിലെ 9.30-ഓടെ, മ്യൂസിയം തുറന്ന് അധികം കഴിയുംമുമ്പേ, നാല് കള്ളന്മാർ ചേർന്ന് ലൂവ്രെയിലെ അപ്പോളോ ഗാലറിയിൽ നിന്ന് അമൂല്യവും ചരിത്രപരവുമായ എട്ട് ആഭരണങ്ങൾ മോഷ്ടിച്ചു. കുറ്റവാളികളെ പിടികൂടാനായിട്ടില്ല . എന്നാൽ ഒരു നൂറ്റാണ്ടിലധികം മുൻപ്, ഇതേ മ്യുസിയത്തില്‍ ഒരു വ്യക്തി ഒറ്റയ്ക്ക് ഒരു മോഷണം നടത്തി. അത് 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ കലാമോഷണമായി പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നു. ഇറ്റാലിയൻ നവോത്ഥാനത്തിന്റെ ഒരു മാസ്റ്റർപീസായി കണക്കാക്കപ്പെടുന്ന ലിയോനാർഡോ ഡാ വിഞ്ചിയുടെ ‘മോണാലിസ’ ആയിരുന്നു ആ മോഷണവസ്തു.

ആരായിരുന്നു വിൻസെൻസോ പെറുഗ്ഗിയ?

ലിയോനാർഡോ ഡാ വിഞ്ചിയുടെ ഏറ്റവും ആരാധിക്കപ്പെടുന്ന സൃഷ്ടിയാണ് മോണാലിസ. എന്നാൽ 114 വർഷം മുമ്പ് നടന്ന മോഷണമാണ് അതിനെ ആഗോള വാര്‍ത്താ തലക്കെട്ടുകളിലേക്ക് ഉയർത്തിയത്.1911 ഓഗസ്റ്റ് 21, തിങ്കളാഴ്ച , വേനൽക്കാല അവധിക്കാലത്ത് ലൂവ്രെയുടെ പ്രതിവാര അവധി ദിവസമായിരുന്നു അന്ന്. വിൻസെൻസോ പെറുഗ്ഗിയ എന്ന ഇറ്റാലിയൻ കൽപ്പണിക്കാരൻ ആധുനിക കാലത്തെ ഏറ്റവും അമ്പരപ്പിക്കുന്ന കലാമോഷണം നടത്തി. രാവിലെ 7 മണിയോടെ, പകൽ സമയത്ത് തന്നെ അദ്ദേഹം മോണാലിസ മോഷ്ടിച്ചു. മോഷണത്തെക്കുറിച്ച് ഫ്രാൻസിൽ മാത്രമല്ല ലോകമെമ്പാടും ചർച്ചാവിഷയമായി. പാരീസിലെ പത്രങ്ങൾ ആ സംഭവത്തെ വിശേഷിപ്പിച്ചത് “അവിശ്വസനീയം” എന്നായിരുന്നു. ആ പ്രശസ്ത ഛായാചിത്രം ഏകദേശം രണ്ടര വർഷക്കാലം കാണാതായത്.

1881-ൽ ഇറ്റലിയിലെ ആൽപ്‌സ് പർവതനിരകളിലെ സ്വിറ്റ്‌സർലൻഡ് അതിർത്തിക്കടുത്തുള്ള ഒരു ചെറിയ ഗ്രാമമായ ഡുമെൻസയിലാണ് വിൻസെൻസോ പെറുഗ്ഗിയ ജനിച്ചത്. അദ്ദേഹം 1908-ൽ പാരീസിലേക്ക് താമസം മാറിയെന്നും ലൂവ്രെയിൽ കുറച്ചുകാലം ജോലി ചെയ്തിരുന്നതായും വിശ്വസിക്കപ്പെടുന്നു. ചിത്രങ്ങൾ വൃത്തിയാക്കൽ, വീണ്ടും ഫ്രെയിം ചെയ്യൽ, സംരക്ഷിത കെയ്‌സുകൾ നിർമ്മിക്കൽ എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ജോലികൾ. മ്യൂസിയം വൃത്തിയാക്കാനായി അടച്ചിരുന്ന സമയത്താണ് മോണാലിസയെ ഇറ്റലിയിലേക്ക് കൊണ്ടുപോകാൻ വേണ്ടി വിൻസെൻസോ പെറുഗ്ഗിയ ചിത്രം മോഷ്ടിച്ചത്.

