Lifestyle

എ.ഐ. വന്നു; 12,200 പേരെ പിരിച്ചുവിടാന്‍ ടി.സി.എസ്‌.

രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്‌ (ടി.സി.എസ്‌) അടുത്ത സാമ്പത്തികവര്‍ഷം 2% ജീവനക്കാരെ കുറയ്‌ക്കും. കമ്പനി പുതിയ നിക്ഷേപമേഖലകളിലേക്കു കടക്കുന്നതിന്റെയും നിര്‍മിതബുദ്ധി (എ.ഐ) സാങ്കേതികവിദ്യയ്‌ക്കു പ്രാമുഖ്യം നല്‍കുന്നതിന്റെയും ഭാഗമായി പരമാവധി ജീവനക്കാര്‍ക്കു പരിശീലനം നല്‍കി പുനര്‍വിന്യസിക്കും. എന്നാല്‍, 12,200 പേര്‍ക്കെങ്കിലും തൊഴില്‍ നഷ്‌ടപ്പെടുന്ന സാഹചര്യമുണ്ടാകും.

പുതിയ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതോടെ തൊഴില്‍സ്വഭാവം മാറുന്ന സാഹചര്യത്തില്‍, ഭാവി മുന്നില്‍ക്കണ്ടുള്ള മാറ്റങ്ങളാണ്‌ നടപ്പാക്കുന്നതെന്ന്‌ ടി.സി.എസ്‌. ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ കെ. കൃതിവാസന്‍ ഒരു അഭിമുഖത്തില്‍ വ്യക്‌തമാക്കി. താന്‍ സി.ഇ.ഒയായി ചുമതലയേറ്റശേഷം കൈക്കൊള്ളുന്ന ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണിത്‌.

എ.ഐയുടെ കടന്നുവരവോടെ കുറച്ച്‌ ജീവനക്കാര്‍ മതിയെന്ന നിലപാടില്ല. പുനര്‍വിന്യാസത്തിന്റെയും പ്രായോഗികതയുടെയും ഭാഗമായാണു മാറ്റങ്ങളെന്നും കൃതിവാസന്‍ പറഞ്ഞു. 30% ചെലവ്‌ കുറയ്‌ക്കുന്നതിന്റെ ഭാഗമായി ജീവനക്കാര്‍ക്കു വിമാനയാത്രാക്കൂലി നല്‍കുന്നത്‌ ഉള്‍പ്പെടെ വെട്ടിക്കുറയ്‌ക്കും. ടി.സി.എസിന്റെ നയംമാറ്റം പുതുതായി തെരഞ്ഞെടുക്കപ്പെട്ട 600 ഉദ്യോഗാര്‍ഥികളുടെ നിയമനത്തെയും ബാധിക്കുമെന്നാണു സൂചന. തുടക്കക്കാര്‍ക്കു പുറമേ, മറ്റ്‌ കമ്പനികളില്‍നിന്ന്‌ രാജിവച്ച്‌ ടി.സി.എസില്‍ അവസരം തേടിയവരും പ്രതിസന്ധിയിലായി.

എന്നാല്‍, നിലവിലുള്ള ഒഴിവുകളിലേക്ക്‌ നടത്തിയ നിയമനപ്രക്രിയയെ മാനിക്കുമെന്നാണു കമ്പനി വാഗ്‌ദാനം. ഓഫര്‍ ലെറ്റര്‍ ലഭിച്ചവരെയെല്ലാം ജോലിയില്‍ പ്രവേശിപ്പിക്കുമെങ്കിലും ബിസിനസ്‌ ഡിമാന്‍ഡ്‌ അനുസരിച്ചാകും നിയമനത്തീയതി നിശ്‌ചയിക്കുക. ഈ ഉദ്യോഗാര്‍ഥികളുമായുള്ള സമ്പര്‍ക്കം തുടരുമെന്നും അവര്‍ക്കെല്ലാം ഉടന്‍ ടി.സി.എസില്‍ ചേരാന്‍ കഴിയുമെന്നും കമ്പനി വക്‌താവ്‌ വ്യക്‌തമാക്കി.

ടി.സി.എസിലെ പുതിയ സംഭവവികാസങ്ങള്‍ രാജ്യത്തെ ഐ.ടി. തൊഴില്‍മേഖലയെ ആകെ ആശങ്കയിലാക്കി. ജീവനക്കാരെ വെട്ടിക്കുറയ്‌ക്കാനുള്ള നീക്കം വിശ്വാസവഞ്ചനയാണെന്നും പ്രശ്‌നത്തില്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട്‌ ‘നാസെന്റ്‌ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എംപ്ലോയീസ്‌ സെനറ്റ്‌’ കേന്ദ്ര തൊഴില്‍മന്ത്രി മന്‍സൂഖ്‌ മാണ്ഡവ്യയ്‌ക്കു കത്തയച്ചു.