Movie News

ഷാരൂഖിന് വെച്ച സിനിമ മുരുകദോസ് തമിഴിലേക്ക് മാറ്റി ; ശിവകാര്‍ത്തികേയനെ നായകന്‍

ഗജിനി, തുപ്പാക്കി, കത്തി, സ്‌പൈഡര്‍, ഏഴാം അറിവ് തുടങ്ങി വ്യത്യസ്തവും വന്‍ഹിറ്റുകളുമായ ചിത്രങ്ങളുടെ സംവിധായകന്‍ എ.ആര്‍.മുരുകദോസ് വീണ്ടും വരുന്നു. ഇത്തവണ കൂട്ടിന് യുവനടന്‍ ശിവകാര്‍ത്തികേയനാണ്. സംവിധായകന്റെ ജന്മദിനത്തിലാണ് സിനിമയുടെ പ്രഖ്യാപനവും വന്നിരിക്കുന്നത്. ഈ വര്‍ഷം ജനുവരിയില്‍ തന്നെ സിനിമയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വരുന്നത് ഇപ്പോഴാണ്.

സിനിമയുടെ വിവരം സ്വന്തം സാമൂഹ്യമാധ്യമ പേജിലൂടെ ശിവകാര്‍ത്തികേയന്‍ തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. മുമ്പ് ഷാരൂഖിനൊപ്പം ഹിന്ദിയില്‍ ചെയ്യാനിരുന്ന സിനിമയായിരുന്നു ഇത്. 2008 ല്‍ അമീര്‍ഖാനെയും അസിനെയും പ്രധാന വേഷത്തില്‍ അഭിനയിപ്പിച്ച് ബോളിവുഡില്‍ വന്‍ ചലനം ഉണ്ടാക്കിയ ഗജിനിക്ക് പിന്നാലെ ഈ സിനിമ ചെയ്യാനായിരുന്നു മുരുകദോസ് ഇരുന്നത്. എന്നാല്‍ സിനിമ നടക്കാതെ പോകുകയായിരുന്നു.

തുടര്‍ന്ന് മുരുകദോസ് സ്‌ക്രിപ്റ്റില്‍ ചില തിരുത്തലുകള്‍ വരുത്തി തമിഴ്പശ്ചാത്തലത്തിന് അനുസൃതമായി വീണ്ടും ഒരുക്കുകയായിരുന്നു. സിനിമ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സിനിമയുടെ ഓഡിയോ റൈറ്റ്‌സ് റെക്കോഡ് വിലയ്ക്ക് പോയതായിട്ടാണ് അറിവ്. അനിരുദ്ധ് രവിചന്ദ്രനാണ് സിനിമയ്ക്ക് പാട്ടൊരുക്കുന്നത്. അദ്ദേഹം ഇതിനകം തന്നെ സിനിമയ്ക്കായി മികച്ച ഏതാനും ട്യൂണുകള്‍ ഇട്ടുകൊടുത്തിട്ടുണ്ടെന്നാണ് വിവരം. മുരുകദോസിന്റെ മുന്‍ സിനിമകളില്‍ എ ആര്‍ റഹ്മാനും ഹാരീസ് ജയരാജുമായിരുന്നു സംഗീതം നല്‍കിയിരുന്നത്. പാട്ടുകളും വന്‍ ഹിറ്റായി മാറിയിരുന്നു.