മോണാലിസ പോയ കാര്യം മ്യൂസിയം ജീവനക്കാർ ശ്രദ്ധിച്ചത് പിറ്റേന്നാണ്. ചിത്രം പുനഃസൃഷ്ടിക്കാൻ വന്ന ഒരു ചിത്രകാരനാണ് ഇത് കാണാതായതായി ആദ്യം ശ്രദ്ധിച്ചത്. പോലീസിന് ഒരു തുമ്പും ലഭിച്ചില്ല, ലോകം മുഴുവൻ ഈ കവർച്ചയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. ഈ സമയം വിൻസെൻസോ പെറുഗ്ഗിയ, മോണാലിസയെ തന്റെ പാരീസിലെ അപ്പാർട്ട്‌മെന്റിൽ രണ്ട് വർഷത്തോളം ഒളിപ്പിച്ചു.

1913-ലാണ് വിൻസെൻസോ പെറുഗ്ഗിയ പിടിക്കപ്പെടുന്നത്. ഇറ്റലിയിലെ ഫ്ലോറൻസിലെ ഒരു ആർട്ട് ഡീലറായ ആൽഫ്രെഡോ ഗേരിയെ ഇദ്ദേഹം ലിയോനാർഡോ വി എന്ന അപരനാമത്തിൽ ബന്ധപ്പെട്ടു. ചിത്രം ഇറ്റലിക്ക് തിരികെ നൽകുന്നതിന് പ്രതിഫലം ആവശ്യപ്പെട്ടു. ആൽഫ്രെഡോ ഗേരി ഉഫിസി ഗാലറിയുടെ ഡയറക്ടറായ ജിയോവാനി പോഗ്ഗിയുമായി ചേർന്ന് ചിത്രം ആധികാരികമാണെന്ന് ഉറപ്പുവരുത്തിയ ശേഷം പോലീസിനെ അറിയിച്ചു. കലാസൃഷ്ടി വിൽക്കാൻ ശ്രമിക്കുന്നതിനിടെ 1913 ഡിസംബറിൽ വിൻസെൻസോ പെറുഗ്ഗിയ ഹോട്ടലിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു.

വിൻസെൻസോ പെറുഗ്ഗിയ മോണാലിസയെ മോഷ്ടിച്ചത് എന്തുകൊണ്ട്?

രണ്ട് വർഷത്തിലധികം ചിത്രം കാണാതായതോടെ മോണാലിസയുടെ “തട്ടിക്കൊണ്ടുപോകലിന്” പിന്നിലെ കാരണ​ം പലരെയും അമ്പരപ്പിച്ചു. തന്റെ വിചാരണ വേളയിൽ, മോണാലിസയെ അതിന്റെ മാതൃരാജ്യമായ ഇറ്റലിയിലേക്ക് തിരികെ നൽകാനാണ് താൻ ആഗ്രഹിച്ചതെന്ന് വിൻസെൻസോ പെറുഗ്ഗിയ അവകാശപ്പെട്ടു. ഫ്രഞ്ച് ജനറലും ചക്രവർത്തിയുമായ നെപ്പോളിയൻ ബോണപാർട്ടാണ് ചിത്രം മോഷ്ടിച്ചതെന്നും അദ്ദേഹം ആരോപിച്ചു (എങ്കിലും ഇത് ചരിത്രപരമായി തെറ്റാണ്).

ഈ ഇറ്റാലിയൻ പൗരന് എട്ട് മാസത്തോളം തടവ് ശിക്ഷ ലഭിച്ചു, ചിത്രം ലൂവ്രെയിലേക്ക് തിരിച്ചയക്കുന്നതിന് മുമ്പ് ഇറ്റലിയിൽ പ്രദർശിപ്പിച്ചു. വിൻസെൻസോ പെറുഗ്ഗിയ മോണാലിസയെ ശരിക്കും മോഷ്ടിച്ചത് എന്തുകൊണ്ടാണെന്ന കാര്യത്തിൽ കലാചരിത്രകാരന്മാർക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. അത് ദേശസ്നേഹമായിരുന്നോ, പണമായിരുന്നോ, വികാരപരമായ കുറ്റകൃത്യമായിരുന്നോ, അതോ പ്രതികാരമായിരുന്നോ?

