Featured Oddly News

പ്രണയിനിയുടെ മൃതദേഹം കല്ലറയിൽനിന്ന് മോഷ്ടിച്ചു; സ്വന്തം കിടക്കയിൽ ഡോക്ടർ സൂക്ഷിച്ചത് വർഷങ്ങളോളം !

വിഷാദരോഗം, സ്നേഹത്തിന്റെ വിചിത്രമായ രൂപങ്ങൾ, ഒറ്റപ്പെടൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന നിരവധി കഥകൾ ലോകമെമ്പാടും നിലവിലുണ്ട്. ഭ്രാന്തമായ സ്നേഹം കാരണം അസാധാരണമായ രീതിയിൽ ജീവിക്കുന്ന മനുഷ്യരുണ്ട്. കാൾ ടാൻസ്ലറുടെ കഥ അതിലൊന്നാണ്.

1877-ൽ ഓസ്ട്രിയയിൽ ജനിച്ച കാൾ ടാൻസ്ലർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. കറുത്ത മുടിയുള്ള ഒരു പെൺകുട്ടിയെ താൻ കണ്ടുമുട്ടുമെന്നും അവളാണ് തന്റെ യഥാർത്ഥ പ്രണയിനിയെന്നും ടാൻസ്ലർ വിശ്വസിച്ചിരുന്നു. ഈ വിശ്വാസം കാരണം അയാൾ തന്റെ കുടുംബത്തെ ഉപേക്ഷിച്ചു. 1920-കളിൽ ഫ്ലോറിഡയിൽ താമസിക്കുമ്പോഴാണ് ടാൻസ്ലർ എലീന ഡി ഹൊയോസ് എന്ന യുവതിയെ കണ്ടുമുട്ടുന്നത്.

എലീനയോടുള്ള ടാൻസ്ലറുടെ ഭ്രാന്തമായ പ്രണയം

ക്ഷയരോഗം ബാധിച്ചാണ് എലീനയെ ഫ്ലോറിഡയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ റേഡിയോളജിക് ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ടാൻസ്ലർ. എലീനയുടെ രൂപം തന്റെ സങ്കൽപ്പത്തിലെ പ്രണയിനിയുടേതാണെന്ന് ടാൻസ്ലർ വിശ്വസിച്ചു. അയാൾ അവളോട് പ്രണയം തുറന്നുപറഞ്ഞെങ്കിലും അവൾ അത് നിരസിച്ചു.

ക്ഷയരോഗം കാരണം 1931 ഒക്ടോബർ 31-ന് എലീന മരിച്ചു. എലീനയുടെ മരണത്തിൽ ടാൻസ്ലർ അത്യധികം ദുഃഖിതനായിരുന്നു. എലീനയുടെ കുടുംബത്തിന്റെ അനുവാദത്തോടെ, ടാൻസ്ലർ സ്വന്തം ചെലവിൽ ഒരു കല്ലറ നിർമ്മിച്ചു. ആ കല്ലറയുടെ താക്കോൽ സൂക്ഷിച്ചിരുന്നതും അയാൾ തന്നെയായിരുന്നു. എല്ലാ രാത്രിയും കല്ലറ സന്ദർശിക്കുകയും സമ്മാനങ്ങൾ വെക്കുകയും ചെയ്തിരുന്നു. കല്ലറയ്ക്കുള്ളിൽ ഒരു ടെലിഫോൺ പോലും അയാൾ സ്ഥാപിച്ചിരുന്നു.

മൃതദേഹം കല്ലറയിൽ നിന്ന് മോഷ്ടിക്കപ്പെടുന്നു

1933-ൽ ടാൻസ്ലർ എലീനയുടെ മൃതദേഹം കല്ലറയിൽ നിന്ന് മോഷ്ടിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോവുകയും വർഷങ്ങളോളം മൃതദേഹത്തിനൊപ്പം ജീവിക്കുകയും ചെയ്തു. മൃതദേഹം അഴുകാതിരിക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കുകയും, മുഖം പ്ലാസ്റ്റർ ഉപയോഗിച്ച് പുനർനിർമ്മിക്കുകയും, മുടിക്ക് പകരം വിഗ് വെക്കുകയും, മനോഹരമായ വസ്ത്രങ്ങൾ ധരിപ്പിച്ച് ആഭരണങ്ങൾ അണിയിക്കുകയും ചെയ്തു. സ്വന്തം കിടക്കയിലാണ് ടാൻസ്ലർ ഈ മൃതദേഹം സൂക്ഷിച്ചിരുന്നത്.

ഏകദേശം ഏഴ് വർഷത്തിനു ശേഷം, 1940-ൽ എലീനയുടെ സഹോദരിക്ക് ടാൻസ്ലറുടെ വിചിത്രമായ പെരുമാറ്റത്തിൽ സംശയം തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ടാൻസ്ലറുടെ വീട്ടിൽ കണ്ടെത്തിയത്. ടാൻസ്ലറെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു. എലീനയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തുകയും, ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന് തെളിവുകളൊന്നും ലഭിച്ചില്ലെന്നും കണ്ടെത്തി.

താൻ എലീനയെ മരണത്തിൽ നിന്ന് രക്ഷിച്ചുവെന്നാണ് ടാൻസ്ലർ വിശ്വസിച്ചിരുന്നത്. 1952-ൽ ടാൻസ്ലർ മരിക്കുമ്പോൾ എലീനയുടെ രൂപത്തിലുള്ള ഒരു പാവ അദ്ദേഹത്തിന്റെ അരികിൽ ഉണ്ടായിരുന്നു.