Sports

കൈ കൊടുത്തില്ല; ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീം സ്വീകരിച്ച അതേ നിലപാടുമായി വനിതാ ടീമും

കൊളംബോ: ഏഷ്യാ കപ്പ്‌ ക്രിക്കറ്റില്‍ ഇന്ത്യന്‍ പുരുഷ ടീം സ്വീകരിച്ച അതേ നിലപാടുമായി വനിതാ ടീമും. വനിതാ ലോകകപ്പില്‍ മത്സരത്തിന്‌ മുമ്പ്‌ പാകിസ്‌താന്‍ വനിതാ ടീം നായിക ഫാത്തിമ സനയ്‌ക്ക് ഹസ്‌തദാനം നല്‍കാന്‍ ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത്‌ കൗര്‍ തയ്യാറായില്ല.

ടോസിന്‌ ശേഷം ഇരുടീമിന്റെയും നായികമാര്‍ ചാനലിനു പ്രതികരണം നല്‍കിയ ശേഷം മടങ്ങി. ടോസ്‌ നേടിയ ഫാത്തിമ സന ഇന്ത്യയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. പാകിസ്‌താനെതിരേ ഏഷ്യാ കപ്പില്‍ സ്വീകരിച്ച അതേ സമീപനം വനിതാ ലോകകപ്പിലും തുടരുമെന്ന്‌ നേരത്തേ ബി.സി.സി.ഐ. വ്യക്‌തമാക്കിയിരുന്നു.
ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും താരങ്ങള്‍ മത്സരത്തിലാണ്‌ ശ്രദ്ധകൊടുക്കേണ്ടതെന്നും ബി.സി.സി.ഐ. സെക്രട്ടറി ദേവജിത്‌ സൈകിയ പറഞ്ഞിരുന്നു. ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്‌താനും തമ്മില്‍ നടന്ന മത്സരത്തിലാണ്‌ ഹസ്‌തദാനവിവാദം ചൂടുപിടിച്ചത്‌.

ടൂര്‍ണമെന്റില്‍ കളിച്ച മൂന്നു മത്സരങ്ങളിലും ഇന്ത്യന്‍ താരങ്ങള്‍ പാകിസ്‌താന്‍ താരങ്ങള്‍ക്ക്‌ ഹസ്‌തദാനത്തിന്‌ തയാറായില്ല. ചാമ്പ്യന്‍മാരായ ഇന്ത്യ ഏഷ്യന്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ ചെയര്‍മാനും പാകിസ്‌താന്റെ ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിന്‍ നഖ്‌വിയില്‍നിന്നു കപ്പ്‌ സ്വീകരിക്കില്ലെന്നും തീരുമാനിച്ചു. നഖ്‌വി കപ്പുമായി കടന്നു കളഞ്ഞതും ഏറെ ചര്‍ച്ചയായി.