Featured Lifestyle

പ്രായത്തെക്കുറിച്ച് ആശങ്കയുണ്ടോ? മനസിന്റെ ഏറ്റവും നല്ല കാലം 55 കഴിഞ്ഞ്‌! നേതൃത്വ റോളുകള്‍ക്ക് ഏറ്റവും അനുയോജ്യര്‍- പഠനം

സിഡ്‌നി: മനസിന്റെ നല്ല പ്രായം 55-60 വയസെന്നു ഗവേഷണഫലം. മാനസിക പ്രവര്‍ത്തനം 55 നും 60 നും ഇടയില്‍ പ്രായമുള്ളവരില്‍ ഏറ്റവും മികച്ചതായിരിക്കുമെന്നും, സങ്കീര്‍ണമായ പ്രശ്‌നപരിഹാര കഴിവുകള്‍ക്കും തൊഴില്‍ രംഗത്ത്‌ ഉയര്‍ന്ന നേതൃത്വ റോളുകള്‍ക്കും ഈ പ്രായക്കാര്‍ ഏറ്റവും അനുയോജ്യരാണെന്നും കണ്ടെത്തി.

‘യൗവനം അകന്നുപോകുന്തോറും, പ്രായത്തെക്കുറിച്ചോര്‍ത്ത്‌ നിങ്ങള്‍ ഭയന്നേക്കാം. എന്നാല്‍ ഞങ്ങളുടെ ഗവേഷണം കാണിക്കുന്നത്‌ ഇതില്‍ സന്തോഷിക്കാനും കാരണങ്ങളുണ്ടെന്നാണ്‌. നമ്മുടെ പലരുടെയും മൊത്തത്തിലുള്ള മാനസിക പ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ 55 നും 60 നും ഇടയിലാണ്‌ ഏറ്റവും മികച്ച നിലയിലെത്തുന്നത്‌. ഒരുപക്ഷേ, മധ്യവയസിനെ ഒരു തിരിച്ചുപോക്കെന്ന നിലയില്‍ കാണുന്നത്‌ നിര്‍ത്തി, അതിനെ ഒരു ഉച്ചസ്‌ഥായിയായി കണക്കാക്കാന്‍ സമയമായിരിക്കുന്നു.’ – യൂണിവേഴ്‌സിറ്റി ഓഫ്‌ വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ സൈക്കോളജി പ്രഫ. ഗില്ലെസ്‌ ഗിഗ്നാക്‌ പറഞ്ഞു.

മനുഷ്യന്റെ ശാരീരികപരമായ ഏറ്റവും മികച്ച സമയം ഇരുപതുകളുടെ മധ്യത്തിനും മുപ്പതുകളുടെ തുടക്കത്തിനും ഇടയിലാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു. അതുകൊണ്ടാണു കായികതാരങ്ങളുടെ കരിയര്‍ താരതമ്യേന നേരത്തെ അവസാനിക്കുന്നത്‌. 16 പ്രധാനപ്പെട്ട വൈജ്‌ഞാനിക, വ്യക്‌തിത്വസംബന്ധമായ പ്രത്യേകതകള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഈ 16 പ്രത്യേകതകളില്‍ ധാര്‍മ്മിക യുക്‌തി, ഓര്‍മ്മശക്‌തി, പ്രോസസിങ്‌ വേഗത, അറിവ്‌, വൈകാരിക ബുദ്ധി എന്നിവ ഉള്‍പ്പെടുന്നു. വ്യക്‌തിത്വ പ്രത്യേകതകളായ ബാഹ്യത, വൈകാരിക സ്‌ഥിരത, കര്‍ത്തവ്യബോധം, പുതിയ അനുഭവങ്ങളോടുള്ള തുറന്ന സമീപനം, സൗഹൃദം എന്നിവയും ഉള്‍പ്പെടുന്നു.’

മാനസിക പ്രവര്‍ത്തനം 55 നും 60 നും ഇടയില്‍ ഏറ്റവും മികച്ച നിലയിലെത്തി, 65 നു ശേഷം കുറയാന്‍ തുടങ്ങി. 75 വയസ്സിനു ശേഷം ഈ കുറവ്‌ കൂടുതല്‍ പ്രകടമായി, ഇതു പിന്നീട്‌ പ്രവര്‍ത്തനത്തിലുള്ള കുറവുകള്‍ക്ക്‌ വേഗത കൂടാന്‍ സാധ്യതയുണ്ടെന്ന്‌ സൂചിപ്പിക്കുന്നു.’- പ്രഫ. ഗിഗ്നാക്‌ പറഞ്ഞു.

പല പ്രത്യേകതകളും വളരെ വൈകി ഏറ്റവും മികച്ച നിലയിലെത്തുന്നു. ഉദാഹരണം: കര്‍ത്തവ്യബോധം (65 വയസോടെ). വൈകാരിക സ്‌ഥിരത (75 വയസോടെ).
75 വയസിനു ശേഷം മൊത്തത്തിലുള്ള മാനസിക പ്രവര്‍ത്തനം ശ്രദ്ധേയമായി കുറയുന്നുണ്ടെങ്കിലും, വൈജ്‌ഞാനിക പക്ഷപാതങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ്‌ (അനാവശ്യമായ തീരുമാനങ്ങളിലേക്ക്‌ നയിക്കുന്ന മാനസിക കുറുക്കുവഴികള്‍) 70 കളിലും 80 കളിലും പോലും മെച്ചപ്പെടാന്‍ സാധ്യതയുണ്ട്‌.

ഈ കണ്ടെത്തലുകള്‍, പലപ്പോഴും 50 കളിലും 60 കളിലുമുള്ള ആളുകള്‍ എന്തുകൊണ്ടാണ്‌ പല നിര്‍ണായക ബിസിനസ്സ്‌ നേതൃത്വ റോളുകള്‍ വഹിക്കുന്നതെന്ന്‌ വിശദീകരിച്ചേക്കാം.

എങ്കിലും, ജോലി നഷ്‌ടപ്പെട്ടതിന്‌ ശേഷം പഴയ ജോലിയിലേക്ക്‌ തിരിച്ചെത്തുന്ന മുതിര്‍ന്ന തൊഴിലാളികള്‍ക്ക്‌ കൂടുതല്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു. കാരണം, തൊഴിലുടമകള്‍ അവര്‍ ഉടന്‍ വിരമിക്കുമെന്നും മറ്റും ചിന്തിച്ചേക്കാമെന്നും ഗവേഷകര്‍ പറയുന്നു.