Movie News

ഉസ്താദിലെ ആ കഥാപാത്രം മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത് : സിബി മലയില്‍

സുരേഷ് ഗോപി, ബിജു മേനോന്‍, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രമായിരുന്നു പ്രണയവര്‍ണ്ണങ്ങള്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മഞ്ജു വാര്യരുടെ പ്രകടനം എടുത്തു പറയേണ്ടതായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതികരിച്ചതിനെ കുറിച്ചും ഉപദേശിച്ചതിനെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. പ്രമുഖ മാധ്യമത്തില്‍ തന്റെ പഴയകാല സിനിമയെ കുറിച്ചുള്ള ഓര്‍മ്മകളിലാണ് മഞ്ജുവുമായുള്ള നിമിഷങ്ങളെ കുറിച്ചും അദ്ദേഹം പങ്കുവെച്ചത്.

കണ്ണാടിക്കൂടും കൂട്ടി…എന്ന ഗാനം ചിത്രീകരിയ്ക്കുന്നത് മദ്രാസിലായിരുന്നു. ആ ഘട്ടത്തില്‍ ഞാന്‍ അടുത്തതായി ചെയ്യാനിരുന്നത് ഒരു തമിഴ് സിനിമയാണ്. ആ തമിഴ് സിനിമയില്‍ പ്രധാനപ്പെട്ട ഒരു സ്ത്രീ കഥാപാത്രം ഉണ്ട്. അത് മഞ്ജു ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. ആ സിനിമയാണ് പിന്നീട് സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിനിമയായി മലയാളത്തില്‍ ചെയ്തത്. അത് തമിഴില്‍ ചെയ്യാനാണ് ഉദ്ദേശിച്ചത്. മലയാളത്തില്‍ സുരേഷ് ചെയ്ത വേഷം പ്രഭുവും മറ്റേത് ജയറാമും മഞ്ജുവും ആയിരുന്നു ചെയ്യേണ്ടിയിരുന്നത്.

കണ്ണാടി കൂടും കൂട്ടി ഗാനം ഫുള്‍ നൈറ്റ് ചെയ്തു കൊണ്ടിരിയ്ക്കുമ്പോള്‍ ഞാന്‍ മഞ്ജുവിനോട് ഇങ്ങനെ ഒരു തമിഴിലേക്ക് ഒരു സിനിമ ചെയ്യുന്നുണ്ട്. മഞ്ജു ഇങ്ങനെയൊരു ക്യാരക്ടര്‍ ചെയ്താല്‍ കൊള്ളാമെന്ന് പറഞ്ഞപ്പോള്‍ മഞ്ജു ഒരു കണ്‍ഫ്യൂഷന്‍ പറഞ്ഞു ദിലീപിന്റെ കൂടെയുള്ള റിലേഷന്‍ഷിപ്പിനെ കുറിച്ച് പറഞ്ഞു. അതുകൊണ്ട് മറ്റ് ഭാഷകളിലേക്ക് സിനിമ ചെയ്യാന്‍ താല്പര്യക്കുറവുണ്ട് എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ മഞ്ജുവിന്റെ അടുത്ത് അന്ന് രാത്രി മുഴുവന്‍ പറഞ്ഞൊരു കാര്യം മഞ്ജുവിന്റെ കരിയറിന്റെ ഏറ്റവും ഉയരങ്ങൡലേക്ക് പോകുന്ന ഒരു ഘട്ടമാണിത്. ആ ഒരു അവസരത്തില്‍, അടുത്ത കാലത്തൊന്നും മലയാളത്തില്‍ അങ്ങനൊരു അഭിനേത്രി എത്തിയിട്ടില്ല. അവര്‍ ഇങ്ങനെ ഉയരങ്ങളിലേക്ക് പോകുന്നൊരു ഘട്ടമാണ്. ഇതിനേക്കാള്‍ വലിയ അവസരങ്ങള്‍ പ്രത്യേകിച്ചും ദേശീയ തലത്തില്‍ ശ്രദ്ധിയ്ക്കപ്പെടുന്ന വേഷങ്ങളും സിനിമകളുമൊക്കെ മഞ്ജുവിനെ തേടി എത്താനിരിയ്ക്കുന്നതേയുളളൂ. അങ്ങനെയുള്ളപ്പോള്‍ ഈ ഒരു ഘട്ടത്തില്‍ അഭിനയരംഗത്ത് നിന്ന് പിന്മാറുന്ന പോലെയുള്ള തീരുമാനങ്ങളിലേക്ക് പോകുന്നത് മഞ്ജുവിന് മാത്രമല്ല ഇന്‍ഡസ്ട്രിയ്‌ക്കൊക്കെ ദോഷകരമാണ്. കാരണം എല്ലാവര്‍ക്കും കിട്ടുന്നൊരു ഭാഗ്യമല്ല. വിവാഹമൊക്കെ നിങ്ങളുടെ പേഴ്‌സണല്‍ കാര്യമാണ്. എങ്കിലും ഇന്‍ഡസ്ട്രിയില്‍ ഒരു മൂന്ന് വര്‍ഷം കൂടി തുടര്‍ന്നു നിന്നു കഴിഞ്ഞാല്‍ ഒരു പക്ഷേ ദേശീയ തലത്തില്‍ നിന്നൊക്കെ വലിയ പുരസ്‌കാരങ്ങള്‍ വരാനുള്ള സാധ്യതയൊക്കെ ഉണ്ടെന്നൊക്കെ ഞാന്‍ പറഞ്ഞു.

