Celebrity

‘അയാൾ സ്വയംഭോഗം ചെയ്തത് ഞാൻ സെഡ്യൂസ് ചെയ്തത് കൊണ്ടെന്ന് പറയാൻ ഉളുപ്പില്ലേ’; രൂക്ഷപ്രതികരണവുമായി അരുണിമ

തുര്‍ക്കിയില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ അപരിചിതനൊപ്പമുള്ള കാര്‍ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവത്തിന്റെ പേരില്‍ തന്നെ കുറ്റപ്പെടുത്തിയവര്‍ക്ക് മറുപടിയുമായി ട്രാവല്‍ വ്ലോഗര്‍ അരുണിമ. വാഹന ഉടമ അരുണിമ കാൺകെ സ്വയംഭോഗം ചെയ്യുകയായിരുന്നു. അയാളുടെ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അരുണിമ പങ്കുവച്ച വീഡിയോ വൈറലാകുകയും വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തു. ഒട്ടേറെപ്പേര്‍ അരുണിമയെ പിന്തുണച്ചപ്പോള്‍ ചിലര്‍ അവരെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള റിയാക്ഷന്‍ വീഡിയോകളുമായി അരുണിമയ്ക്കെതിരെ പറയുകയുമുണ്ടായി. ഇപ്പോളിതാ ഇതിനെതിരെ വീണ്ടും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അരുണിമ.

താന്‍ പ്രലോഭിപ്പിച്ചതുകൊണ്ടാണ് അയാള്‍ സ്വയംഭോഗം ചെയ്തത്, റീച്ചിന് വേണ്ടിയാണ് വിഡിയോയിട്ടത് എന്നെല്ലാം ആളുകള്‍ പറയുന്നുണ്ടെന്നും ഇതൊന്നും പറയുമ്പോള്‍ ‘ഉളുപ്പില്ലേ’ എന്നും അരുണിമ രൂക്ഷമായ ഭാഷയില്‍ ചോദിക്കുന്നു. സ്വന്തം വീട്ടിലുള്ളവര്‍ക്ക് ഇത്തരം അനുഭവമുണ്ടായാല്‍ ഇവര്‍ ഇങ്ങനെ റിയാക്ഷന്‍ വിഡിയോ ഇടുമോ എന്നും അരുണിമ ചോദിക്കുന്നുണ്ട്. ഇങ്ങനെയുള്ള ആക്ഷേപങ്ങള്‍ ഒന്നും പൊതുവേ മൈന്‍ഡ് ചെയ്യാറില്ലെന്നും എന്നാല്‍ എല്ലാ പരിധികളും ലംഘിച്ചതുകൊണ്ടാണ് ഇങ്ങനെ ഒരു വിഡിയോ ഇടുന്നതെന്നും അരുണിമ വിഡിയോക്കൊപ്പം കുറിച്ചിട്ടുണ്ട്. ‘ഉളുപ്പിലാത്ത ചില മലയാളികള്‍’ എന്ന തലക്കെട്ടോടെയാണ് അരുണിമ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

‘ഇത്രയും മോശമായി ചിത്രീകരിക്കാൻ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നു. സ്വന്തമായി ഒരു കഴിവും ഇല്ലാത്ത ആളുകൾ എന്നെപ്പോലെയുള്ള യാത്ര ചെയ്യുന്ന ആളുകളെയും സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള വിഡിയോ ചെയ്യുന്ന ആളുകളെയും ഏറ്റവും കൂടുതൽ റീച്ചുള്ള വിഡിയോ എടുത്തുനോക്കി അതിനെ വിമർശിച്ച് വിഡിയോ ഉണ്ടാക്കി കാശുണ്ടാക്കുന്നു. ഈ പ്രവണത ഞാൻ കുറച്ചു നാളുകളായി കണ്ടുവരുന്നു. സ്വന്തമായി ഒന്നും ചെയ്യാൻ കഴിവില്ലാത്തത് ആരുടെയും തെറ്റല്ല‼ എന്നാൽ മറ്റുള്ളവരെ മോശമാക്കി ഇങ്ങനെ വിഡിയോ ചെയ്തു പൈസ ഉണ്ടാക്കി ജീവിക്കുന്ന ആളുകളോട് എനിക്ക് വെറും പുച്ഛം മാത്രം. നെഗറ്റീവ് മാത്രം ആളുകളിൽ എത്തിക്കാതെ സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്തു പോസിറ്റീവ് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക. ഞാൻ എന്‍റെ അനുഭവങ്ങളാണ് ഇടുന്നത് അത് നല്ലതാണെങ്കിലും മോശമാണെങ്കിലും. എന്തിനെയും ഏതിനെയും മോശമായി കാണാൻ മാത്രം കുറെ ആളുകള്‍. കുറെ കാര്യങ്ങൾ ഒന്നും ഞാൻ മൈൻഡ് ചെയ്യാറില്ല എന്നാൽ ഒരുപാട് ആകുമ്പോൾ എല്ലാവരും എന്‍റെ തലയിൽ കേറിയിരിക്കുന്ന പോലെ എനിക്ക് തോന്നി അതുകൊണ്ടാണ് ഞാൻ ഇങ്ങനെ ഒരു വിഡിയോ ചെയ്തത്…!!’ അരുണിമ കുറിച്ചു.