കുളിക്കുമ്പോള്‍ ഉപയോഗിക്കുന്ന തോര്‍ത്ത് ദിവസവും അലക്കി വൃത്തിയാക്കേണ്ടതുണ്ടോ? എത്ര ദിവസം കൂടുമ്പോഴാണ് അലക്കേണ്ടത്? പലരും ശ്രദ്ധിക്കാത്ത കാര്യമാണിത്. തോര്‍ത്ത് ദിവസവും അലക്കുന്നവരും ആഴ്ചയിലൊരിക്കല്‍ അലക്കുന്നവരും വര്‍ഷത്തിലൊരിക്കല്‍ വൃത്തിയാക്കുന്നവരുമുണ്ട്. എന്നാല്‍ വ്യക്തിശുചിത്വം ഉറപ്പാക്കാന്‍ എല്ലാ ദിവസവും തോര്‍ത്ത് വൃത്തിയാക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ദര്‍ പറയുന്നത്. രണ്ട് പ്രാവശ്യം ഉപയോഗിച്ചു കഴിഞ്ഞാല്‍ പിന്നീട് കഴുകി മാത്രമേ തോര്‍ത്ത് ഉപയോഗിക്കാവൂ.
വൃത്തിയാക്കാത്ത തോര്‍ത്തുകൊണ്ട് കുളിച്ചശേഷം ശരീരം തുടച്ചാല്‍ ചര്‍മത്തിലേക്ക് അഴുക്കും പൊടിയും വീണ്ടും കയറുകയേയുള്ളൂവെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു. തോര്‍ത്ത് കൊണ്ട് ശരീരം തുടയ്ക്കുമ്പോള്‍ ചര്‍മത്തില്‍ ആയിരക്കണക്കിന് സൂക്ഷ്മ കോശങ്ങളെയും പതിനായിരക്കണക്കിന് ബാക്ടീയരിയകളെയുമാണ് നിക്ഷേപിക്കുന്നത്.
ഹോസ്റ്റലില്‍ താമസിക്കുന്നവരില്‍ നടത്തിയ പഠനത്തില്‍ കുളിച്ച് തുവര്‍ത്താന്‍ ഉപയോഗിക്കുന്ന ടവലില്‍ ഇ–കോളി, സ്റ്റാഫൈലോകോകസ് ഓറെസ്, ക്ലിബ്സിയെല്ല എന്നീ ബാക്ടീരിയകളെ കണ്ടെത്തി . തോര്‍ത്തില്‍ ഇത്തരം ബാക്ടീരിയകള്‍ കടന്നു കൂടിയാല്‍ പനി, ആസ്ത്മ, ചര്‍മത്തില്‍ ചൊറിച്ചില്‍, മറ്റ് ചര്‍മ്മരോഗങ്ങള്‍ എന്നിവ ഉണ്ടാകാം.
എല്ലാ തുണികളുമെടുത്ത് ശരീരം തുടക്കരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. നല്ല കോട്ടനോ,ബെഡ് ലിനന്‍ സമാനമായ കട്ടിയുള്ളതോ ആയ തുണികളാണ് ഉപയോഗിക്കേണ്ടത്. കൃത്യമായി വൃത്തിയാക്കാതെ തോര്‍ത്ത് ഉപയോഗിച്ചാല്‍ അതില്‍ വിയര്‍പ്പ്, ചര്‍മകോശങ്ങള്‍, ശരീരസ്രവങ്ങള്‍ എന്നിവ തങ്ങി നില്‍ക്കുമെന്നും ഇത് ബാക്ടീരിയകള്‍ക്കും ഫംഗസുകള്‍ക്കും വളരാന്‍ ഇടം നല്‍കുമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നു. തോര്‍ത്ത് മുഷിഞ്ഞാല്‍ അതിവേഗം ദുര്‍ഗന്ധം വമിക്കും. തോര്‍ത്തിലുള്ള ഫംഗസുകളും ബാക്ടീരിയകളുമാണ് ഇത്തരം ദുര്‍ഗന്ധത്തിന്റെ ഉറവിടം.




