Oddly News

ചിലയിടങ്ങളിൽ വലുത്, ചിലയിടങ്ങളില്‍ ചെറുത്! സമൂസയുടെ വലിപ്പവും വിലയും ഏകീകരിക്കണമെന്ന് ബിജെപി എംപി

നടനും ഗായകനും ബിജെപി എംപിയുമായ രവി കിഷൻ, ജൂലൈ 31 ന് പാർലമെന്റിൽ നടന്ന ഒരു ചർച്ചയിൽ രസകരമായ ഒരു ആവശ്യം ഉന്നയിച്ചു. ഇന്ത്യൻ ലഘുഭക്ഷണമായ സമൂസയുടെ വലുപ്പം ഏകീകരിക്കാന്‍ മാനദണ്ഡമുണ്ടാക്കുന്നതിനുള്ള ഒരു നിയമം കൊണ്ടുവരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

ചില സ്ഥലങ്ങളിൽ സമൂസയുടെ വലുപ്പം വലുതാണ് എന്നാൽ മറ്റ് ചിലയിടങ്ങളിലാകട്ടെ വലിപ്പം കുറവാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തിനനുസരിച്ച് വിഭവത്തിന്റെ വിലയും വ്യത്യാസപ്പെട്ടിരിക്കുമെന്നും, അത് ഏകീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു .

ലോക്സഭയിൽ സീറോ അവറിൽ സംസാരിച്ച ഗൊരഖ്പൂർ എംപി, വിവിധ ഭക്ഷണശാലകളിൽ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. റോഡരികിലെ ഭക്ഷണശാലയിലെ സമൂസയും ഹോട്ടലിലെ സമൂസയും വിലയിലും വലിപ്പത്തിലും വ്യത്യസ്തമാണ്. അതുപോലെ, ഒരു സ്ഥലത്ത് 100 രൂപയ്ക്ക് ദാൽ തഡ്ക ലഭ്യമാണ്, മറ്റൊരിടത്ത് 120 രൂപയ്ക്ക്, ചില ഹോട്ടലുകളിൽ 1,000 രൂപ വരെ വിലയ്ക്ക് പോലും ലഭ്യമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി മേഖലകളിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നിട്ടുണ്ടെങ്കിലും, രാജ്യത്തെ ഭക്ഷ്യശാലകളിൽ ഭക്ഷണ വില നിശ്ചയിക്കുന്നതിനോ മാനദണ്ഡമാക്കുന്നതിനോ ഇപ്പോഴും ഒരു നിയന്ത്രണ സംവിധാനവും നിലവിലില്ലെന്ന് കിഷൻ പറഞ്ഞു.

റസ്റ്റോറന്റ് മെനുകളിൽ സുതാര്യത വേണമെന്നും വിവിധ ഭക്ഷണ സാധനങ്ങളിൽ ഉപയോഗിക്കുന്ന ചേരുവകളും അളവും വ്യക്തമാക്കണമെന്നും ബിജെപി എംപി ആവശ്യപ്പെട്ടു. മിക്ക മെനുകളിലും വിഭവത്തിന്റെ വലുപ്പം സൂചിപ്പിക്കാതെ ഒരു വിഭവത്തിന്റെ വില മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. “ഉപഭോക്താക്കൾക്ക് അവർ എന്താണ് കഴിക്കുന്നതെന്നും അതിന് എത്ര വില കൊടുക്കുന്നുണ്ടെന്നും അറിയാൻ അവകാശമുണ്ട്,” കിഷൻ പറഞ്ഞു.

രാജ്യത്ത് ഭക്ഷ്യ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കുന്നതിന് ഉത്തരവാദിത്തമുള്ള പരമോന്നത സ്ഥാപനമാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിൽ 2011 ഓഗസ്റ്റിൽ സ്ഥാപിതമായ FSSAI, 2006 ലെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡ നിയമത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്.