വറുത്തമീനിനും ബീഫ് ഫ്രൈ അടക്കമുളള ഭക്ഷണങ്ങള്‍ക്കുമൊപ്പം ഹോട്ടലുകാര്‍ സവാളയും നല്‍കാറുണ്ട് . ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ അലങ്കരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും സവാള ചേര്‍ക്കുന്നതെങ്കിലും ഇവ രണ്ടും ഒന്നിച്ച് കഴിക്കാന്‍ ഇഷ്ടമുളളവരാണ് മിക്കവരും. എന്നാല്‍ പൊരിച്ച ഇത്തരം ഭക്ഷണങ്ങള്‍ക്കൊപ്പം സവാള പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? ഭക്ഷണത്തില്‍ പാകം ചെയ്യാത്ത സവാള ഉപയോഗിക്കുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും?
കറികളില്‍ സവാള ചേര്‍ക്കുമ്പോള്‍ നല്ല രുചി കിട്ടുന്നതു കൊണ്ടാണ് ഉപയോഗിക്കുന്നത് തന്നെ. എന്നാല്‍ സവാള പച്ചയ്ക്ക് കഴിക്കാന്‍ ചിലര്‍ക്ക് ഇഷ്ടമല്ല. പക്ഷെ സവാള പച്ചയ്ക്ക് കഴിച്ചാല്‍ പല ഗുണങ്ങളും ലഭിക്കാറുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം….
ദഹനം മെച്ചപ്പെടുത്തുന്നു – സവാള ആരോഗ്യത്തിന് ഏറെ നല്ലതാണ് ഇത് ദഹനം മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും. ഉള്ളി പച്ചയായി കഴിക്കുന്നത് ശരീരത്തിലെ ദഹനം മെച്ചപ്പെടുത്തുന്നു. ശരീരത്തിലെ അനാവശ്യ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും കുടല് വൃത്തിയാക്കുകയും ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിര്‍ത്താനും വളരെയധികം സഹായിക്കും.
പ്രമേഹം – രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കാന്‍ പച്ച ഉള്ളിക്ക് ശക്തിയുണ്ട്.ഈ ഉള്ളിയിലെ തന്മാത്രകള് പാന്‍ക്രിയാസ്, കരള്‍, ചെറുകുടല്‍, അഡിപ്പോസ് ടിഷ്യു എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നു. പ്രമേഹം അല്ലെങ്കില്‍ പ്രീ ഡയബറ്റീസ് കുറയ്ക്കാന്‍ സവാള ദിവസവും കഴിക്കുന്നത് ഗുണം ചെയ്യും.
ക്യാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ – പച്ച ഉള്ളിയില്‍ സള്‍ഫര്‍ വളരെ കൂടുതലാണ്. ഈ പച്ച ഉള്ളി ആന്റി-കാര്‍സിനോജെനിക് ഗുണങ്ങളാല്‍ സമ്പന്നമാണ്. ഇതിലെ കാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയുന്നു. ആമാശയം, വന്‍കുടല്‍ ക്യാന്‍സറുകള്‍ കുറയ്ക്കാന്‍ ഒരു പരിധി വരെ സഹായിക്കുന്നതാണ് സവാള.
ആന്റി ഓക്സിഡന്റ് – പച്ച ഉള്ളി ആന്റി ഓക്സിന്റുകളാല്‍ സമ്പുഷ്ടമാണ്. പ്രത്യേകിച്ച് ഇതിലെ ശക്തമായ ആന്റി ഓക്സിഡന്റായ ക്വെര്‍സെറ്റിന്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. മാത്രമല്ല ഇതിലുള്ള ഫ്ലേവനോയിഡ് എന്ന ആന്റി ഓക്സിഡന്റും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.
നാരുകള്‍ അടങ്ങിയിട്ടുണ്ട് – പച്ച ഉള്ളിയില്‍ മറ്റ് പോഷകങ്ങള്‍ക്കൊപ്പം ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ നാരുകളുടെയും പ്രീബയോട്ടിക്കുകളുടെയും സമ്പന്നമായ ഉറവിടമാണ് സവാള. പ്രീബയോട്ടിക്കുകള്‍ ദഹിക്കാത്ത തരത്തിലുള്ള നാരുകളാണ് അടങ്ങിയിട്ടുള്ളത്. ഇവ കുടലിലെ ബാക്ടീരിയകളെ വിഘടിപ്പിക്കുന്നു.