പക്ഷേ മഞ്ജു അപ്പോഴും പേഴ്‌സണല്‍ കാര്യങ്ങളൊക്കെ പറഞ്ഞ് അതില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചു. ഞാന്‍ അപ്പോള്‍ പറഞ്ഞു, മഞ്ജു ഇപ്പോള്‍ തീരുമാനം എടുക്കേണ്ട ആലോചിച്ച ശേഷം പിന്നീട് എന്നോട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. പിറ്റേ ദിവസം മഞ്ജു എന്നോട് ചെയ്യാം സാര്‍ എന്നു പറഞ്ഞു. എന്നാല്‍ പിന്നീട് തമിഴ് പ്രൊജക്ട് നടക്കാതെ വന്നു. എന്നാല്‍ മലയാളത്തില്‍ സമ്മര്‍ ഇന്‍ ബത്‌ലഹേം നടക്കുകയും ചെയ്തു. എന്നാല്‍ മഞ്ജു വളരെ പെട്ടെന്ന് തന്നെ അഭിനയ രംഗത്ത് നിന്ന് മാറി പോയി. ഉസ്താദിലേക്ക് മഞ്ജുവിനെ കാസ്റ്റ് ചെയ്തിരുന്നു. ഉസ്താദിന്റെ ക്ലൈമാസ്‌ക് ദുബായില്‍ ഷൂട്ട് ചെയ്യുന്ന സമയത്താണ് മഞ്ജുവിന്റെ വിവാഹം കഴിഞ്ഞെന്നുള്ള വാര്‍ത്ത ഞാന്‍ അറിയുന്നത്. വിവാഹശേഷം പിന്നീട് മഞ്ജു അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് വിളിച്ച് അറിയിച്ചു. അപ്പോഴാണ് മോഹന്‍ലാലിന്റെ സഹോദരിയായുള്ള കഥാപാത്രത്തിനായി ദിവ്യാ ഉണ്ണിയെ കാസ്റ്റ് ചെയ്യുന്നത്. അല്ലെങ്കില്‍ ആ കഥാപാത്രം മഞ്ജുവാണ് ചെയ്യേണ്ടിയിരുന്നതെന്ന് സിബി മലയില്‍ പറയുന്നു.