പോപ്പ് കൾച്ചറിലെ മോണാലിസയുടെ മോഷണം

മോണാലിസയുടെ മോഷണം പോപ്പ് കൾച്ചറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 1978-ൽ ഇവാൻ ഗ്രാസിയാനി എഴുതിയ “മോണാലിസ” എന്ന ഗാനം ഉൾപ്പെടെ പുസ്തകങ്ങൾ, സിനിമകൾ, ഗാനങ്ങൾ എന്നിവയിൽ ഇത് പ്രതിപാദിക്കുന്നു.1931-ൽ പുറത്തിറങ്ങിയ ആദ്യകാല ജർമ്മൻ സൗണ്ട് ഫിലിം ‘ഡെർ റൗബ് ഡെർ മോണാലിസ’ (Der Raub der Mona Lisa – The Theft of the Mona Lisa)-യിൽ വില്ലി ഫോർസ്റ്റ് വിൻസെൻസോ പെറുഗ്ഗിയയുടെ വേഷം ചെയ്തു.1956-ൽ സംപ്രേക്ഷണം ചെയ്ത ‘യൂ ആർ ദെയർ’ എന്ന ടിവി ഷോയുടെ “ദി റിക്കവറി ഓഫ് ദ മോണാലിസ” എന്ന എപ്പിസോഡിൽ വിറ്റോ സ്കോട്ടി ഇറ്റാലിയൻ കള്ളന്റെ വേഷം ചെയ്തു. 1963-ൽ നടന്ന പ്രശസ്തമായ മോഷണത്തിന്റെ മറ്റൊരു ടിവി പുനഃസൃഷ്ടിയിലും വിറ്റോ സ്കോട്ട് ഈ വേഷം ആവർത്തിച്ചു. 2006-ലെ ടെലിവിഷൻ മിനിസീരീസായ ‘ദി മാൻ ഹൂ സ്റ്റോൾ ലാ ജിയോകോണ്ട’-യിൽ അലസ്സാൻഡ്രോ പ്രെസിയോസി വിൻസെൻസോ പെറുഗ്ഗിയയായി അഭിനയിച്ചു.1950-കളിലെ ഏറ്റവും വിജയകരമായ ഗാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന നാറ്റ് കിംഗ് കോളിന്റെ ഒരു ഗാനമായ “മോണാലിസ”യുമുണ്ട്.

മോണാലിസയുടെ ഉത്ഭവം

ഒരു വൈറ്റ് പോപ്ലാർ പാനലിൽ എണ്ണച്ചായം ഉപയോഗിച്ച് വരച്ച മോണാലിസ, ഫ്ലോറൻസിലെ പട്ട് വ്യാപാരിയായ ഫ്രാൻസെസ്കോ ഡെൽ ജിയോകോണ്ടോയുടെ ഭാര്യയായ ലിസ ഗെറാർഡിനിയെയാണ് ചിത്രീകരിക്കുന്നതെന്ന് വിശ്വസിക്കപ്പെടുന്നു. 1503 നും 1506 നും ഇടയിൽ മോണാലിസയിൽ പ്രവർത്തിച്ചതായി വിശ്വസിക്കപ്പെടുന്ന ലിയോനാർഡോ ഡാ വിഞ്ചി ഒരിക്കലും ഈ ചിത്രം ജിയോകോണ്ടോ കുടുംബത്തിന് നൽകിയില്ല.1519-ൽ കലാകാരന്റെ മരണശേഷം, ഫ്രാൻസിലെ ഒന്നാം ഫ്രാൻസിസ് രാജാവ് മോണാലിസ സ്വന്തമാക്കി. ഇറ്റാലിയൻ ഭാഷയിൽ “ലാ ജിയോകോണ്ട” എന്നും ഫ്രഞ്ച് ഭാഷയിൽ “ലാ ജോക്കോണ്ടെ” എന്നും അറിയപ്പെടുന്ന ഈ ചിത്രം, 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മുതൽ ഫ്രഞ്ച് തലസ്ഥാനമായ പാരീസിലെ ലൂവ്രെയിലാണ് സൂക്ഷിച്ചിരിക്കുന്നത്.അതിന്റെ അതുല്യതയ്ക്ക് പുറമെ, ലോകമെമ്പാടും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും, അനുകരിക്കപ്പെടുന്നതും, സന്ദർശിക്കപ്പെടുന്നതുമായ ചിത്രങ്ങളിൽ ഒന്നാണ് മോണാലിസ. വിലമതിക്കാനാവാത്തതും വിൽപ്പനയ്ക്ക് വെക്കാത്തതുമായ മോണാലിസ, 1962-ൽ 100 മില്യൺ യുഎസ് ഡോളർ ഇൻഷുറൻസ് മൂല്യത്തോടെ, ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഇൻഷുറൻസ് മൂല്യമുള്ള ചിത്രമെന്ന ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കി. അതിന്റെ ഇന്നത്തെ മൂല്യം ഏകദേശം 1 ബില്യൺ യുഎസ് ഡോളർ വരും.